ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍
കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാലാവസ്ഥക്കും സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഈ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതയാണ് വേണ്ടത്.
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെചുവട്ടില് നില്‍ക്കരുത്; വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകളും വെട്ടിയൊതുക്കണം. പൊതുഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. കാറ്റ്വീശിതുടങ്ങുമ്പോള് വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം; സമീപത്തോ വീടിന്റെ ടെറസിലോ നില്‍ക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്താമസിക്കുന്നവര് അധികൃതരെ 1077 നമ്പറില്‍ മുന്‍കൂട്ടി അറിയിക്കണം. മുന്നറിയിപ്പ് വരുന്നഘട്ടങ്ങളില്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണം. ആവശ്യമായവരെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുള്ള അപകടം ശ്രദ്ധയില്‍പെട്ടാല്‍ 1912 നമ്പരിലോ 1077 നമ്പരിലോ അറിയിക്കാം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലും വിവരം നല്‍കാം.
പത്രം-പാല് വിതരണക്കാര്‍ തുടങ്ങി അതിരാവിലെ ജോലിക്ക്ഇറങ്ങുന്നവര് വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണമെന്നും വ്യക്തമാക്കി.
ന്യൂനപക്ഷ കമ്മീഷന് സിറ്റിങ്ങ് മെയ് 16ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മെയ് 16 രാവിലെ 11ന് കലലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ജില്ലയില്‍നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0471 2315133, 2317122.
കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്ട്രോള് റൂം ആരംഭിക്കും
നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ വിവരം 0476-2680036, 9496007036 നമ്പരുകളില്‍ അറിയിക്കാം.
സുരക്ഷാബോട്ടുകള്‍, ലൈഫ് ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം സജ്ജമാക്കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നും ആവശ്യമായ ജീവന് സുരക്ഷാഉപകരണങ്ങള്‍ യാനങ്ങളില്‍ സൂക്ഷിച്ചിരിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്പോട്ട് അഡ്മിഷന്
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9072592412, 9072592416.
യോഗം മെയ് 16ന്
ജില്ലയിലെ വിവിധ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാര്‍സി വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം മേയ് 16ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് എ.എ.റഷീദ്, മെമ്പര്‍മാരായ എ.സൈഫുദ്ദീന്. പി.റോസ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ന്യൂനപക്ഷ സംഘടനാനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയിലുള്ള ആണ്ക്കുട്ടികള്ക്കായുള്ള ചാത്തന്നൂര്‍ പ്രിമെട്രിക് ഹോസ്റ്റലിലെ നിലവിലുളള ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മറ്റ് സമുദായങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് മുന്‍വര്‍ഷത്തെ മാര്‍ക്ക് /ഗ്രേഡ് രേഖപ്പെടുത്തിയ സ്കൂള്‍മേധാവിയുടെ സാക്ഷ്യപത്രം സഹിതം മെയ് 31ന് വൈകിട്ട് അഞ്ചിനകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, പോക്കറ്റ്മണി ട്യൂഷന്-ലൈബ്രറി സൗകര്യം എന്നിവ സൗജന്യം. ഫോണ്‍ : 9446525521, 9048112892.