ഹാന്‍ഡ്ലൂം ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ www.admission. kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 30. മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ താല്പര്യമുള്ളവര് ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2835390, 8281574390
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് ഷോര്‍ണൂരില്‍ 70 ഡ്രോയിങ് ബോര്‍ഡുകള്‍ വാങ്ങുന്നതിന് സന്നദ്ധരായ വില്‍പ്പനക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27ന് ഉച്ചയ്ക്ക് രണ്ട്. നേരിട്ടോ തപാലിലൂടെയോ ക്വട്ടേഷനുകള്‍ മുദ്രവച്ച കവറില്‍ നല്‍കണം. ക്വട്ടേഷന്‍ വ്യവസ്ഥകളും ആവശ്യകതയും സംബന്ധിച്ച വിശദ വിവരങ്ങള്‍ http://www.iptgptc.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450.
ഗസറ്റ് ലക്ചറര്‍ നിയമനം
പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന് (ബി.ബി.എ), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ മേഖലാ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മെയ് 27നകം നേരിട്ടോ തപാല്‍ മുഖേനയോ കോളെജ് പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കണം. ഫോണ്‍: 0491 2873999.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കായി പ്രതിമാസ സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന ഒരു വര്‍ഷ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 വയസ്സില്‍ താഴെ പ്രായമുള്ള, മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് എത്തണമെന്ന് ഹെഡ് ഓഫ് ദി സെന്റര്‍ അറിയിച്ചു. ഫോണ്‍: 0491-2504599, 8590605273.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലിലെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി 2024-25 അധ്യയന വര്‍ഷത്തേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ ഒരു പുരുഷ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ 2025 മാര്‍ച്ച് വരെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. പ്രവൃത്തി സമയം വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെ. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിന്് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഡിഗ്രിയും, ബി.എഡും ആണ് യോഗ്യത. അപേക്ഷകര്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547630127.
ട്യൂട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ 2024-25 അധ്യന വര്‍ഷത്തേക്ക് ട്യൂട്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. യു.പി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് ഓരോ ട്യൂട്ടര്‍മാരെയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂട്ടര്‍മാരെയും തെരഞ്ഞെടുക്കും. യു.പി വിഭാഗത്തില്‍ ടി.ടി.സിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. യു.പി വിഭാഗത്തില്‍ 4500 രൂപയും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 6000 രൂപയും ഓണറേറിയം ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിന് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630127.
ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് തച്ചനാട്ടുകര ശ്രീ ഇളംകുന്ന് ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ മെയ് 31ന് വൈകിട്ട് അഞ്ചിന് മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പെരിന്തല്‍മണ്ണ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777
മണക്കടവ് വിയറില്‍ 5163.73 ദശലക്ഷം ഘനയടി ജലം ലഭിച്ചു
മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ 2024 മെയ് 15 വരെ 5163.73 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2086.27 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത, പരമാവധി ജലസംഭരണശേഷി എന്നിവ ദശലക്ഷം ഘനയടിയില്‍: ലോവര്‍ നീരാര്‍-105.10(274), തമിഴ്നാട് ഷോളയാര്‍-413.87 (5392), കേരള ഷോളയാര്‍-937.20(5420), പറമ്പിക്കുളം-5841.26(17,820), തൂണക്കടവ്-425.32(557), പെരുവാരിപ്പള്ളം-451.08(620), തിരുമൂര്‍ത്തി-586.77(1935), ആളിയാര്‍-899.69(3864).
അഡ്മിഷന് ആരംഭിച്ചു
ഐ.എച്ച്.ആര്.ഡിയുടെ കീഴിലുള്ള അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് 2024-25 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04923 241766, 8547005029, 9995323718 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മരം ലേലം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വടക്കഞ്ചേരി ആയക്കാട് ഗവ പ്രീമെട്രിക് ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ നില്ക്കുന്ന ഏഴ് തേക്ക് മരങ്ങളും ഒരു വേപ്പ് മരവും മെയ് 31ന് ഉച്ചയ്ക്ക് രണ്ടിന് വടക്കഞ്ചേരി ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ലേലവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വടക്കഞ്ചേരി ഗവ പ്രീമെട്രിക് ഹോസ്റ്റല്‍ വാര്ഡന്, ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവയുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 222133.
ഭാഗികമായി ഗതാഗതം നിരോധിച്ചു
പാലക്കാട് – പൊന്നാനി റോഡിന്റെ കല്ലേക്കാട് ബ്ലോക്കിന് മുന്‍ഭാഗത്ത് കള്‍വര്‍ട്ട് അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട പ്രവൃത്തി ഇന്ന് (മെയ് 18) ആരംഭിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് കേരള പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദ് ചെയ്തു
ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍: 245/2020) തസ്തികയിലെ നിയമനത്തിനായി 222/2023/ഡി.ഒ.പി നമ്പറായി 2023 ഏപ്രില്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ സ്വാഭാവിക കാലാവധിയായ ഒരു വര്‍ഷം 2024 ഏപ്രില്‍ രണ്ടിന് അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ 2024 ഏപ്രില്‍ മൂന്നിന് പൂര്‍വാഹ്നം മുതല്‍ പട്ടിക റദ്ദാക്കിയിരിക്കുന്നുവെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
മഴ: ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്ന് (മെയ് 18) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മെയ് 17, 20, 21 തിയ്യതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികളാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ല്‍ വിശദീകരിക്കുന്നുണ്ട്. അത്് https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍ പേജുകളും പരിശോധിക്കുക.
ക്വാറികള്‍ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണം
കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന സമയങ്ങളില്‍ ജില്ലയിലെ ക്വാറികളിലെ ഖനനം, മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. ഫോണ്‍: 0491 2527196.
പ്രിന്‍സിപ്പാള്‍ നിയമനം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളെജില്‍ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യു.ജി.സി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മെയ് 28ന് വൈകിട്ട് അഞ്ചിനു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജി കണ്ണൂര്‍, കിഴുന്ന(പി.ഒ), തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ നല്‍കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2835390, 0497 2965390.