Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (23/05/2024)

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം

2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും. പാലക്കാട് 10 , ആലത്തൂര്‍ അഞ്ച് വീതം സ്ഥാനാര്‍ത്ഥികളാണ് ഉളളത്.

ജൂണ്‍ നാലിന് രാവിലെ 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെയൊ സ്ഥാനാര്‍ത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിംഗ് നീക്കി വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും.

പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണ് ഉളളത്. ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിക്കും.ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിംഗ് ഹാളുകളുകളിലായി 91 മേശകള്‍ സജ്ജീകരിക്കും.

ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും ആദ്യത്തെ മേശ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി വേര്‍തിരിച്ച് സജ്ജീകരിച്ചിരിക്കും. അവയ്ക്കകത്തായിരിക്കും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. ഓരോ നിയമസഭാ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലുളള സ്ലിപ്പുകള്‍ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തില്‍ എണ്ണും.

പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുളള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുകയുള്ളു.ഓരോ ടേബിളിനുമായി കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് എന്നിവര്‍ക്കു പുറമെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ടാകും. ഓരോ ഹാളിനുമായി അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചുമതലയിലുണ്ടാകും. വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണ്ണമായും വീഡിയോ ചിത്രീകരണം നടത്തും.വോട്ടെണ്ണല്‍ ഫലം തത്സമയമറിയാല്‍ അതോറിറ്റി ലെറ്റര്‍ ഉളള മാധ്യമപ്രവര്‍ത്തകര്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പി.ആര്‍.ഡിയുടെ മേല്‍നോട്ടത്തില്‍ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.

 

ഗവ വിക്ടോറിയ കോളേജിന് ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ അവധി

വോട്ടെണ്ണല്‍ കേന്ദ്രമായി ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഗവ വിക്ടോറിയ കോളെജിന് വോട്ടെണ്ണലിന്റെ തലേദിവസമായ ജൂണ്‍ മൂന്ന്,വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാല്, തുടര്‍ന്ന് സ്ട്രോങ്ങ് റൂമുകളുടെയും, കൗണ്ടിംഗ് ഹാളുകളുടെയും ശുചീകരണത്തിനും പൂര്‍വ്വ സ്ഥിതി നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ജൂണ്‍ ഏഴ് വരെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഏപ്രില്‍ 26ലെ വോട്ടെടുപ്പിന് ശേഷം പാലക്കാട് , ആലത്തൂര്‍ ലോകസഭാ മണ്ഡലങ്ങളുടെ വോട്ടിംഗ് യന്ത്രങ്ങള്‍ വിക്ടോറിയ കോളെജിലെ പുതിയ അക്കാദമിക് കെട്ടിടത്തിലെ സ്ട്രോങ്ങ് റൂമുകളിലും, പഴയ അക്കാദമിക് ബ്ലോക്കുകളിലെ സ്ട്രോങ്ങ് റൂമുകളിലുമായി ത്രിതല സുരക്ഷാ സംവിധാനത്തിലാണ് സൂക്ഷിച്ചു വരുന്നത്. ജൂണ്‍ നാലിന് പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ വിക്ടോറിയ കോളെജിലെ പുതിയ ലൈബ്രറി കോംപ്ലക്സിലെ താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലും സജ്ജീകരിച്ചിട്ടുണ്ട്.ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പഴയ അക്കാദമിക് ബ്ലോക്കിലാണ് നടക്കുക.

 

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ആരോഗ്യവകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് കക (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മാത്രം) (കാറ്റഗറി നമ്പര്‍: 103/2023) തസ്തികയിലെ നിയമനത്തിനായി 2024 മാര്‍ച്ച് 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക ഉദ്യോഗാര്‍ത്ഥി നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക 2024 മെയ് 2 മുതല്‍ പ്രാബല്യത്തിലില്ലാതായിരിക്കുന്നുവെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ക്ക് ശുചിത്വമാലിന്യ സംസ്‌കരണത്തില്‍ റേറ്റിങ്ങിന് അപേക്ഷിക്കാം

അതിഥികള്‍ക്കായി താമസസൗകര്യമൊരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും സംയുക്തമായി റേറ്റിങ് നടത്തുന്നു. ശുചിത്വമിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്.

ഇത്തരം അതിഥി മന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്. റേറ്റിങിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വനിലവാരത്തിലെ വിശ്വാസ്യതയും അതിലൂടെ ബിസിനസ്സ് സാധ്യതകളും വര്‍ധിപ്പിക്കുന്നതിന് സഹായകമാവും. റേറ്റിങ് പ്രക്രിയ എളുപ്പമുള്ളതാക്കുന്നതിന് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്.

 

വനിതകമ്മീഷന്‍ അദാലത്ത് ഇന്ന്

സംസ്ഥാനവനിതാ കമ്മിഷന്‍ അദാലത്ത് ഇന്ന് (മേയ് 24ന്) രാവിലെ 10 മുതല്‍ പാലക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കും.

 

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള നടുവത്തപ്പാറയിലുള്ള ആണ്‍കുട്ടികളുടെ കുഴല്‍മന്ദം ഗവ മോഡല്‍ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് (ബയോ മാത്്സ്), കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് എസ്.എസ്.എല്‍.സി വിജയിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മെയ് 29 വരെയാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകരുടെ മാതാപിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ അധികരിക്കരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ നല്‍കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങളോടൊപ്പം സൗജന്യ താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും സ്‌കൂളില്‍ ലഭിക്കുമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447675899.

 

പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

മംഗലം ഗവ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച ഇന്ത്യയിലും, ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ഷിപ്പിംഗ്് വെയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്മെന്റ് എന്ന കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. താല്‍പര്യമുള്ളവര്‍ നേരിട്ട് അഡ്മിഷന്‍ എടുക്കണമെന്ന് ട്രെയിനിങ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922258545, 9447653702.

 

മണക്കടവ് വിയറില്‍ 5225.81 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ 2024 മെയ് 23 വരെ 5225.81 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2024.19 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത, പരമാവധി ജലസംഭരണശേഷി എന്നിവ ദശലക്ഷം ഘനയടിയില്‍: ലോവര്‍ നീരാര്‍-106.79(274), തമിഴ്നാട് ഷോളയാര്‍-546.64 (5392), കേരള ഷോളയാര്‍-800.60(5420), പറമ്പിക്കുളം-5944.44(17,820), തൂണക്കടവ്-434.82(557), പെരുവാരിപ്പള്ളം-462.70(620), തിരുമൂര്‍ത്തി-760.30(1935), ആളിയാര്‍-1121.25(3864).

error: Content is protected !!