Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (26/05/2024)

ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവ കോളെജ് 2024-25 അധ്യന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന് വൈകിട്ട് അഞ്ചിനകം gcmalappuram.ac.in-ലുളള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ലായെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061734918, 0483-2734918.

 

അധ്യാപക ഒഴിവുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കുഴല്‍മന്ദം മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീറിങ്ങിലും കമ്പ്യൂട്ടര്‍ എന്‍ജിനീറിങ്ങിലും അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍.ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് / ബി.ഇ ആണ് കുറഞ്ഞ യോഗ്യത. താല്‍പര്യമുള്ളവര്‍ സിവില്‍ എഞ്ചിനീറിങ്ങിന് മെയ് 29 നും കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങിന് മെയ് 30 നും രാവിലെ 9 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തു പരീക്ഷ / കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 272900, 8547005086.

 

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്ക് ചെറുകോട്, ശ്രീ മഹാദേവപന്തല്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി (തികച്ചും സന്നദ്ധ സേവനം) നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in-ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0491-2505777.

 

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പാലക്കാട് കോട്ടായിലുളള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് 2024-25 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ഹോണര്‍സ് ഡിഗ്രി പ്രോഗ്രാമുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏകജാലക സി.എ.പി രജിസ്‌ട്രേഷന്‍ വഴി 50ശതമാനം യൂണിവേഴ്‌സിറ്റി സീറ്റുകളിലേക്കുള്ള അപേക്ഷ admission.uoc.ac.in-ലും 50 ശതമാനം ഐ.എച്ച്.ആര്‍.ഡി മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷ ihrdadmissions.org-ലും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005061, 04922285577.

 

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അട്ടപ്പാടി മുക്കാലിയിലുളള അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം ഏഴാം ക്ലാസിലെ രണ്ട് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികളുടെ സീറ്റ് ഒഴിവിലേക്കുളള പ്രവേശനത്തിനായി മെയ് 29ന് രാവിലെ 11ന് സ്‌കൂളില്‍ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയ പെണ്‍കുട്ടികള്‍ക്ക് നേരിട്ടെത്തി പരീക്ഷ എഴുതാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, കുട്ടി 2023-24 അധ്യയന വര്‍ഷം ആറാം ക്ലാസിലാണ് പഠിച്ചിരുന്നതെന്ന് കാണിക്കുന്ന സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347.

 

ഇന്‍ലാന്‍ഡ് വാട്ടര്‍ പെട്രോളിങ്

മത്സ്യങ്ങളുടെ പ്രജനനകാലത്ത് നിയമം ലംഘിച്ചുള്ള മീന്‍പിടുത്തത്തിന് (ഊത്ത പിടുത്തം) എതിരെ കര്‍ശന നടപടി ഉണ്ടാകും. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിന് തടസ്സം വരുത്തി കുടു അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ മീന്‍ പിടിക്കുന്നത് കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും ആറുമാസം തടവും ലഭിച്ചേക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു.

 

ഖാദി ഉത്പന്നങ്ങളുടെ വില്പനയ്ക്ക് റിബേറ്റ് അനുവദിച്ചു

സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ജൂണ്‍ ഒന്ന് വരെ കേരളാ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20ശതമാനം മുതല്‍ 30ശതമാനം വരെ ഗവ.റിബേറ്റ് അനുവദിച്ചിരിക്കുന്നു . ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ട മൈതാനം, ടൗണ്‍ ബസ്സ്റ്റാന്റ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറുമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ്, എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റു ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഗവ.ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

error: Content is protected !!