ഗവ.മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ തസ്തികയിലേക്ക് അഞ്ച് വരെ അപേക്ഷിക്കാം
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ.മെഡിക്കല്‍ കോളേജ്) ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ കരാര്‍ അടിസ്ഥാനത്തിലോ നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട യോഗ്യത, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫോറത്തിന്റെ നിശ്ചിത മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.gmcpalakkad.in ല്‍ കിട്ടും. അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0491-2951010.
ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
അയലൂര്‍ ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലേയ്ക്ക് ബി.എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണ്‌ഴ്‌സ്) പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ജൂണ്‍ ഒന്നുവരെ രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം സീറ്റില്‍ സര്‍വകലാശാലയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. കോളേജ് സീറ്റില്‍ അഡ്മിഷന്‍ ലഭിയ്ക്കുന്നതിനായി യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് കോളേജിലെത്തിയോ https//admissionsouc.ac.in, www.ihrdadmission.org എന്നീ വെബ്സൈറ്റുകള്‍ വഴിയോ അപേക്ഷിക്കാം. ഫോണ്‍: 8547005029, 9495069307.
ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ihrdadmissions.org – വഴി ഓണ്‍ലൈന്‍ ആയോ കോളേജ് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം. യൂണിവേഴ്സിറ്റി ക്വാട്ടയായ 50 ശതമാനം സീറ്റിലേക്ക് യുണിവേഴ്‌സിറ്റിയുടെ ഏകജാലകം വഴിയും അപേക്ഷിക്കാം. വിവരങ്ങള്‍ www.ihrd.ac.in, www.casvdy.org ലും 04922-255061 എന്ന നമ്പറിലും ലഭ്യമാണ്.
അതിഥി അധ്യാപകരെ ആവശ്യമുണ്ട്
പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ സഹിതം മെയ് 30ന് രാവിലെ 11ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മദര്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ”മഴവില്ല് – കേരളത്തിന് ഒരു ശാസ്ത്രപഠനം” പദ്ധതിയുമായി ബന്ധപ്പെട്ട് 2024-25 അധ്യയന വര്‍ഷത്തേക്ക് മദര്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അട്ടപ്പാടി മേഖലയിലെ ബി.ടെക് ഉള്‍പ്പടെയുള്ള സയന്‍സ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് ഉച്ചയ്ക്ക് 12ന് മുക്കാലിയിലെ അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04924-253347.
അപകടസാധ്യതയുള്ള മരങ്ങള്‍ വെട്ടണം
മഴക്കാലം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജീവനും സ്വത്തിനും ഭീഷണിയായി അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ മുറിച്ചുമാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകടസാദ്ധ്യത അടിയന്തിരമായി ഒഴിവാക്കേണ്ടതാണെന്ന് കോട്ടായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അല്ലാതെയുണ്ടാകുന്ന സകലനാശനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം അനുസരിച്ച് ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി; ആക്ഷേപം അറിയിക്കാന്‍ 30 ദിവസം
പട്ടാമ്പി താലൂക്കില്‍ പട്ടാമ്പി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി. സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും പട്ടാമ്പി ഗവ ആശുപത്രിക്ക് എതിര്‍വശത്തെ ശ്രീശ്രീ ബില്‍ഡിങ്ങിലെ രണ്ടാംനിലയിലുള്ള ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ക്ക് https//enteboomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായോ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം വഴിയോ പരിശോധിക്കാം. സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളപക്ഷം പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പാലക്കാട് റീസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഉടമസ്ഥരുടെ പേരുവിവരം, അളവുകള്‍, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വേ അതിരടയാളം നിയമ വകുപ്പ് (13) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കൈയേറ്റങ്ങള്‍ ഒഴിവാക്കണം
കോഴിക്കോട് – പാലക്കാട് ദേശീയപാത 966ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ റോഡിനിരുവശവും കൈയേറി വഴിയോരക്കച്ചവടം നടത്തുകയും പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുള്ളവര്‍ ഏഴ് ദിവസത്തിനകം കൈയേറ്റങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ ഒഴിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍മൂലം സര്‍ക്കാരിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളുടെ ചെലവും കൈയേറ്റം നടത്തിയ വ്യക്തികളില്‍നിന്ന് ഈടാക്കും. വാഹനഗതാഗതത്തിനും ദൂരക്കാഴ്ചയ്ക്കും തടസ്സമായ ഇത്തരം കൈയേറ്റങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കൈയേറ്റം നടത്തിയവര്‍ ഉത്തരവാദികളായിരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ ജോലി ഒഴിവ്
കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി. / ഡി.എഫ്.സി, സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സില്‍ ട്രെയ്നര്‍ തസ്തികകളില്‍ ഒഴിവുണ്ട്. എം.കോം, ബി.എഡ്, സെറ്റ് ആണ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയുടെ യോഗ്യത. ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍ ട്രെയ്നര്‍ക്ക് ബി.ടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് / എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്, ഡ്രോണ്‍ സര്‍വീസ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം എന്നിവ വേണം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ സന്നദ്ധസേവനാടിസ്ഥാനത്തില്‍ ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അലനല്ലൂര്‍ ശ്രീ പോറ്റൂര്‍ കൊണമല ക്ഷേത്രം, കര്‍ക്കിടാംകുന്ന് ശ്രീ തിരുവാലപ്പറ്റ ക്ഷേത്രം എന്നിവിടങ്ങളില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 29ന് വൈകിട്ട് അഞ്ചിന് മുമ്പായും ഒറ്റപ്പാലം ചെറുകോട് ശ്രീ മഹാദേവപന്തല്‍ ക്ഷേത്രത്തില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പായും പാലക്കാട് അസി. കമ്മീഷണര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോം പാലക്കാട് അസി. കമ്മീഷണറുടെ ഓഫീസില്‍നിന്നും ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റായ www.malabardevaswom.kerala.gov.in ല്‍നിന്നും ലഭിക്കും. ഫോണ്‍ 0491 2505777.
പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
മംഗലം ഗവ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച ഇന്ത്യയിലും ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌കെയര്‍ മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 9447653702.
ടെണ്ടര്‍ ക്ഷണിച്ചു
പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് അഞ്ച് കെ.വി.എ ഓണ്‍ലൈന്‍ യു.പി.എസ്, 10 ട്യൂബുലാര്‍ ബാറ്ററികള്‍ എന്നിവ ബൈ ബാക്ക് സ്‌കീം പ്രകാരം വാങ്ങുന്നതിന് സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം ചെയ്യും
മലമ്പുഴ ഐ.ടി.ഐയില്‍ 2020 വര്‍ഷത്തില്‍ പ്രവേശനം നേടി തൃപ്തികരമായി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ (ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം) സെക്യൂരിറ്റി ഡെപ്പോസിറ്റും ക്വാഷന്‍ മണി ഡെപ്പോസിറ്റും വിതരണത്തിന് തയ്യാറായതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ട്രെയിനികള്‍ അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പില്‍ പേര്, ട്രേഡ്, അഡ്മിഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ജൂണ്‍ 10ന് മുന്‍പ് [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അയല്‍ക്കൂട്ട-ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2024 ഇന്ന് (മെയ് 28)
കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല അരങ്ങ് – 2024 അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗോത്സവം മെയ് 28 ന് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിൽ നടക്കും. ആറ് ബ്ലോക്ക് ക്ലസ്റ്റര്‍ മത്സരങ്ങളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളാണ് അരങ്ങില്‍ മാറ്റുരക്കുന്നത്. സ്റ്റേജിതര ഇനങ്ങളും കലാമത്സരങ്ങളും ഉള്‍പ്പെടെ 76 ഇനങ്ങളില്‍ 500-ഓളം വനിതകള്‍ പങ്കെടുക്കും. സര്‍ഗോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിക്കും. സംഗീതജ്ഞൻ മണ്ണൂര്‍ രാജകുമാരനുണ്ണി മുഖ്യാതിഥിയാവും.
ധനസഹായത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2024-25 അധ്യയന വർഷത്തിൽ എൽ.കെ.ജി / ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 500 രൂപ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച സ്കൂളിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് / സാക്ഷ്യപത്രം, അംഗത്തിൻ്റെ ക്ഷേമനിധി പാസ് ബുക്ക്, ക്ഷേമനിധി ഐ.ഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10ന് മുമ്പ് ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505358.
റെസിഡൻറ് ട്യൂട്ടർ നിയമനം
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കോങ്ങാട് ഗവ പ്രീമെട്രിക് ഹോസ്റ്റലി (ആൺകുട്ടികൾ) ലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതല വഹിക്കുന്നതിനായി മേട്രൻ കം റെസിഡൻ്റ് ട്യൂട്ടറെ താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബിരുദവും ബി.എഡും യോഗ്യത ഉള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും ആയതിന്റെ കോപ്പികളും സഹിതം മെയ് 31ന് രാവിലെ 10.30ന് കല്ലേക്കാടുള്ള പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടികാഴ്ചക്ക് നേരിട്ട് ഹാജരാകണം. ഫോൺ: 8547630126.