Input your search keywords and press Enter.

കോവിഡ് അതിതീവ്രവ്യാപനം: മൂന്നാഴ്ച്ച ഏറെ നിർണായകമെന്ന് മന്ത്രി വീണാ ജോർജ്

 

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തിൽ വ്യാപനം 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെൽറ്റയെക്കാൾ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഒന്നും രണ്ടും തരംഗങ്ങൾ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കണം. ഒന്നും രണ്ടും തരംഗത്തിൽ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാൻ പാടില്ല. വളരെ വേഗം പടർന്ന് പിടിക്കുന്നതിനാൽ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികൾ കൂടാൻ സാധ്യതയുണ്ട്.

 

ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണിനെയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയണം. ഒമിക്രോൺ ബാധിച്ചവരിൽ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല. കോവിഡ് വ്യാപനം തടയുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി വഷളാകും. ഇപ്പോഴത്തെ സ്ഥിതി വഷളാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തിപരമായും സാമൂഹികവുമായുമുള്ള ഉത്തരവാദിത്വം എല്ലാവരും പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ആണ് വേണ്ടത്.

 

പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 18 വയസിന് മുകളിലുള്ള 99.8 ശതമാനത്തോളം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനത്തോളം പേർക്ക് രണ്ടാം ഡോസും നൽകാനായി. ഇതുകൂടാതെ കുട്ടികളുടെ വാക്‌സിനേഷൻ 57 ശതമാനമായി (8,67,199). കരുതൽ ഡോസ് വാക്‌സിനേഷനും പുരോഗമിക്കുന്നു.
സ്ഥാപനങ്ങൾ ക്ലസ്റ്ററുകൾ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരും വളരെയേറെ ശ്രദ്ധിക്കണം. 1508 ആരോഗ്യ പ്രവർത്തകർക്കാണ് അടുത്തിടെ കോവിഡ് ബാധിച്ചത്. മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകൾ ഈ കാലത്ത് പാടില്ല. എല്ലാവരും കരുതൽ ഡോസ് വാക്‌സിൻ എടുക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറയ്ക്കണം. രോഗികൾക്കൊപ്പം കൂടുതൽ പേർ ആശുപത്രിയിൽ വരരുത്. ഇ സഞ്ജീവനി സേവനങ്ങൾ പരമാവധി ഉപയോഗിക്കണം.

 

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. സർക്കാർ മേഖലയിൽ 3,107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളും സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ കോവിഡും നോൺ കോവിഡുമായി 44 ശതമാനം പേർ ഐസിയുവിലും 11.8 ശതമാനം പേർ വെന്റിലേറ്ററിലും ഉണ്ട്. ആകെ 8353 ഓക്‌സിജൻ കിടക്കകളും സജ്ജമാണ്. അതിൽ 11 ശതമാനത്തിൽ മാത്രമേ രോഗികളുള്ളു.

 

മൂന്നാം തരംഗമുണ്ടായാൽ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മുമ്പ് നാല് ഓക്‌സിജൻ ജനറേറ്ററുകൾ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 42 ഓക്‌സിജൻ ജനറേറ്ററുകൾ അധികമായി സ്ഥാപിച്ചു. 14 എയർ സെപ്പറേഷൻ യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്.

 

സംസ്ഥാനത്ത് മരുന്നുകൾക്ക് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളായ റെംഡെസിവർ, ടോസിലിസാമാബ് എന്നിവയും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോറ്റെറിസിനും നിലവിൽ അവശ്യാനുസരണമുണ്ട്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മോണോകോണൽ ആന്റിബോഡിയും കെ.എം.എസ്.സി.എൽ. മുഖേന സംഭരിച്ചിട്ടുണ്ട്. പിപിഇ കിറ്റ്, മാസ്‌കുകൾ, ഗ്ലൗസ് തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകൾ കൂടാതെ മറ്റ് ആവശ്യമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യതയും വിലയിരുത്തിയിട്ടുണ്ട്. പേവിഷ പ്രതിരോധ വാക്‌സിൻ ഉൾപ്പെടെയുള്ള മരുന്നുകൾക്കും ക്ഷാമമില്ല.

വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ നിര്യാണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!