Input your search keywords and press Enter.

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/07/2024 )

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍  ജൂലൈ എട്ടിന്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിനു നടത്തും. അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10:30 വരെ കോളജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് കോളജില്‍ നേരിട്ടെത്തി ജൂലൈ നാലുവരെ അപേക്ഷ സമര്‍പ്പിക്കാം.
പട്ടികജാതി / പട്ടിക വര്‍ഗം / ഒഇസി വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിന് പുറമേ സ്‌പെഷ്യല്‍ ഫീസ് 10000 രൂപയും കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ എകദേശം നാലായിരം രൂപയും യുപിഐ മുഖേന അടയ്ക്കണം. പിടിഎ ഫണ്ട് ക്യാഷ് ആയി നല്‍കണം. വെബ്‌സൈറ്റ് : www.polyadmission.org/let. ഫോണ്‍ : 0469 2650228.

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ലക്ചറര്‍  ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍  ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത.  താല്‍പര്യമുളളവര്‍ ബയോഡേറ്റ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തതുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടഫിക്കറ്റുകളുമായി ജൂലൈ ഒന്‍പതിന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

ദുരന്തനിവാരണ ദ്വിവത്സര എംബിഎ കോഴ്സ്

റവന്യൂ വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എംബിഎ കോഴ്സ് നടത്തുന്നു. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് അഡ്മിഷനാണ് നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളില്‍ തൊഴില്‍സാധ്യതകള്‍ എങ്ങനെ കണ്ടെത്തി  വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കോഴ്സ് അമേരിക്കയില്‍ നിന്നുളള അധ്യാപകര്‍ എത്തിയാണ് നടത്തുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുളള പഠനയാത്ര നടത്തും. റവന്യൂ മന്ത്രി ചെയര്‍മാനായുളള ഗവേണിംഗ് ബോഡിയാണ് കോഴ്സിന്റെ ഏകോപനം. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ എന്നിവയില്‍ സവിശേഷ പഠനാവസരങ്ങള്‍ ഉണ്ട്.  ഇന്ത്യയിലെ ആദ്യത്തെ എഐസിടിഇ അംഗീകൃത ദുരന്തനിവാരണ എംബിഎ കോഴ്സാണിത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ എട്ട്. ഫോണ്‍ : 8547610005, 8547610006.

സാമൂഹ്യനീതി വകുപ്പിന്റെ ഗുണഭോക്തൃ പദ്ധതികളിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചു

2024 25 വര്‍ഷം സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാകിരണം പദ്ധതി

സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍)  ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ‘വിദ്യാകിരണം’ പദ്ധതിയിലേക്ക് 2024-25 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.  അര്‍ഹരായവര്‍  ഓഗസ്റ്റ് 31 നകം  ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സുനീതി പോര്‍ട്ടല്‍  മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള മാനദണ്ഡപ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിക്കണം.

സഹചാരി

ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍എസ്എസ് /എന്‍സിസി/ എസ്പിസി  യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/ എയ്ഡഡ് / പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്ത് ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികള്‍ക്കും സഹായം നല്‍കുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്എസ് /എന്‍സിസി/ എസ്പിസി  യൂണിറ്റിന് അവാര്‍ഡ് നല്‍കും. സഹചാരി പദ്ധതിയില്‍ തെരെഞ്ഞെടുക്കപ്പെടുന്ന യൂണിറ്റിന് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും മെമന്റോയും നല്‍കും.
താല്‍പര്യമുള്ള യൂണിറ്റുകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണം.

വിജയാമൃതം പദ്ധതി

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി/ വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി /തത്തുല്യ കോഴ്സ്, പി.ജി/ പ്രൊഫഷണല്‍ കോഴ്സുകള്‍  എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള  വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍  മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് 31 നകം പേക്ഷ സമര്‍പ്പിക്കണം.

മാതൃജ്യോതി

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000 രൂപ ക്രമത്തില്‍ കുഞ്ഞിന് രണ്ടുവയസ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 31 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

പരിരക്ഷ പദ്ധതി

ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പരിരക്ഷ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിദ്യാജ്യോതി

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന വിദ്യാജ്യോതി  പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  ഓഗസ്റ്റ് 31 നകം ആവശ്യമായ രേഖകള്‍ സഹിതം സുനീതി പോര്‍ട്ടല്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

സ്വാശ്രയ പദ്ധതി

70 ശതമാനമോ അതില്‍ കൂടുതലോ തീവ്രശാരീരിക,മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്ത സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള സ്വാശ്രയ പദ്ധതിയുടെ ധനസഹായത്തിനായി  അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

പരിണയം

ഭിന്നശേഷി മൂലം സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുടെ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള  സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള  പരിണയം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  ഓഗസ്റ്റ് 31  നകം സുനീതി പോര്‍ട്ടല്‍ മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2325168.


ഗുണഭോക്തൃ ഫോറം വിതരണം ആരംഭിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2024-2025 വര്‍ഷത്തെ വിവിധ ആനുകൂല്യങ്ങള്‍ക്കായുള്ള ഗുണഭോക്തൃ ഫോറം വിതരണം ആരംഭിച്ചു. കൃഷി ഓഫീസ്, മൃഗാശുപത്രി, പഞ്ചായത്ത് ഓഫീസ്, ബന്ധപ്പെട്ട വാര്‍ഡുകളിലെ കുടുംബശ്രീ, അംങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഡോക്ടര്‍ നിയമനം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം.   അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 17 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 6235659410.

 
റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (പട്ടിക വര്‍ഗ വിഭാഗത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ) (കാറ്റഗറി നം. 537/2023)  തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള തീയതി ജൂലൈ 15 വരെ നീട്ടി. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കൗണ്‍സിലിംഗ്  സൈക്കോളജി,  എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്  തുടങ്ങി വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതിയാണ് നീട്ടിയത്.  വിശദവിവരം തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍ : 0471 2325101, 8281114464.

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ്  ശില്‍പ്പശാല  പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു . ശിശുക്ഷേമസമിതി  ജില്ലാ ജോയിന്റ്  സെക്രട്ടറി സലിം പി. ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു . ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ , പ്രിന്‍സിപ്പല്‍ സുമിനാ കെ. ജോര്‍ജ്ജ് , ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണകുമാര്‍, പി.റ്റി.എ പ്രസിഡന്റ് സുഭാഷ് വാസുദേവന്‍,  ജില്ലാ വൈസ് പ്രസിഡന്റ്  ആര്‍. അജിത്കുമാര്‍, ജില്ലാ ട്രഷറാര്‍ ഏ.ജി. ദീപു, ഏക്‌സിക്യൂട്ടിവ് അംഗം കെ. ജയകൃഷ്ണന്‍ , സുമാ നരേന്ദ്ര, എസ്. മീരാസാഹിബ്, ആര്‍. രാജേഷ്, ജോസഫ് സെലിന്‍ , ആര്‍. അനില്‍കുമാര്‍, എല്‍. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. റാന്നി സെന്റ് തോമസ് കോളജ് കോമേഴ്‌സ് വകുപ്പ് അസി. പ്രൊഫ ആന്‍ഡ് റിസര്‍ച്ച് ഗൈഡ് ഡോ. രോണി ജെയിന്‍ രാജൂ കാസ്ലെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥിനി ഷാമില എസ്. ചടങ്ങില്‍ അധ്യക്ഷയായിരുന്നു.

error: Content is protected !!