Input your search keywords and press Enter.

കാടിറങ്ങിയ വന്യ മൃഗങ്ങളും  കേരള വനം വകുപ്പും

കാടിറങ്ങിയ വന്യ മൃഗങ്ങളും  കേരള വനം വകുപ്പും

വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി വനം കാക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ ഫയലുകളില്‍ അടയിരിക്കുന്നു .

വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉള്ള സംഘര്‍ഷം ലഘൂകരിക്കേണ്ട മാര്‍ഗം ഒന്ന് പോലും ഫലവത്തായി നടപ്പിലാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .വനം മന്ത്രിയും താഴെക്ക് ഉള്ള സംവിധാനങ്ങളും പൂര്‍ണ്ണ പരാജയം ആണ് എന്ന് വന മേഖലയുമായി ബന്ധം ഉറപ്പിച്ചു വാസം ഉള്ള ആളുകള്‍ കൃത്യമായി പറയുന്നു .

വന്യ ജീവികള്‍ക്ക് വനത്തില്‍ വിഹരിച്ചു അവയ്ക്ക് യഥേഷ്ടം കഴിക്കാന്‍ ഉള്ള വിഭവം ഇല്ല . ഏറ്റവും വലിയ മൃഗമായ ആനകള്‍ക്ക് പുല്ലിനത്തില്‍പ്പെട്ട ഭക്ഷണത്തോട് ആണ് താല്പര്യം . ഈറ്റയും മുളയും സ്വാഭാവികമായി ഇപ്പോള്‍ വളരുന്നില്ല .അങ്ങനെ ഉള്ള സാഹചര്യത്തില്‍ ഈറയും മുളയും വനത്തില്‍ വെച്ചു പിടിപ്പിക്കാന്‍ ഉള്ള വലിയ പദ്ധതികള്‍ ആവശ്യം ആണ് . വനത്തില്‍ കോടികണക്കിന് രൂപയുടെ പദ്ധതികള്‍ നടക്കുന്നു എന്ന് രേഖകളില്‍ ഉണ്ട് .എന്നാല്‍ ഈ പദ്ധതികളുടെ പ്രയോജനം വന്യ ജീവികള്‍ക്ക് ഉണ്ടോ എന്ന് സംശയം .

ചെറു ജീവികള്‍ക്ക് കഴിയാന്‍ ഉള്ള സാഹചര്യം ഇന്നത്തെ കാലാവസ്ഥയില്‍ വനത്തില്‍ ഇല്ല . ചെറു ജീവികള്‍ക്ക് കഴിക്കാന്‍ ഉള്ള വിഭവം കുറവാണ് . പഴ മരങ്ങളുടെ എണ്ണം കുറഞ്ഞു . ഉള്‍ വനത്തില്‍ വന്‍ മരങ്ങള്‍ കാലപഴക്കത്താല്‍ ഒടിഞ്ഞു വീണു മണ്ണിനോട് ചേര്‍ന്നു .

ഇളം പുല്ലുകള്‍ ധാരാളം ഉണ്ടായിരുന്ന പല സ്ഥലങ്ങളും മൊട്ട കുന്നുകളായി . പല തോടുകളും വറ്റി വരണ്ടു .മഴക്കാലത്ത്‌ മാത്രം രൂപമെടുക്കുന്ന തോടുകള്‍ പോലും ഉണ്ട് . വേനല്‍ വനത്തെ നന്നായി ബാധിച്ചു . വനത്തില്‍ തേക്ക് മരങ്ങള്‍ വെച്ചു പിടിപ്പിച്ചതിനാല്‍ ചൂട് വളരെ കൂടി . വനം വകുപ്പിന് ആദായമാര്‍ഗം മാത്രമാണ് തേക്ക് മരങ്ങള്‍ .അല്ലാതെ വന്യ ജീവികള്‍ക്ക് ഈ മരം ഉപകാരം അല്ല .തേക്ക് ഇലകള്‍ പോലും വന്യ മൃഗങ്ങള്‍ കഴിക്കാറില്ല .

തേക്ക് മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പ്രവണത ഏറെ നാളുകള്‍ ആയി കാണുന്നു . ഇത് ഒഴിവാക്കണം . അധിനിവേശ സസ്യങ്ങള്‍ വനത്തെ കാര്‍ന്നു തിന്നു തുടങ്ങി . വന്യ ജീവികളുടെ ആവാസ്ഥ വ്യവസ്ഥ പൂര്‍ണ്ണമായും തകിടം മറിഞ്ഞു .

വന്യ ജീവികള്‍ക്ക് അനുകൂലമായ നിലയില്‍ ഉള്ള ഫല വൃക്ഷങ്ങള്‍ വനത്തില്‍ വെച്ചു പിടിപ്പിക്കണം . ഇല്ലെങ്കില്‍ വന്യ ജീവികള്‍ കാടിറങ്ങും . കേരളത്തിലെ വനത്തില്‍ ഇപ്പോള്‍ ഉള്ള അവസ്ഥ പഠിക്കാന്‍ ഈ രംഗത്തെ അറിവുള്ള ആളുകളെ ഉള്‍പ്പെടുത്തി വനം വന്യ ജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്ക്കരിക്കണം . വനം സംരക്ഷിച്ചു വന്യ ജീവികളെ വനത്തില്‍ തന്നെ കഴിയാന്‍ ഉള്ള സാഹചര്യം ഒരുക്കണം .

കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് കര്‍ഷകര്‍ മണ്ണില്‍ കാലുറപ്പിച്ചത്. അന്നത് സ്വാഭാവികവുമായിരുന്നു. പിന്നീട് നാട്ടിലേക്ക് കാട്ടില്‍നിന്നു മൃഗങ്ങള്‍ വരുന്നത് കുറഞ്ഞുവന്നു; തീരെ വരാതേയുമായി. അതിനുശേഷം കഴിഞ്ഞ 15  വര്‍ഷത്തോളമായാണ് വന്യജീവികളുടെ ആക്രമണം ഇത്ര രൂക്ഷമായതെന്നു മുതിര്‍ന്ന കര്‍ഷകര്‍ പറയുന്നു.

ഒരു കൃഷിയും ചെയ്യാന്‍ വയ്യാത്ത സ്ഥിതി. പഴയ തലമുറ കര്‍ഷകരുടെ ഓര്‍മ്മകളില്‍ കാട്ടില്‍നിന്നു കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നത് കാട്ടുപന്നിയായിരുന്നില്ല, കുറുക്കന്‍ ആയിരുന്നു. ഞണ്ടിനെ തിന്നുകയായിരുന്നു വരവിന്റെ ലക്ഷ്യം.

കുറുക്കനെ കാട്ടുപന്നിക്കു പേടിയായതുകൊണ്ട് കുറുക്കനുള്ളിടത്തേക്കു പന്നി വരില്ല. കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗം രൂക്ഷമായതോടെ ഞണ്ടുകള്‍ ഇല്ലാതായി. കുറുക്കന്‍ വരാതായി. അതോടെയാണ് പതിയെപ്പതിയെ പന്നികള്‍ വന്നുതുടങ്ങിയത്.

 

പത്തനംതിട്ട ,വയനാട് , ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് രൂക്ഷമായ വന്യ മൃഗ ശല്യം ഉള്ളത് .പാരമ്പര്യ വിളകളിൽനിന്നു മാറി കർഷകർ കരിമ്പ്, വാഴ, റബർ തുടങ്ങിയവ കൃഷി ചെയ്യാൻ തുടങ്ങിയതോടെ വന്യജീവികൾക്ക് ഇഷ്ടഭക്ഷണം കിട്ടുമെന്നു മാത്രമല്ല അവയ്ക്ക് ഒളിഞ്ഞുനിൽക്കാൻ മറയുമായി.അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം തുടങ്ങിയവയുടെ കൃഷിയും വലിയ തോതിൽ വനനശീകരണത്തിനും തുടർന്ന് വന്യജീവികൾ കാടുവിട്ട് നാട്ടിലേക്ക് കടക്കുന്നതിനും കാരണമായിട്ടുണ്ട്.

error: Content is protected !!