മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ
ജില്ലാതല ഉദ്ഘാടനവും (നവംബര്‍ 1)
ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും (നവംബര്‍ 1) തുടക്കം. എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജി. ആര്. ഇന്ദുഗോപന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എ. ഡി. എം. ബീന എസ്. ഹനീഫ്, ജില്ലാ സാക്ഷരതാ മിഷന് കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ജ്യോതി, മിനി തോമസ്, ആര്. രാജലക്ഷ്മി, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഭരണഭാഷാ പുരസ്കാരജേതാവായ റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജയെ ജില്ലാ കലക്ടര്‍ ആദരിക്കും.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് പത്തനംതിട്ട
പത്തനംതിട്ടയെ ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പ്രഖ്യാപിച്ചത്.
സാക്ഷരതയില്‍ രാജ്യത്തിനാകെ മാത്യകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാമേഖലയിലും അടിസ്ഥാന ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഡിജി കേരള പദ്ധതി ആസൂത്രണം ചെയ്തതെന്നും വ്യക്തമാക്കി.
മറ്റുള്ളവരുടെ ഇടയില്‍ പ്രായമായവരടക്കം ഒറ്റപ്പെടാതിരിക്കാനാണ് ഡിജി കേരളം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന് അധ്യക്ഷയായി. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് തുളസീധരന്‍ പിള്ള, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷേമനിധി കുടിശിക ഡിസംബര്‍ 31 വരെ അടയ്ക്കാം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുടിശിക തീര്‍ക്കാന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. ക്ഷേമനിധിയില്‍ 11 ലക്ഷത്തിലധികം തൊഴിലാളികളും 15 ലക്ഷത്തോളം വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,395 പേര് പെന്ഷന് വാങ്ങുന്നുണ്ട്. കുടിശിക തീര്‍ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്മാന് കെ.കെ.ദിവാകരന് അറിയിച്ചു.
പ്രവേശന തീയതി നീട്ടി
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 9,11 ക്ലാസിലേക്ക് ഒഴിവുളള സീറ്റില്‍ നവംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735 294263, 265246.
ടെന്‍ഡര്‍
കീഴ്വായ്പൂര് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലക്ട്രിക് സ്കൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 9496113684, 8921990561.
ടെന്‍ഡര്‍
കീഴ്വായ്പൂര് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോസ്മറ്റോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 9496113684, 8921990561.
ശബരിമല തീര്‍ഥാടനം : ശുചിത്വമിഷന്റെ താത്കാലിക ജീവനക്കാരാകാം
മിഷന് ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പമ്പയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പമ്പാ സ്നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സിനെ നിയോഗിച്ചാണ് മലിനീകരണം തടയുന്നത്. ഇതിനായി യുവാക്കളില്‍ നിന്നും (50 വയസില്‍ താഴെ) അപേക്ഷ ക്ഷണിച്ചു.
നിലയ്ക്കല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറില്‍ (തുണിസഞ്ചി വിതരണം) രാത്രിയും പകലുമായി ജോലിക്ക് യുവാക്കളെ (50വയസില്‍ താഴെ) ആവശ്യമുണ്ട്. ശബരിമല തീര്‍ഥാടന കാലയളവ് മുഴുവന്‍ പ്രവര്‍ത്തിക്കണം. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കല്‍, അട്ടത്തോട് മേഖലയിലെ ട്രൈബല്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്, ഒന്നാംനില, കിടാരത്തില്‍ ക്രിസ്ടവര്, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 8129557741, 0468 2322014.
ഗതാഗത നിയന്ത്രണം
അടൂര്‍ ഇ.വി റോഡില്‍ (വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം) വരെയുളള പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലാബ് ടെക്നീഷ്യന് അഭിമുഖം മാറ്റിവച്ചു
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന് നിയമനത്തിനുളള മാറ്റിവച്ചു. ഫോണ്‍ : 04734 243700.
പ്രാദേശിക അവധി
നവംബര്‍ രണ്ടിന് പരുമലപ്പളളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്കി; മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമല്ല.
തരംമാറ്റം അദാലത്ത്
തരംമാറ്റം അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി 25 സെന്റ് വരെ വിസ്തീര്‍ണ്ണമുളള ഭൂമികളിന്മേല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഫോം അഞ്ച്, ആറ് അപേക്ഷകള്‍ താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിച്ച് തീര്‍പ്പാക്കുന്നു. താലൂക്ക്, അദാലത്ത് തീയതി, വേദി എന്ന ക്രമത്തില്‍ ചുവടെ.
അടൂര്‍ , നവംബര്‍ ഏഴിന് അടൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍.
റാന്നി , നവംബര്‍ 11 ന് റാന്നി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാള്‍.
കോഴഞ്ചേരി , നവംബര്‍ 12 ന് പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാള്‍.
മല്ലപ്പളളി, നവംബര്‍ 13 ന് മല്ലപ്പളളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം.തിരുവല്ല, നവംബര്‍ 14 ന് വിജിഎം ഹാള്‍ (എസ്സിഎസ് കോമ്പൗണ്ട്)
പട്ടാളത്തില്‍ ചേരാന്‍ അവസരം റിക്രൂട്ട്മെന്റ് നവംബര്‍ ആറു മുതല്‍
ജില്ലയില്‍ പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ ആറു മുതല്‍ 12 വരെ കൊടുമണ്‍ സ്റ്റേഡിയം മൈതാനത്ത് റാലി. ഒരുക്കങ്ങള്‍ സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ നേത്യത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി.
പങ്കെടുക്കാന്‍ എത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഓണ്‍ലൈന്‍ ആയി നടത്തും. പൊലിസ് സംഘത്തെ സുരക്ഷയ്ക്ക് വിനിയോഗിച്ചു.
രണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തുണ്ടാകും. ശുദ്ധജലലഭ്യത ഉറപ്പാക്കും. ഹരിതകര്‍മ സേന മാലിന്യനിര്‍മാര്‍ജനം നടത്തും. സ്റ്റാളുകളിലെ ജീവനക്കാര്‍ക്ക് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.എഡിഎം ബീന എസ്. ഹനീഫ്, ആര്‍മി റിക്രൂട്ടിങ്ങ് ഡയറക്ടര്‍ കേണല്‍ പ്രശാന്ത് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.