Input your search keywords and press Enter.

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/11/2024 )

പരീക്ഷ മാറ്റിവച്ചു

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) നവംബർ 16ൽ നിന്നും ഡിസംബർ 9 ലേക്ക് മാറ്റിവച്ചു.

റെജിമെന്റൽ തെറാപ്പി കോഴ്സ്

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in, www.markazunanimedicalcollege.org എന്നിവയിൽ ലഭ്യമാണ്. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പ്രിന്റൗട്ടും എടുത്തു ഉപയോഗിക്കണം.

അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 20 വൈകുന്നേരം 5 മണിവരെ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ സ്വീകരിക്കും.

ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകണം

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. നവംബർ മാസത്തെ തീയതിയിലുള്ള ‘ജീവൻ പ്രമാണി’ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ, നവംബർ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് നൽകേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലെ രണ്ടാം ഭാഗത്ത് പെൻഷണറുടെ നിലവിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.

ഏത് ജില്ലയിൽ നിന്നാണോ നിലവിൽ പെൻഷൻ സംബന്ധമായ രേഖകൾ സമർപ്പിക്കുന്നത് അതാത് ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. മറ്റൊരാൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് എത്തിക്കുന്ന പെൻഷണർമാർ സ്വന്തം ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകണം. കൂടുതൽ വിവരങ്ങൾ 0471-2517351 ലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ലഭിക്കും.

പ്രവാസികേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. താൽപര്യമുളളവർ നവംബർ 30 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കാം.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നോടിയിരിക്കണം. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയും. വിശദവിവരങ്ങൾക്ക്: 0471-2770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

സ്റ്റാളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ

കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ (KLIBF-3rd Edition) പങ്കെടുക്കുന്ന പ്രസാധകർക്കായുള്ള സ്റ്റാളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. klibf.niyamasabha.org യിൽ 15നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2512263, 9188380058.

സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

ഐടിഐയിൽ സീറ്റൊഴിവ്

ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ (3ഡി പ്രിന്റിംഗ്), മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സെപ്ഷ്യൽ എഫക്ട് എന്നീ ട്രേഡുകളിലേക്ക് എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ നവംബർ 8ന് വൈകിട്ട് 3 മണിക്ക് മുമ്പായി ചാക്ക ഗവ. ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 8547898921.

സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കിൽ എംസിഎ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

 

ഭരണഭാഷാ വാരാഘോഷം

നിയമ വകുപ്പിന്റെ ഔദ്യോഗികഭാഷാപ്രസിദ്ധീകരണ സെല്ലിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് അനക്‌സ് ശ്രുതി ഹാളിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം നിയമ സെക്രട്ടറി കെ. ജി. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. നിയമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നിയമവകുപ്പ് നൽകുന്നുണ്ടെന്നും സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ കേന്ദ്രനിയമങ്ങളുൾപ്പെടെ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ നിയമ സെക്രട്ടറി എൻ ജീവൻ അധ്യക്ഷനായ ചടങ്ങിൽ കേരള സർവ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. സീമ ജറോം മുഖ്യാതിഥിയായി.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച സർക്കാർ ഉത്തരവ് തയ്യാറാക്കൽ, വിധിന്യായത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കൽ, ഉപന്യാസ രചന മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

ഡിജിറ്റൽ ഹെൽത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്
:1.93 കോടി ജനങ്ങൾ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു:ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാൻ വളരെ എളുപ്പം

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയ്മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ ഹെൽത്ത് സംവിധാനം വൻ വിജയമാണ്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്‌നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.

ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവുമുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർ നവംബർ 13ന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: 9496015002, വെബ്സൈറ്റ്: www.reach.org.in .

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ നവംബർ 4, 11, 18, 25 തീയതികളിൽ കോട്ടയത്തും 6, 13, 20, 27 തീയതികളിൽ പുനലൂരിലും 2, 16, 23, 30 തീയതികളിൽ പീരുമേടും 26 ന് തൊടുപുഴയിലും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക, എംപ്ലോയീസ് ഇൻഷുറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളിൽ വിചാരണ നടത്തും.

അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സെക്യൂരിറ്റി തസ്തികയിലേക്ക് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷകർക്ക് 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം വേതനം 10,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 16ന് രാവിലെ 10 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപ്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666.

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 12ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

കാലിഗ്രാഫി, കാരിക്കേച്ചർ ക്യാമ്പ്

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ശിശു ദിനാഘോഷത്തോടനുബന്ധിച്ച് 10 ന് രാവിലെ 10 മണി മുതൽ കാലിഗ്രാഫി, കാരിക്കേച്ചർ ക്യാമ്പ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8547913916.

 

പൈതൃക വാരാഘോഷം

ലോക പൈതൃക വാരാഘോഷം 2024 മായി ബന്ധപ്പെട്ട് നവംബർ 19 മുതൽ ഒരാഴ്ചക്കാലം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മ്യൂസിയങ്ങളിൽ പൈതൃക വാരാഘോഷം സംഘടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 19ന് രാവിലെ 10ന് കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പൈതൃകോത്സവത്തിന്റെ ഭാഗമായി 100 വർഷം പഴക്കമുള്ള പാരമ്പര്യ പൈതൃക വസ്ത്രങ്ങളുടെ പ്രദർശനം കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ 19നും 20നും നടക്കും. വിദ്യാർഥികൾക്കായി ക്രിയേറ്റീവ് പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ

എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ, ഡയറക്ടർ, ലൈബ്രേറിയൻ ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്ക്: www.ktu.edu.in സന്ദർശിക്കുക.

വനിതാ കമ്മീഷൻ അദാലത്ത്
കേരള വനിതാ കമ്മീഷൻ നവംബർ 11 മുതൽ 26 വരെ വിവിധ ജില്ലകളിൽ ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്ത് വേദികളിൽ പുതിയ പരാതികൾ സ്വീകരിക്കും. 11, 12 തീയതികളിൽ തിരുവനന്തപുരം ജവഹർ ബാലഭവനിലും 13ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും ആലപ്പുഴ ജെൻഡർപാർക്ക് ഹാളിലും 18ന് എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിലും കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിത്തിലും 19ന് തൃശൂർ ഠൗൺ ഹാളിലും അദാലത്തുകൾ നടക്കും. 20ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിലും 22ന് മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 23ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 25ന് കോട്ടയം മുനിസിപ്പൽ ടൗൺ ഹാളിലും കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 26ന് പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളിലും വയനാട് സ്പോർട്സ് കൗൺസിൽ ഹാളിലും ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും അദാലത്തുകൾ നിശ്ചയിച്ചിട്ടുണ്ട്.

error: Content is protected !!