Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ (14/02/2022 )

പുതിയ തലമുറ വിവാഹജീവിതത്തെ  ഗൗരവത്തോടെ കാണണം: വനിതാ കമ്മീഷന്‍

വിവാഹജീവിതത്തെ പുതിയ തലമുറ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, എം. എസ് താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവരാണ് അദാലത്തില്‍ പങ്കെടുത്തത്.
വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ്  കമ്മീഷനെ സമീപിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണെന്ന ഉത്തമ ബോധ്യം ഇരു കൂട്ടര്‍ക്കും ഉണ്ടാകണം. സാഹചര്യങ്ങളെ മനസിലാക്കി ഒരുമിച്ചു മുന്നോട്ട് പോകണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വസ്തുസംബന്ധമായ തര്‍ക്കങ്ങളില്‍ നിയമപരമായ സഹായം തേടണം. ഇത്തരം പരാതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി കമ്മീഷനെ സമീപിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും അഭിപ്രായപ്പെട്ടു.

അദാലത്തില്‍ 85 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 64 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി.

 

തദ്ദേശ ഉപതെരഞ്ഞെടുപ്പ് , കരട് വോട്ടര്‍ പട്ടിക  (ഫെബ്രുവരി 16)
ജില്ലയിലെ തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക  (ഫെബ്രുവരി 16) പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും.
ഇതുസംബന്ധിച്ച യോഗം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമവും സമയക്രമവും യോഗം  ചര്‍ച്ചചെയ്തു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായാണ് നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിതഫോറത്തില്‍ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭ ഓഫീസിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കമ്മീഷന്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. 2020 ലെ പൊതുതിരഞ്ഞെടുപ്പിലോ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലോ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി വേണം കരട് വോട്ടര്‍ പട്ടിക തയ്യാറാക്കേണ്ടത്. നിലവിലുള്ള വോട്ടര്‍പട്ടികയുടെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകീകൃത വോട്ടര്‍പട്ടിക കമ്മീഷന്റെ  www.lsgelection.kerala.gov.in   വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍  എന്നിവ പരിശോധിച്ച് മാറ്റം ആവശ്യമുണ്ടെങ്കില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വരണാധികാരികള്‍ക്ക്  നിര്‍ദ്ദേശം നല്‍കി.
വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. കളപ്പില, നാന്തിരിക്കല്‍ എന്നിവ  വനിതാസംവരണ വാര്‍ഡുകളാണ്.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

മൂന്നു കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി
രാജേന്ദ്രന്‍ പിള്ളയ്ക്ക് കലക്ടറുടെ ആദരം
സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ മൂന്ന് കുടുംബങ്ങള്‍ക്ക് 13 സെന്റ് ഭൂമി സൗജന്യമായി നല്‍കി മാതൃകയായ  പാവുമ്പ പൊന്നമ്പില്‍ രാജേന്ദ്രന്‍ പിള്ളയെ  ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍ ആദരിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായ ‘മനസ്സോടിത്തിരി മണ്ണ്’  എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമി നല്‍കിയത്. തഴവ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു.
പാലമൂട് ജംഗ്ഷന് സമീപം വാങ്ങിയ 46 സെന്റില്‍ നിന്ന് വീട് നിര്‍മാണത്തിന് മൂന്ന് സെന്റ് വീതവും നാലു സെന്റോളം വഴിക്കുമാണ് രാജേന്ദ്രന്‍ പിള്ള നല്‍കിയത്. പാവുമ്പ സ്വദേശികളായ കൃഷ്ണകൃപയില്‍ സുധ, പോക്കാട്ട് രശ്മി, മഞ്ചാടിയില്‍ സുരേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്.
തൊടിയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി അദ്ധ്യാപകന്‍ ആണ് രാജേന്ദ്രന്‍ പിള്ള.  വസ്തു ലഭിച്ചതില്‍ രണ്ടുപേര്‍ രാജേന്ദ്രന്‍പിള്ളയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒരാള്‍ അയല്‍വാസിയുമാണ്. കലക്ടറുടെ ചേംബറില്‍ നടത്തിയ  ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. കെ. സയൂജ, എ.ഡി.സി ജനറല്‍ ആര്‍. അജയകുമാര്‍, തഴവ വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫീസര്‍ ചന്ദ്രപ്പന്‍, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥ പി. രമ്യ  തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഗൃഹനിരീക്ഷണത്തിലുള്ളവര്‍ ജാഗ്രത പാലിക്കണം: ഡി.എം.ഒ
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍. രോഗികളുടെ ആരോഗ്യനില മോശം ആയേക്കാം. ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ചികിത്സിക്കുന്ന ഡോക്ടറുമായോ ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടണം.
കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസതടസം, കിതപ്പ്, ബോധം മങ്ങുക, പരിസരബോധമില്ലാതെ പെരുമാറുക, നെഞ്ചുവേദന, അമിതമായ ക്ഷീണം, ഉണര്‍ത്താന്‍ പ്രയാസം, ഏതെങ്കിലും ഒരു കാല്‍പാദത്തില്‍ മാത്രം കാണുന്ന നീര്‍വീക്കം, നിര്‍ജലീകരണം, നേരത്തെ മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നിയന്ത്രിതമല്ലാത്ത പ്രമേഹം, രക്താതിമര്‍ദ്ദം, മാനസികസമ്മര്‍ദ്ദം, ഓക്‌സിജന്‍ സാച്ചുറേഷനുള്ള കുറവ് എന്നിവയാണ് റെഡ്  ഫ്‌ളാഗ് ലക്ഷണങ്ങള്‍.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം, എച്ച്.ഐ.വി എയ്ഡ്‌സ്, കരള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ഡോക്ടറുടെ അഭിപ്രായമനുസരിച്ച് കാറ്റഗറി അനുസരിച്ചുള്ള ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടേണ്ടതാണ്. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

 

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹോളില്‍ ചേരും. എല്ലാ ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ആയി യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

 

കരാര്‍ നിയമനം
ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ എസ്.സി പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുളള പ്ലസ് ടു/തത്തുല്യ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം.
ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം  ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിന്് മുന്‍പ് അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.  അപേക്ഷകര്‍ അതാത് തദ്ദേശ  സ്വയംഭരണസ്ഥാപന പരിധിയില്‍ സ്ഥിരതാമസമുളള വരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തില്‍ സമീപ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ഉള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും അതാത് പട്ടികജാതി വികസന ആഫീസില്‍ ലഭിക്കും. ഫോണ്‍ : 0474 2794996,  [email protected]

 

ഹോമിയോപ്പതി വകുപ്പ്  ഓണ്‍ലൈന്‍ സര്‍വ്വേ
സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ മരുന്നുകള്‍ നല്‍കിയതിന്റെ ഫലപ്രാപ്തി രേഖപ്പെടുത്തുന്നതിനായി ഹോമിയോപ്പതി വകുപ്പ്  ഓണ്‍ലൈന്‍ സര്‍വ്വേ നടത്തുന്നു.
2021 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 5 വരെയുളള തീയതികളില്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് സ്വീകരിച്ചവരാണ് സര്‍വ്വേയില്‍ പങ്കെടുക്കേണ്ടത് .
മരുന്നുകള്‍ സ്വീകരിക്കുവാനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത രക്ഷകര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന്  http://ahims.kerala.gov.in  എന്ന വെബ് പോര്‍ട്ടലിലൂടെയോ എം-ഹോമിയോ എന്ന മൊബൈല്‍ ആപ്പ് വഴിയോ സര്‍വ്വേയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.പ്രദീപ് അറിയിച്ചു.  ഫോണ്‍ :0474-2791520.

 

 

യു.ജി.സി നെറ്റ് പരിശീലനം
വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജിയ്ക്ക് പഠിക്കുന്നവര്‍ക്കും പി.ജി കഴിഞ്ഞവര്‍ക്കുമായി യു.ജി.സി നെറ്റ് ഹ്യുമാനിറ്റിസ് – പേപ്പര്‍ ഒന്ന്,  കോമേഴ്‌സ്- പേപ്പര്‍ രണ്ട് എന്നിവയുടെ  പരിശീലന ക്ലാസ്സുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ :9495069307, 8547005042, 8547233700

 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തേവലക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടല്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് / സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് ഉണ്ട്. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. തേവലക്കര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 നാലു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0476 2872031

 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തേവലക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടല്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് / സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് ഉണ്ട്. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. തേവലക്കര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 നാലു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0476 2872031

 

error: Content is protected !!