വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത്
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന് അറിയിച്ചു. ഇടയാറന്മുളയില് വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും; സൂക്ഷ്മപരിശോധന നവംബര്‍ 22 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (നവംബര്‍ 21) വൈകിട്ട് മൂന്നിന് അവസാനിക്കും. പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. സ്വന്തമായോ/ നിര്ദേശകന് വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിര – മൂകനാകരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000, ജില്ലാപഞ്ചായത്തില്‍ 5000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി. ഒരാള്‍ക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം.
സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശുപാര്‍ശക്കത്ത് നവംബര്‍ 24 വരെ നല്‍കാം
സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശുപാര്‍ശ കത്ത് നവംബര്‍ 24 മൂന്നിന് മുമ്പായി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്ന് കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെയും ചിഹ്നത്തിന്റെയും പട്ടിക വരണാധികാരി ഫോറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചുള്ള ഫോറം 8 നുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം. നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.
തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി.
നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍.
അടൂര്‍ : അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍.
പത്തനംതിട്ട : പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്.
തിരുവല്ല : തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പന്തളം : പന്തളം എന്‍.എസ്.എസ് കോളജ്.
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍.
മല്ലപ്പള്ളി : ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പുളിക്കീഴ് : കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
കോയിപ്രം : അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം- ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇലന്തൂര്‍ : ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി : റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി സെന്റ് തോമസ് കോളജ്
കോന്നി : കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പന്തളം : പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.
പറക്കോട് : ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍- അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍.
നിയമസഹായ ക്ലിനിക്ക്
വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22 രാവിലെ 10.30ന് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി മെഴുകുതിരി നിര്‍മാണ പരിശീലനം നല്കുന്നു. (സോപ്പ്, ഡിഷ്വാഷ്, ഹാന്‍ഡ്വാഷ്, അഗര്‍ബത്തി, പേപ്പര്‍ ക്രാഫ്റ്റ് നിര്‍മാണവും ഉള്‍പ്പെടെ). പരിശീലന കാലാവധി 12 ദിവസം. പ്രായപരിധി 18 -50. നവംബര്‍ 21 രാവിലെ 10 ന്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവ ഹാജരാക്കണം.
ഫോണ്‍ : 04682992293, 8330010232.
നഷാ മുക്ത് ഭാരത് അഭിയാന്
ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് കോളജില്‍ നടന്നു. സാമൂഹ്യ നീതി വകുപ്പും എക്സൈസും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഡിഎല്‍എസ്എ സെക്രട്ടറി ആന്‍ഡ് സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന് എന്‍. അരുണ്‍ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിനി ജോസഫ് അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ജെ ഷംലാ ബീഗം, അസി. പ്രൊഫസര്‍ എബി മേരി സ്കറിയ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു എബ്രഹാം, എക്സൈസ് പ്രിവന്റീവ് ഓഫിസറും വിമുക്തി മെന്ററുമായ ബിനു വി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.