Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (27/11/2025)

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിങ് നടത്താന്‍ ഉത്തരവിട്ട ബൂത്തുകള്‍, അക്രമം/ക്രമസമാധാന സംഭവങ്ങള്‍, ദുര്‍ബല ജനസംഖ്യാ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍, ക്രിമിനല്‍ ഘടകങ്ങളുടെ സ്വാധീനമുള്ള മേഖലകള്‍, ഭൂമിശാസ്ത്രപരമായ/വിദൂര ഘടകങ്ങള്‍, പ്രചാരണ ലംഘനങ്ങള്‍ / മാതൃകാ കോഡ് ലംഘനങ്ങള്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭീഷണികള്‍ തുടങ്ങിയവയാണ് പ്രശ്നബാധിത ബൂത്തുകള്‍ തിരിച്ചറിയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍. ഇത്തരം പ്രശ്നബാധിത ബൂത്തുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും.

 

കോഴ്‌സ് പ്രവേശനം

കെല്‍ട്രോണില്‍ 2025-26 വര്‍ഷത്തെ മാധ്യമ പഠനത്തിനുള്ള പുതിയ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെത്തി അഡ്മിഷന്‍ നേടാം. പഠന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും.

പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേര്‍ണലിസം, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകള്‍, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിഷ്‌ക്കരിച്ച സിലബസിലാണ് പരിശീലനം. ഫോണ്‍: 9544958182. അവസാന തീയതി ഡിസംബര്‍ 12.്

 

പ്രകൃതി ചികിത്സാ ദിനം ആചരിച്ചു

എട്ടാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണം മുട്ടികുളങ്ങര കേരള ആംഡ് പോലീസ്- രണ്ട് (കെ എ പി) ബറ്റാലിയന്‍ ക്യാമ്പില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എ.പി -രണ്ട് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

പ്രകൃതി ചികിത്സയുടെ ആധുനിക ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഡോ. എസ്.ആര്‍ സുജിത് ക്ലാസ് നയിച്ചു. നേച്ചര്‍ ക്യൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എ അഞ്ജു ചടങ്ങില്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എഡിസണ്‍, കെ.എ.പി 2 ബറ്റാലിയന്‍ എസ്.ഐ സിയാദ് എന്നിവര്‍ പങ്കെടുത്തു.

 

വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്: യുവാവിന് രണ്ടു വര്‍ഷം കഠിനതടവും പിഴയും

വ്യാജ സ്വര്‍ണം അസ്സല്‍ സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് മേപ്പറമ്പ് ബംഗ്ലാംപറമ്പ് ഓടക്കല്‍ ഹൗസില്‍ മുഹമ്മദാലിയെ (30) ആണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ് വരുണ്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 (വഞ്ചന) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് രണ്ടുവര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.

2014 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള മണപ്പുറം ഫിനാന്‍സ് ശാഖയില്‍ എത്തിയ മുഹമ്മദാലി, 20.9 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വെക്കുകയും, ഇതിന് പകരമായി 47,000 രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിലാണ് പണയം വെച്ചിരിക്കുന്നത് സ്വര്‍ണ്ണമല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.

തുടര്‍ന്ന് സ്ഥാപന അധികൃതര്‍ മുഹമ്മദാലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൗത്ത് എസ്.എച്ച്.ഒ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ കെ. ഹാജരായി.

 

ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നെല്ലിപ്പുഴ മുതല്‍ ചിറപ്പാടം വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ ആര്‍ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ കോമേഴ്സ് വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജിലെ ഗവേഷണ കേന്ദ്രത്തില്‍ ഡോ. ജയകൃഷ്ണന്‍ എ-യുടെ കീഴില്‍ ‘എനി ടൈം’ (Any Time) വിഭാഗത്തിലായി രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്.

യു.ജി.സി/ജെ.ആര്‍.എഫ് (ഡഏഇ/ഖഞഎ) യോഗ്യതയുള്ളവര്‍ക്കും, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.25-ന് മുന്‍പായി അപേക്ഷയും അനുബന്ധ രേഖകളും കോളേജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

വിക്ടോറിയ കോളേജില്‍ റെയിന്‍ബോ ക്ലബ് ഉദ്ഘാടനം ചെയ്തു

ഗവ. വിക്ടോറിയ കോളേജില്‍ ആരംഭിച്ച റെയിന്‍ബോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയെ ക്വിയര്‍ സുരക്ഷിത ഇടമാക്കി മാറ്റുന്ന ദീര്‍ഘകാല ഉദ്യമത്തിന്റെ ഭാഗമായാണ് കോളേജില്‍ റെയിന്‍ബോ ക്ലബ് രൂപീകരിച്ചത്. മാറ്റിനിർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹിക മുന്നേറ്റത്തിനും, വിദ്യാഭ്യാസത്തിനും ആവശ്യമായ പ്രോത്സാഹനം നൽകുക, യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.ഗവ. വിക്ടോറിയ കോളേജിനു പുറമെ പത്തിരിപ്പാല ഗവ. കോളേജ്, തോലന്നൂര്‍ ഗവ. കോളേജ്, കൊഴിഞ്ഞാമ്പാറ ഗവ. കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും റെയിന്‍ബോ ക്ലബുകള്‍ ആരംഭിച്ചിട്ടുണ്ട്. കോളേജധികൃതരുടെ നിര്‍ദേശാനുസൃതമായും വിദ്യാര്‍ഥി യൂണിയന്റെ പൂര്‍ണ സഹകരണത്തോടെയുമാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ എസ്.എല്‍ സിന്ധു അധ്യക്ഷത വഹിച്ചു. ക്വിയര്‍ ആക്ടിവിസ്റ്റ് ആര്യ വാസുകി മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ആരതി അശോക്, ഐ.ക്യു.എസി കോര്‍ഡിനേറ്റര്‍ പ്രതീഷ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഉത്തര പ്രകാശ്, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കെ.ജി ഭഗത് എന്നിവര്‍ സംസാരിച്ചു. കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!