Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ / തൊഴില്‍ അവസരം ( 19/02/2022 )

സംസ്ഥാനത്തെ  ഊര്‍ജ്ജ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കും:- കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ  ഘട്ടം ഘട്ടമായി ഊര്‍ജ്ജ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം . ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ  പുറത്തു നിന്ന് വാങ്ങുന്ന വൈദുതിയുടെ അളവ് കുറച്ചു കൊണ്ട് വരാന്‍ സാധിക്കുമെന്നും ഇതിലൂടെ ഗാര്‍ഹിക ഇലക്ടിസിറ്റിയുടെ വിലയില്‍  കുറവ് വരുത്താനാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വ്യവസായങ്ങള്‍ക്കുള്‍പ്പെടെ  ചുരുങ്ങിയ ചിലവില്‍ വൈദ്യുതി ലഭ്യമാക്കാന്‍  കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറിയ വൈദ്യുത  പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പുരപ്പുറ സോളാര്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഓരോ വീടും വൈദ്യുതി  ഉത്പാദന കേന്ദ്രമാക്കി  മാറ്റാന്‍ പൊതുജനങ്ങളുടെ  പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബറോടെ   ഇടുക്കി ജലവൈദ്യുത പദ്ധതി രണ്ടാം ഘട്ടത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് നടപ്പിലായാല്‍ വൈദ്യുത ചാര്‍ജ്ജ്  കുറയുമെന്ന് മന്ത്രി ഉറപ്പ്  നല്‍കി .

കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍  കോംബൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ പ്രഭാകരന്‍ എം .എല്‍ .എ അധ്യക്ഷനായി.  വി കെ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി . പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബിനുമോള്‍, കെ എസ് ഇ  ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ വി മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സുന്ദരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ മിന്‍മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ലിമിറ്റഡ് റീസ്, സൗര, സ്‌പോര്‍ട്‌സ്, വെല്‍ഫെയര്‍ ഡയറക്ടര്‍ ആര്‍.സുകു, കെ.എസ്. ഇ.ബി ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ ബി. അശോക്, ഉദ്യോഗസ്ഥര്‍ തുടങിയവര്‍ പങ്കെടുത്തു.

 ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകണം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ അഞ്ച് വര്‍ഷത്തെ ഭരണം മാത്രമായി ചുരുക്കി കാണാതെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്  തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് നിലവില്‍വന്നതിനാല്‍ ത്രതല പഞ്ചായത്തുകളും കോര്‍പ്പറേഷനും സംയുക്തമായാണ് തദ്ദേശസ്വയംഭരണ ദിനാഘോഷം സംഘടിപ്പിച്ചത്.

അധികാര വികേന്ദ്രീകരണത്തിലും, ജനകീയ ആസൂത്രണത്തിലും  കേരളം രാജ്യത്തിനു മാതൃകയാണെന്നും, പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്ത് മാലിന്യനിര്‍മാര്‍ജ്ജനം, വൈദ്യുതീകരണം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി. കെ.ചാമുണ്ണി പരിപാടിയില്‍ അധ്യക്ഷനായി. നവകേരളം കര്‍മ്മപരിപാടി എന്ന വിഷയത്തില്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് എസ്.ആര്‍.ജി. അംഗം പ്രൊഫ. പി.കെ രവീന്ദ്രനും സംയോജിത തദ്ദേശ സ്വയംഭരണ സര്‍വീസ് എന്ന വിഷയത്തില്‍ പാലക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറി ഡി.ജയകുമാറും ക്ലാസെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അഭിജിത്ത്, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ.ചന്ദ്രബാബു, ജില്ലാ,ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

‘മിഴിവ് – 2022’ ഓണ്‍ലൈന്‍ വീഡിയോമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി  സംഘടിപ്പിക്കുന്ന ‘മിഴിവ് – 2022’ ഓണ്‍ലൈന്‍  വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍, വിജയഗാഥകള്‍,സ്വപ്നപദ്ധതികള്‍ തുടങ്ങിയ  വിഷയങ്ങള്‍ വീഡിയോകള്‍ക്ക്  ആധാരമാക്കാം.  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം ഒരുലക്ഷം, അന്‍പതിനായിരം, ഇരുപത്തയ്യായിരം എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും.പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് അയ്യായിരം രൂപ വീതവും  ലഭിക്കും. എന്‍ട്രികള്‍ ഫെബ്രുവരി 28 വരെ അപ് ലോഡ് ചെയ്യാം.
പ്രൊഫഷണല്‍ ക്യാമറയോ മൊബൈലോ ഉപയോഗിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യാം.  ഫിക്ഷന്‍/ ഡോക്യുഫിക്ഷന്‍/ അനിമേഷന്‍,മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങി ഏത്  രീതിയില്‍ നിര്‍മിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. എന്നാല്‍,മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ആധാരമായതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം സൃഷ്ടികള്‍. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്‌സ്.  ക്രെഡിറ്റ്‌സ് ഉള്‍പ്പടെ ചേര്‍ത്ത്  എച്ച് ഡി(1920×1080)mp4 ഫോര്‍മാറ്റില്‍  mizhiv.kerala.gov.in എന്ന വെബ് സൈറ്റിലാണ് വീഡിയോകള്‍ അപ് ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും  പാസ് വേഡും ഉപയോഗിച്ച് വേണം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍. ഒരാള്‍ക്ക് മൂന്ന് വീഡിയോകള്‍വരെ മത്സരത്തിനായി സമര്‍പ്പിയ്ക്കാം. ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരാള്‍ക്കും മത്സരത്തില്‍  പങ്കെടുക്കാം. മത്സരത്തിലേയ്ക്ക് ലഭിക്കുന്ന വീഡിയോകള്‍ വിദഗ്ദ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും. മിഴിവ് മത്സരത്തിലേയ്ക്ക് ലഭ്യമാകുന്ന എന്‍ട്രികളുടെ മുഴുവന്‍ പകര്‍പ്പവകാശവും ഐ &പി ആര്‍ ഡി യില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

 
നാഷണല്‍ ലോക് അദാലത്ത് മാര്‍ച്ച് 12 ന്

സംസ്ഥാന –  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി. കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം.

സെക്രട്ടറി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട് – [email protected]
സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാലക്കാട് – [email protected]
സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചിറ്റൂര്‍ – [email protected]
സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ആലത്തൂര്‍ – [email protected]
സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഒറ്റപ്പാലം – [email protected]
സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മണ്ണാര്‍ക്കാട് – [email protected]

പാലക്കാട് ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് മൂന്ന് ഡോസ് വാക്സിനുകളും ലഭ്യമായി.

പാലക്കാട് ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് ഇരു ഡോസ് വാക്സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ ഇതോടെ 85 ശതമാനമായി15.6 % പേര്‍ക്ക്  ബൂസ്റ്റര്‍ ഡോസ് (precaution dose) വാക്സിനും ലഭ്യമായി.18 വയസ്സിന് മുകളിലുള്ള വരില്‍ 100%  (2144464)പേര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍  അറിയിച്ചു. 79% (857979) പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമായി. ഒന്ന്, രണ്ട്,മൂന്ന് ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചവരില്‍ 3690862 പേര്‍ കോവിഷില്‍ഡും, 485787 പേര്‍ കൊവാക്‌സിനും, 2730 പേര്‍ സ്പുട്‌നിക് വി യുമാണ് സ്വീകരിച്ചത്.

18-44 വരെ പ്രായ പരിധിയിലുള്ള  1088327 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 99 ശതമാനം (1080404), പേര്‍ ഒന്നാം ഡോസും,79 ശതമാനം (491087) പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 45 -59 വരെ പ്രായപരിധിയിലുള്ള  618856 പേരാണ് ജില്ലയില്‍ ഉള്ളത് . ഇതില്‍ 88 ശതമാനം  (546558) പേര്‍ ഒന്നാം ഡോസും,491087 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 60 ന് മുകളില്‍ പ്രായമുള്ള 439346 പേര്‍ ഒന്നാം ഡോസും,397738 പേര്‍ ഒന്ന്,രണ്ട് ഡോസുകളും, 41225 പേര്‍ മൂന്നാം ഡോസും വാക്സിനുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ജോലി ഒഴിവ്.

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഓഫീസ് അറ്റന്‍ഡ് തസ്തികയില്‍ ജോലി ഒഴിവ്. അപേക്ഷകര്‍ ഏഴാം തരം പാസായവരും ബിരുദം നേടാത്ത വരും ആയിരിക്കണം. അഭിമുഖം 22ന് 11 ന് ഗ്രാമ പഞ്ചായത്ത്കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 0466 223 3242

ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിക്കും

ജില്ലാ രജിസ്ട്രേഷന്‍ വകുപ്പിന്റെ നേത്യത്വത്തില്‍ ഫെബ്രുവരി 21 ന് ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10ന് മുതല്‍ ഉച്ചക്ക് ഒന്ന് വരെ പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഭാഷ തന്നെ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരിപാടിയില്‍ മുണ്ടൂര്‍ സേതുമാധവന്‍ പ്രഭാഷണം നടത്തും. ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ടി ജോണ്‍സണ്‍ അധ്യക്ഷനാവും. ജൂനിയര്‍ സൂപ്രണ്ട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ ) ഓഫീസ് വി.സരസ്വതി, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ )ഇന്‍ ചാര്‍ജ് കെ.സുധീര്‍, തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍,  ചിട്ടി ഓഡിറ്റര്‍ എം. ജ്യോതികുമാര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് പ്രശ്നോത്തരിയും സംഘടിപ്പിക്കും.

വിവരശേഖരണം  നടത്തുന്നു

1971 ഇന്ത്യ പാക് യുദ്ധത്തില്‍ പങ്കെടുത്ത  പൂര്‍വി/പശ്ചിമി സ്റ്റാര്‍ മെഡലുകള്‍ കരസ്ഥമാക്കിയവരുടെയും അതേ കാലയളവില്‍ സര്‍വീസിലിരുന്നവരുമായ വിമുക്ത ഭടന്‍മാരുടെ  വിവരങ്ങള്‍  ഇന്ത്യന്‍ ആര്‍മി ശേഖരിക്കുന്നു. വിമുക്ത ഭടന്‍മാര്‍ ആര്‍മിനമ്പര്‍, റാങ്ക്, റെജിമെന്റ്, മര്‍വീസ് ചെയ്ത വര്‍ഷം, മേല്‍വിലാസം എന്നീ  വിവരങ്ങള്‍ ഫെബ്രുവരി 21 ന് മുന്‍പായി പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് അസിസ്റ്റന്‍ര് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633

സ്വയം തൊഴില്‍ പദ്ധതി: ഓഫീസുമായി ബന്ധപ്പെടണം

സ്വയം തൊഴില്‍ പദ്ധതി പ്രകാരം  ബാങ്കുകളില്‍ നിന്നും കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നും ലോണുകള്‍ എടുത്ത്  പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്‍മാരും അവരുടെ വിധവകളും ഒറ്റത്തവണ  ടോപ് അപ്പ് തുക ലഭിക്കുന്നതിന്റെ, വിശദ വിവരങ്ങള്‍ അറിയുവാനായി പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനിക വെല്‍ഫയര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 297 1633

തിരുത്തലുകള്‍-മാര്‍ച്ച് രണ്ട് വരെ അവസരം

2014 മുതല്‍ എന്‍.സി.വി.റ്റി എം.ഐ.എസ്  പ്രകാരം അഡ്മിഷന്‍ നേടിയ ഐ.ടി.ഐ ട്രെയിനികളുടെ  ഇ.എന്‍.റ്റി. സി കളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവിയന്‍സ് പോര്‍ട്ടല്‍ സംവിധാനം മാര്‍ച്ച് രണ്ട് വരെ ലഭിക്കും. ഇ.എന്‍.റ്റി. സി കളില്‍ തിരുത്തലുകള്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക്  പ്രൊഫൈല്‍  മുഖേന ഈ സേവനം ഉപയോഗപ്പെടുത്താം. ഏതൊക്കെ രേഖകളാണ്  പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതെന്ന്  ഗ്രീവിയന്‍സ് രജിസ്റ്റര്‍  ചെയ്യുന്ന  അവസരത്തില്‍ തന്നെ  പോര്‍ട്ടലില്‍ കാണാം.  ഗ്രീവിയന്‍സ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ട്രെയിനികള്‍ പോര്‍ട്ടലില്‍ അപ്ലോഡ്  ചെയ്ത രേഖകളുടെ ഒറിജിനലും പകര്‍പ്പും  സഹിതം നോഡല്‍ ഐ.ടി.ഐ മലമ്പുഴ  ഗവ. ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. ഇ.എന്‍.റ്റി. സി  കളില്‍ തിരുത്തലുകള്‍  വരുത്തുന്നതിന് ടി.ജി.റ്റി  യില്‍ നിന്ന്  മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

നൈപുണ്യ പരിശീലനം: 22 വരെ അപേക്ഷിക്കാം

നൂതന സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള  യുവജനങ്ങള്‍ക്ക് ജനറല്‍ എന്‍ജിനീയറിങ്ങില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍  മാര്‍ച്ച് ഒന്നാം തീയതി മുതല്‍  24 വരെ (എട്ട് ദിവസത്തെ മാനേജ്‌മെന്റ് പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിലും, 12 ദിവസത്തെ നൈപുണ്യ പരിശീലനം   എന്‍.എസ്.എസ് എന്‍ജിനീയറിങ്ങ്  കോളേജിലുമാണ് പരിശീലനം).  ബി.ടെക്ക്/ഡിപ്ലോമ  ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 22 ന് മുമ്പ്  ജില്ലാ വ്യവസായ കോന്ദ്രത്തിലോ  ബന്ധപ്പെട്ട  താലൂക്ക്   വ്യവസായ ഓഫീസിലോ സമര്‍പ്പിക്കണമെന്ന്  ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍:0491 2505408

 
അധ്യാപക ഒഴിവ്

കള്ളാടിപ്പറ്റ  ജി.എല്‍.പി.സ്‌കൂളില്‍ എല്‍.പി. അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് രണ്ടിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2233351

 
ക്വട്ടേക്ഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്  ഡിപ്പാര്‍ട്ട്‌മെന്റ്കാര്‍ഡ് ലാബില്‍ യു.പി.എസ് കളിലേക്കായി ബാറ്ററികള്‍ (ബൈ-ബാക്ക് സ്‌കീം) വിതരണം ചെയ്യുന്നതിനായി  താത്പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേക്ഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേക്ഷനുകള്‍  കൊട്ടേക്ഷന്‍ നമ്പര്‍ 10/21-22, മെക്കാനിക്കള്‍ എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്‌മെന്റിലെ കാഡ് ലാബിലെ യു.പി.എസ് കളിലേക്കായി ബാറ്ററികള്‍  (ബൈ-ബാക്ക് സ്‌കീം)  വിതരണം ചെയ്യല്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ്ങ് കോളേജ്, മണ്ണംപറ്റ(പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് 678633 മേല്‍വിലാസത്തില്‍ അയക്കണം. വിശദവിരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. മാര്‍ച്ച് ഒന്ന്  ഉച്ചക്ക് രണ്ട് വരെ  ക്വട്ടേക്ഷന്‍  സമര്‍പ്പിക്കാം. ഫോണ്‍ : 0466 2260350

 
അഭിമുഖം  രണ്ടിന്

ജില്ലയില്‍  എക്‌സൈസ് വകുപ്പില്‍  സിവില്‍ എക്‌സൈസ് ഓഫീസര്‍ (പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നമ്പര്‍: 189/2020) തസ്തികയിലേക്കുള്ള  തെരെഞ്ഞെടുപ്പിനായി  2021 ഒക്ടോബര്‍ 28 ന് നടത്തിയ ശാരീരിക  അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും  വിജയിച്ചവരെ  ഉള്‍പ്പെടുത്തി 2021 നവംബര്‍ 13 ന്  പ്രസിദ്ധീകരിച്ച  ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം  മാര്‍ച്ച് രണ്ടിന്  പി.എസ്.സി  ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌റ്റേര്‍ഡ്  കത്ത് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.   ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ആവശ്യമായ  രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിച്ചിരിക്കണമെന്ന്  പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 
ലേലം

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള അഗളി, മണ്ണാര്‍ക്കാട്, നാട്ടുകല്‍ പോലീസ് സ്‌റ്റേഷനുകള്‍, പാലക്കാട് ട്രാഫിക് എന്‍ഫോര്‍സെന്റ്  യൂണിറ്റ്,  ടൗണ്‍ സൗത്ത് സ്റ്റേഷന്‍, കസബ, ആലത്തൂര്‍, കോട്ടായി, മംഗലം ഡാം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പളശ്ശേരി, ചിറ്റൂര്‍, കൊഴിഞ്ഞാംപാറ, വടക്കഞ്ചേരി ,തൃത്താല എന്നീ പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ളതും   അവകാശികള്‍  ഇല്ലാത്തതുമായ 32 ലോട്ടകളില്‍ ഉള്‍പ്പെട്ട 102 വാഹനങ്ങള്‍  ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍  വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി  വില്പന നടത്തും. താത്പര്യമുള്ളവര്‍  www.mstcecommerce.com  ല്‍ ബയ്യറായി രജിസ്റ്റര്‍  ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0491 253670

 
മേഖലാതല മത്സരം 22 ന്

കേന്ദ്രയുവജനകാര്യ കായികമന്ത്രാലയം, നെഹ്‌റുയുവകേന്ദ്ര, നാഷണല്‍ സര്‍വീസ്  സ്‌കീം  മുഖേന സംഘടിപ്പിക്കുന്ന  നാഷണല്‍ യൂത്ത്  പാര്‍ലമെന്റ് ഫെസ്റ്റ്  മേഖലാ തല മത്സരം ഫെബ്രുവരി 22 ന് നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ ഓണ്‍ലൈനായി  നടക്കും. മലപ്പുറം, തൃശൂര്‍, ഇടുക്കി, ലക്ഷദ്വീപ്, പാലക്കാട് ജില്ലകളില്‍ നിന്നും തെരെഞ്ഞടുത്ത 2022 ഫെബ്രുവരി 13 ന് 15 വയസ്സ് തികഞ്ഞവരും 29  തികയാത്തവരുമായ മത്സരാര്‍ത്ഥികളാണ്  മേഖലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒരു മത്സരാര്‍ത്ഥി നാല് മിനുട്ടാണ് പ്രസംഗിക്കേണ്ടത്. ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വിച്ഛ് ഭാരത്‌സ്വാസ്ഥ്യഭാരത് എന്നിവയാണ് വിഷയങ്ങള്‍.

error: Content is protected !!