കെ.എസ്.റ്റി.പി റോഡ് പണിയുടെ പേരില്‍ കുടിവെള്ളം മുടക്കുന്നു : കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെയിലത്തിരുന്നു ഒറ്റയ്ക്ക് സമരത്തിന് ഒരുങ്ങുന്നു
കെ.എസ്.റ്റി.പി യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണവുമായി ബന്ധപെട്ടു ജനജീവിതത്തെ ഹനിക്കുന്ന ധാരാളം വിഷയങ്ങൾ ഉണ്ട് എങ്കിലും റോഡ് പണികളുടെ പേരില്‍ കോന്നി മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു . പൈപ്പുകള്‍ കുത്തി പൊട്ടിച്ചു കൊണ്ടാണ് റോഡ് നിര്‍മ്മാണം .കുടിവെള്ളം മുടക്കുന്ന ജല വിഭവ വകുപ്പ് കോന്നി സെക്ഷന്‍ അധികാരികളുടെ നിലപാടുകളില്‍ പ്രതിക്ഷേധിച്ച് കൊണ്ട് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം തന്റെ വാര്‍ഡ് പ്രദേശമായ എലിയറക്കൽ ജംഗ്ഷനിൽ തിങ്കളാഴ്ച്ച 10 മണി മുതൽ വൈകിട്ട് 5 വരെ ഒറ്റയ്ക്ക് സത്യാഗ്രഹ സമരം നടത്തുമെന്ന് അറിയിച്ചു .
കുടിവെള്ളവുമായി ബന്ധപ്പെട്ട ഗൗരവമായ പ്രശ്നങ്ങൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു പരിഹാരവും കണ്ടിട്ടില്ല.രണ്ടോ മൂന്നോ ദിനം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഉപേക്ഷ മനോഭാവത്തോടെ ആണ് കാണുന്നത് എന്നും റോജി പറഞ്ഞു .
ഒന്ന് രണ്ടു വാർഡുകളിൽ വെള്ളം നൽകുന്നു എന്ന് പറയുന്നുണ്ടെങ്കിലും തൃപ്തികരമായി നൽകുന്നില്ല .പൈപ്പ് ലൈൻ നന്നാക്കി തന്നാൽ അവരുടെ ഔദാര്യവും ആവശ്യമില്ല.ഇപ്പോൾ ഫോണിൽ വിളിച്ചാൽ എടുക്കാറുപോലുമില്ല. ക്ഷമക്ക് ഒരു പരിധിയുണ്ട് എന്ന് മനസിലാക്കണം,സഹിക്കാൻ പറ്റുന്നതിനപ്പുറമായി എല്ലാവരും സഹിച്ചു കഴിഞ്ഞു.ഗൗരവമായ ഈ പ്രശ്നം പരിഹരിക്കുവാൻ മറ്റ് മാർഗങ്ങൾ മുന്നിൽ ഇല്ല എന്ന് മനസിലാക്കുന്നു.ഫോൺ പോലും എടുക്കാത്ത സാഹചര്യത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ 2022 ഫെബ്രുവരി 28,,എലിയറക്കൽ ജംഗ്ഷനിൽ ഞാൻ ഒറ്റക്ക് ഒരാളെ പോലും വിളിക്കാതെ സത്യാഗ്രഹ സമരം നടത്തുന്നതാണ് എന്നും റോജി പറഞ്ഞു . ഈ കുടിവെള്ളം ആളുകൾക്ക് ലഭിക്കുന്നതിന് ഒരു പന്തൽ പോലും കെട്ടാതെ, വെയിലത്തിരുന്നു സമരം ചെയ്യും എന്നും റോജി പറഞ്ഞു