അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്. നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന ചുരുക്കം വനിതകൾ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുൻവശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും.
ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. ദീപമോൾക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു.