Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പ് ( 07/03/2022)

 

വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി

ലോകവനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണ സന്ദേശ പ്രചരണാര്‍ത്ഥം വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായാണ് കെ.എസ.്ആര്‍.ടി.സി പ്രത്യേക ഉല്ലാസയാത്രകള്‍ ഒരുക്കുന്നത്. മാര്‍ച്ച് എട്ടിന് എറണാകുളം വണ്ടര്‍ലായിലേക്കാണ് ആദ്യ ഏകദിന ഉല്ലാസയാത്ര. രാവിലെ 6.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിക്കും. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ച് രാത്രി 9.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം.

1285 രൂപയാണ് ചിലവ്. നെല്ലിയാമ്പതിയിലേക്ക് ഒമ്പതാം തീയതി മുതല്‍ യാത്ര തുടങ്ങും. 35 വനിതകള്‍ ഉള്‍പ്പെടുന്ന യാത്രികര്‍ക്കാണ് അവസരം. രണ്ട് ബസുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പാലക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എന്ന പേരില്‍ 12ന് കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്‍.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്. കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദിനത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ പ്രസക്തി വിളിച്ചോതി പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അധ്യകൃതര്‍ അറിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. പരിപാടിയുടെ ഭാഗമായി വനിതാ യാത്രികരെ കെ.എസ്.ആര്‍.ടി.സി ആദരിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-9746203571, 8714062425

അന്താരാഷ്ട്ര വനിതാദിനാഘോഷം; (മാര്‍ച്ച് 08) തുടക്കം

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന് ഇന്ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. സിവില്‍ സ്റ്റേഷന്‍ ഡി.ആര്‍.ഡി.എ ഹാളില്‍ രാവിലെ 10.30 ന് ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഫ്രീഡം വിഷയത്തില്‍ അഡ്വ. കെ വിജയ, 11.30 ന് ഫിനാന്‍ഷ്യല്‍ ലിറ്ററസി എന്ന വിഷയത്തില്‍ വി. ആര്‍ സതീശന്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചിത്രപ്രദര്‍ശനം, രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ധോണി ലീഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ്‌മോബ് എന്നിവ അരങ്ങേറും.

വൈകീട്ട് 6:30ന് ഗവ. മോയന്‍ മോഡല്‍ എല്‍.പി സ്‌കൂളില്‍ നടക്കുന്ന വനിതാദിന സന്ധ്യയുടെ ഉദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി മുഖ്യാതിഥിയാകും. പരിപാടിയില്‍ സ്ത്രീ ശാക്തീകരണ, മുന്നേറ്റ മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ ജില്ലയിലെ വനിതാ വ്യക്തിത്വങ്ങളേയും വിവിധ മേഖലകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വച്ച പ്രതിഭകളായ കുട്ടികളേയും ആദരിക്കും. തുടര്‍ന്ന് പത്മശ്രീ അവാര്‍ഡ് ലഭിച്ച രാമചന്ദ്ര പുലവരുടെ മകള്‍ രജിത രാമചന്ദ്ര പുലവര്‍ അവതരിപ്പിക്കുന്ന പെണ്‍പാവക്കൂത്തും മറ്റുകലാപരിപാടികളും അരങ്ങേറും. രാത്രി കാലങ്ങളില്‍ പൊതു ഇടങ്ങള്‍ സ്ത്രീസുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രാത്രി 10 മുതല്‍ ഗവ. വിക്ടോറിയ കോളേജ് മുതല്‍ കോട്ടമൈതാനം വരെ നൈറ്റ് വാക്ക്, ഈ റൂട്ടിലെ ഷോപ്പുകളില്‍ നൈറ്റ് ഷോപ്പിങ് എന്നിവ നടത്തും. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്. ശുഭ, വനിതാ സംരക്ഷണ ഓഫീസര്‍ വി. എസ് ലൈജു, വിവിധ വനിതാ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

സംരംഭകത്വവും വിപണനവും: വനിതകള്‍ക്കായുള്ള പ്രത്യേക പരിപാടി

ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സംരംഭകത്വവും വിപണനവും വിഷയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ മേഖലയിലും വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, വനിതാശാക്തീകരണം പ്രോത്സാഹിപ്പിക്കുക, സ്വന്തമായി വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് സി.ഡി.സി.യില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04923223297

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പാലക്കാട് ചാപ്റ്റര്‍ ജില്ലാ കലക്ടറെ ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പി.എന്‍ ഫൗണ്ടേഷന്‍ പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുരസ്‌കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയെ ആദരിച്ചു. കലക്ടറുടെ ചേംമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിക്ക് മംഗളപത്രം സമര്‍പ്പിച്ചു. പി.എന്‍ പണിക്കര്‍ 113-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വികസനവാരം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.യു. രാമാനന്ദ്, ഫൗണ്ടേഷന്‍ ജില്ലാസെക്രട്ടറി ഡോ. മാന്നാര്‍ ജി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, എം നാരായണന്‍, പി.യു കേശവദാസ് എന്നിവര്‍ പങ്കെടുത്തു.

 

തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ജില്ല സന്ദര്‍ശനം മാര്‍ച്ച് 21 ന് ; ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്തലും ഫലപ്രദമായ നടപ്പാക്കലും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാര്‍ച്ച് 21 ന് ജില്ല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മാര്‍ച്ച് 21 ന് ഉച്ചക്ക് മൂന്നിന് ഷൊര്‍ണൂര്‍ കുളപ്പുള്ളി ഗസീബോ ഹെറിറ്റേജില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.വി ഗോവിന്ദന്‍ അഭിസംബോധന ചെയ്യും. പരിപാടിയില്‍ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പും പൊതുസര്‍വ്വീസും, നവകേരള കര്‍മ്മപദ്ധതി 2, പതിനാലാം പദ്ധതി സമീപനവും ലക്ഷ്യവും, ലൈഫ് ഭവനപദ്ധതി – മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയ്ന്‍, അതിദാരിദ്ര്യലഘൂകരണം- മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍, വാതില്‍പ്പടി സേവനം വിപുലീകരണം, തൊഴില്‍ ദാതാക്കള്‍ 1000 ജനസംഖ്യയില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്നിവയുടെ ചര്‍ച്ചയും അവലോകനവും നടക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, മിഷന്‍ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഭാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍(ഐ.സി) കെ.പി വേലായുധന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്കായുള്ള തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ ദീര്‍ഘിപ്പിച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പരിശീലനത്തിന് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് വി.ടി.ഇ.ഇ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക് സര്‍വ്വേ മുഖാന്തിരം ജനറേറ്റ് ചെയ്ത് യൂണിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. യൂണിക്ക് ഐ.ഡി ലഭ്യമല്ലാത്തവര്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പ്രൊമോട്ടര്‍ മുഖേന യൂണീക്ക് ഐ. ഡി ജനറേറ്റ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായി കേന്ദ്രങ്ങളില്‍ സഹായം ലഭിക്കും ഫോണ്‍ 0491-2505383.

ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍ 1-ഓഫീസ് പരിധിയില്‍ വരുന്ന പത്തിരിപ്പാല എച്ച.്പി പെട്രോള്‍ പമ്പിനു സമീപം നില്‍ക്കുന്ന നാല് മഴമരങ്ങള്‍, മങ്കര വില്ലേജ് ഓഫീസിന് സമീപം നില്‍ക്കുന്ന ഒരു അക്കേഷ്യ മരം, മങ്കര പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ബദാം എന്നീ മരങ്ങള്‍ ലേലം ചെയ്യും. മഴമരങ്ങള്‍ക്കും അക്കേഷ്യമരത്തിനും നിരതദ്രവ്യം 1000 രൂപയും ബദാം മരത്തിന് 500 രൂപയുമാണ്. മാര്‍ച്ച് 14ന് രാവിലെ 11 മുതല്‍ ലേലം നടക്കും.

ഇ-ടെന്‍ഡര്‍

പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ എം.ആര്‍.ഐ കംപാഷ്യബിള്‍ പ്രഷര്‍ ഇന്‍ജെക്ടര്‍ വിതരണം ചെയ്യുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 18000 രൂപ. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 11. ടെന്‍ഡര്‍ മാര്‍ച്ച് 14 ന് തുറക്കും. ഫോണ്‍: 0491-2533327.

സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. സാമ്പത്തിക വര്‍ഷാവസാനം പ്രമാണിച്ചാണ് സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചതെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491-2534392

ക്വട്ടേക്ഷന്‍

ജില്ലാ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിലേക്ക് മൈകോ ഇയര്‍ സര്‍ജറി സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേക്ഷന്‍ ക്ഷണിച്ചു. ക്വട്ടേക്ഷന്‍ മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേക്ഷന്‍ തുറക്കും. ഫോണ്‍: 0491-2533327, 2534524

പെണ്ണിടവും ലിംഗനീതിയും സെമിനാര്‍ സംഘടിപ്പിച്ചു

താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പെണ്ണിടവും ലിംഗനീതിയും വിഷയത്തില്‍ താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു. ഇ പദ്മനാഭന്‍ സ്മാരക സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ നിര്‍വ്വാഹക സമിതിയോഗം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരി എം.ബി. മിനി, വിഷയാവതരണം നടത്തി. താലൂക്ക് സെക്രട്ടറി പി.ടി.കുഞ്ഞന്‍ താലൂക്ക് നിര്‍വ്വാഹക സമിതിയംഗം വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഫോണ്‍: 0491 2544414

മലമ്പുഴ ഐ.ടി.ഐ-ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മലമ്പുഴ വനിത ഐ.ടി.ഐ യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന കോഴ്സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 19 ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മൂന്ന് മാസം കാലാവധിയുള്ള സ്റ്റിച്ചിംഗ് ആന്റ് എംബ്രോയിഡറി കോഴ്സിലും, പ്ലസ്ടൂ,ഐ.ടി.ഐ/ഐ.ടി.സി എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മൂന്ന് മാസത്തെ ത്രീ ടി വിഷ്വലൈസേഷന്‍ കോഴ്സിനും(ത്രീ ടി എസ് മാക്സ്, വി- റേ, ഫോട്ടോഷോപ്പ്, റെവിറ്റ്) , എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക്ഒരു മാസം ദൈര്‍ഘ്യമുള്ള ടാലി ഇ.ആര്‍.പി 9, എം.എസ്.ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷി്ക്കും. ഫോണ്‍: 0491 2815181

സാഗി പദ്ധതി: തിരുവേഗപ്പുറ പ്രഖ്യാപനം മാര്‍ച്ച് 11 ന്

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിനെ സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത പ്രഖ്യാപനം മാര്‍ച്ച് 11 ന് വൈകിട്ട് 2.30 ന് തിരുവേഗപ്പുറ കെ.എം.കെ ഓഡിറ്റോറിയത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും. വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗം നടക്കും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!