Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകര്‍ / അറിയിപ്പുകള്‍ ( 09/03/2022 )

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കും: മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍
നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ‘നവകേരളം തദ്ദേശകം’ ജില്ലാതല അവലോകനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രതിബദ്ധത പാവപ്പെട്ടവരോടാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. തദ്ദേശവകുപ്പ് എകീകരണത്തിന്റെ പ്രധാനലക്ഷ്യം അതാണ്. ഫയല്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണലൈന്‍ ആക്കും, നിര്‍മ്മിതബുദ്ധി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും.
കേരളത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് കൂടി വീട് നല്‍കേണ്ടി വരും. അതില്‍ 2.5 ലക്ഷം പേര്‍ക്ക് ഭൂമി ആവശ്യമുണ്ട്. അത് ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ വഴി കൂടി ലഭ്യമാക്കണം. വാതില്‍പടി സേവനം, ശുചിത്വം, തൊഴില്‍ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കൂടി തദ്ദേശസ്ഥാപനങ്ങള്‍ മുന്നേറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി. ജില്ലയിലെ അതിദാരിദ്ര്യ സര്‍വേ റിപ്പോര്‍ട്ട് മന്ത്രി പ്രകാശനം ചെയ്തു. ലൈഫ് മിഷന് ഭൂമി ദാനം ചെയ്ത രാജേന്ദ്രന്‍ പിള്ള, രാജന്‍പിള്ള എന്നിവരെയും മന്ത്രി ആദരിച്ചു. ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ റ്റി.കെ.സയൂജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

മനസോടെ മണ്ണ് നല്‍കി രാജന്‍പിള്ളയും…
പാവപ്പെട്ടവര്‍ക്ക് വീടൊരുക്കാനായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ്  ചവറ മണ്ണൂര്‍ പുത്തന്‍വീട്ടില്‍ എന്‍. രാജന്‍പിള്ള. ലൈഫ് പദ്ധതിയുടെ ഭാഗമായ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 40 സെന്റ് വസ്തുവാണ് അദ്ദേഹം കൈമാറിയത്. ഇതിന്റെ രേഖകള്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറി.
എട്ടാം വയസില്‍ അമ്മയോടൊപ്പം തൊണ്ട് ചുമന്ന് തുടങ്ങിയ അധ്വാനത്തിന്റെ ഒരു വിഹിതമാണ് രാജന്‍പിള്ള നാടിനായി മാറ്റി വെച്ചത്. കൈവണ്ടിവലിക്കല്‍, മത്സ്യക്കച്ചവടം, കയര്‍പിരി, ഹോട്ടല്‍ തുടങ്ങി ഒട്ടേറെ ജോലികളുടെ സമ്പാദ്യമാണ് പലയിടുത്ത് വസ്തു വാങ്ങാന്‍ ഇടയാക്കിയത്. ഇപ്പോള്‍ 68 വയസ്സായി. മക്കള്‍ക്ക് എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കി. ഇനി ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരെ സഹായിക്കണമെന്ന ന•യിലേക്ക് ഭാര്യ പത്മജയാണ് നയിച്ചത്. നിറമനസ്സോടെ രാജന്‍പിള്ള തീരുമാനെമടുത്തു, ഭൂമി നല്‍കാം…
പ്രഭാത സവാരിക്ക് കൂടെക്കൂടുന്ന സുഹൃത്താണ് സര്‍ക്കാരിന്റെ മനസോടിത്തിരി മണ്ണ് ക്യാമ്പയിനെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍പിള്ളയുമായി ചേര്‍ന്ന് നടപടിക്രമങ്ങളിലേക്ക്. ഭൂമി നല്‍കുന്നതില്‍ മക്കളള്‍ക്കും ഒരേ മനസ്സ്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് വസ്തു കൈമാറ്റമെന്ന് രാജനപിള്ള. കൈനിറയെ ഇല്ലെങ്കിലും ഉള്ളതില്‍ ഒരു പങ്ക് നാടിനായി മാറ്റി വെക്കണമെന്നുള്ളത് കൊണ്ടാണ് വസ്തു നല്‍കിയത്.  സുമനസ്സുകള്‍ക്ക് ഇത് പ്രചോദനമായെങ്കില്‍ എന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 1.27 ഏക്കര്‍ ഭൂമിയാണ് ലൈഫ് മിഷന് ലഭിച്ചത്. രാജന്‍പിള്ളയെ കൂടാതെ ചെന്നൈ, ലക്ഷ്മി നിവാസില്‍ ഹേമാ ജയചന്ദ്രന്‍ പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ 73 സെന്റും പാവുമ്പ സ്വദേശി പൊന്നാതിരയില്‍ രാജേന്ദ്രന്‍പിള്ള 14 സെന്റ് ഭൂമിയും നല്‍കി.

 

ദി സിറ്റിസണ്‍’ ലോഗോ പ്രകാശനം
ജില്ലാപഞ്ചായത്തിന്റെ ഭരണഘടന സാക്ഷരതാ പരിപാടിയായ ‘ദി സിറ്റിസണിന്റെ’ ലോഗോ പ്രകാശനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്തില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി.
ജില്ലയിലെ 10 വയസിനു മുകളിലുള്ള മുഴുവന്‍ പേരെയും ഭരണഘടന സാക്ഷരത ഉള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ് 14 ന് അര്‍ദ്ധരാത്രി ജില്ലയെ രാജ്യത്തെ ആദ്യ ഭരണഘടനാ സാക്ഷരത ജില്ലയാക്കി പ്രഖ്യാപിക്കും. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ റ്റി.കെ.സയൂജ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജലജീവന്‍ മിഷന്‍
അവലോകന യോഗം ചേര്‍ന്നു

ജലജീവന്‍ മിഷന്‍ ജില്ലാതല പ്രവര്‍ത്തികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി .
ചിതറ പഞ്ചായത്തിലെ പദ്ധതിക്ക് 26.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 850 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി. കരീപ്ര കുടിവെള്ള പദ്ധതിക്കായി 1.3 കോടി രൂപ അനുവദിച്ചിരുന്നു. നിലവില്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്. തൃക്കരുവ, പനയം, പെരിനാട്, മണ്‍ട്രോത്തുരുത്ത് പഞ്ചായത്തുകളിലേയും കൊറ്റങ്കരയിലേയും പദ്ധതികളും ചര്‍ച്ച ചെയ്തു. റോഡ് കട്ടിംഗ്, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി അനുമതി ആവശ്യമായ പ്രവര്‍ത്തികളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, പഞ്ചായത്ത്തല പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി : ജില്ലാ കലക്ടര്‍
മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിധിയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക പദ്ധതി രൂപീകരിച്ചെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ജലസ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ച് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കും.
ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കും. ജില്ലാ വികസന കമ്മീഷണര്‍ നോഡല്‍ ഓഫീസറും എ.ഡി.എം കണ്‍വീനറുമായ സമിതിയില്‍ മൈനര്‍-മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. ബ്ലോക്ക്, പഞ്ചായത്ത് തല സമിതികളും അനുബന്ധമായി രൂപീകരിക്കും.
വിശദമായ പദ്ധതി രൂപരേഖ 10 ദിവസത്തിനുള്ളില്‍ സമര്‍പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.പഠനത്തിന് സാങ്കേതിക വിദഗ്ധരെയും ചുമതലപ്പെടുത്തും.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, എ.ഡി.എം എന്‍. സാജിത ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മാര്‍ച്ച് 12ന് മദ്യനിരോധനം
കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവ ദിവസമായ മാര്‍ച്ച് 12ന് കടയ്ക്കല്‍, ചടയമംഗലം പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

 

സ്‌പോട്ട് രജിസ്‌ട്രേഷന്‍
പുരപ്പുറങ്ങളില്‍ സബ്‌സിഡിയോടു കൂടി സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന ‘സൗര’ പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 10,11 തീയതികളില്‍ എല്ലാ സെക്ഷന്‍ ഓഫീസുകളിലും രാവിലെ 10 മുതല്‍ നാല് വരെ നടക്കും. രജിസ്റ്റര്‍ ചെയ്യേണ്ട 13 അക്ക കണ്‍സ്യൂമര്‍ നമ്പറും, മൊബൈല്‍ ഫോണുമായി എത്തിച്ചേരണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0474 2740593, 9446008268.

 

പക്ഷി സര്‍വേ
ലോക വനദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മീനാട് പോളച്ചിറ തണ്ണീര്‍ തടങ്ങളില്‍ പക്ഷികളുടെ സര്‍വ്വേ നടത്തി. പക്ഷിനിരീക്ഷകന്‍ ഡോ. ജിഷ്ണു നേതൃത്വം നല്‍കി. വിഷ്ണു, അമ്പാടി, റെജി, പ്രസാദ്, ഷിനു, സാബു, ബിജു സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ സെക്ഷന്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ സെക്ഷന്‍ ഓഫീസര്‍മാരായ എം സതീഷ് , എസ്. ആര്‍. റെജി, എം. നൗഷാദ്, പി. കെ.രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്രമക്കേടുകള്‍ കണ്ടെത്തി
ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി ജില്ലയില്‍ നടത്തിയ പൊതുവിപണി പരിശോധനയില്‍ ആറിടത്തു ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍, പെട്രോളിയം പമ്പുകളിലെ അളവിലെ കൃത്യത, വ്യാജ ബി.ഐ.എസ് ഉത്പന്നങ്ങള്‍ എന്നിവയാണ് പരിശോധിച്ചത്.
ജില്ലാ സപ്ലൈ ഓഫിസര്‍ സി.വി.മോഹനകുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

വനിതാ ദിനാചരണം
ജില്ലാ ഹോമിയോ ആശുപത്രി സീതാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. പനയം പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി ഉദ്ഘാടനം ചെയ്തു. പനയം പഞ്ചായത്ത് പ്രസിഡണ്ട് ഡോ. രാജശേഖരന്‍ അധ്യക്ഷനായി. സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജുഷ, ജിജി രമേശ്, ഷീലാകുമാരി, ആശകുമാരി, ഡോ. ബി.മായ തുടങ്ങിയവര്‍ പങ്കെടുത്തു

 

ഗതാഗത നിയന്ത്രണം
കുണ്ടറ-ചിറ്റുമല-മണ്‍ട്രോത്തുരുത്ത് റോഡില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ പൊതുഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in ലിങ്കിലൂടെ നല്‍കണം. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍ 0474 2749048, 8075333190.

 

 

error: Content is protected !!