Input your search keywords and press Enter.

കെട്ടി കിടക്കുന്ന വെളളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു

 

 

ജില്ലയില്‍ ജലാശയങ്ങളിലും പാടങ്ങളിലും കെട്ടി കിടക്കുന്ന വെളളത്തിലും സ്വകാര്യ കുളങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴ് പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ വല്ലന, ഇലന്തൂര്‍, ചെറുകോല്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, ഓമല്ലൂര്‍, പത്തനംതിട്ട മുന്‍സിപ്പാലിറ്റി, ചാത്തങ്കരി, വളളിക്കോട്, കൂടല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ മുറിവുകള്‍ ഉളളപ്പോള്‍ മലിനജലത്തിലിറങ്ങാതിരിക്കുക. സ്വകാര്യ കുളങ്ങളിലും ജലാശയങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണം.
എലിപ്പനി ലക്ഷണങ്ങളായ പനി, കാല്‍വണ്ണയിലെ പേശികളിലുണ്ടാകുന്ന വേദന, തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ആരംഭത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായതിനാല്‍ സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

മലിനജല സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുളള ജോലികളിലേര്‍പ്പെടുന്ന എല്ലാവരും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡോക്സി സൈക്ലിന്‍ കഴിക്കണം. ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.

error: Content is protected !!