Input your search keywords and press Enter.

പാലക്കാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/03/2022)

പാലപ്പുറം ഗവ.ഐ.ടി.ഐ. പുതിയ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും

പാലപ്പുറം ഗവ. ഐ.ടി.ഐ. പുതിയ കെട്ടിടം ഉദ്ഘാടനം (മാര്‍ച്ച് 12) വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ -പിന്നാക്കവിഭാഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഐ.എ.ടി.ഐയില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ.കെ. പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി.അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.പി.ജയശ്രീ, ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ യു.പി. ജെയ്‌സി ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ .ജാനകി ദേവി , വൈസ് ചെയര്‍മാന്‍ കെ. രാജേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ ടീച്ചര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ്. ശ്രീജ എന്നിവര്‍ പങ്കെടുക്കും.

വനിതകള്‍ക്ക് വിനോദയാത്ര – ആനവണ്ടി ഗ്രാമയാത്ര

ലോകവനിതാദിനത്തോടനുബന്ധിച്ച് പാലക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എന്ന പേരില്‍ (മാര്‍ച്ച് 12) കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്‍.ടി.സി യാത്ര സംഘടിപ്പിക്കുന്നു. കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദിനത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ പ്രസക്തി വിളിച്ചോതി പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അധ്യകൃതര്‍ അറിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. ഫോണ്‍-9746203571, 8714062425

ഇടം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്‍കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇടം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപിക അനീറ കബീറിന് നല്‍കി നിര്‍വഹിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഇതര ലൈംഗിക വിഭാഗങ്ങള്‍ക്ക് കൂടി പ്രാപ്യമാക്കുക എന്നതാണ് ക്യാംപെയിന്റെ പ്രധാന ലക്ഷ്യം. ലോഗോ പ്രകാശന ചടങ്ങില്‍ എ.ഡി.എം. കെ. മണികണ്ഠന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. എ.സന്തോഷ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (ഡി.ഡി.യു.ജി.കെ.വൈ ) നിമിഷ, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോക്ഡ്രില്‍ സംഘടിപ്പിച്ചു

സിവില്‍ ഡിഫെന്‍സ് വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍.സി.സി എന്നിവര്‍ ചേര്‍ന്ന് പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ക്കായി മോക്ഡ്രില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.എന്‍. സീമയുടെ അധ്യക്ഷതയില്‍ ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. പ്രവീണ്‍ ക്ലാസെടുത്തു. ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ ഉപയോഗിക്കുന്ന വിധം പ്രാക്ടിക്കല്‍ സഹിതം പരിശീലനം നല്‍കി. കത്തുന്ന ഗ്യാസ് സിലിണ്ടര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നതിനെകുറിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ട്രെയിനര്‍ പ്രണവും റോഡ് സുരക്ഷ മുങ്ങിമരണം അപകടം നടന്നാല്‍ സഹായിക്കേണ്ട രീതികളെക്കുറിച്ച് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ ടി.എം ചഷില്‍കുമാറും ക്ലാസുകള്‍ എടുത്തു. അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ എ. അനീഫ് പോസ്റ്റ് വാര്‍ഡന്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

നികുതി 31 വരെ അടക്കാം

കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ലൈസന്‍സ്, തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ ഈ മാസം 31നകം അടക്കണമെന്നും ഗ്രാമ പഞ്ചായത്ത് കാര്യാലയം മാര്‍ച്ച് 31 വരെ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് വരെ വസ്തുനികുതി അടക്കുന്നതിന് തുറന്ന് പ്രവര്‍ത്തിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ജവാന്‍ന്മാരുടെ വിധവകള്‍, വിമുക്തഭടന്മാര്‍ എന്നിവരുടെ സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ 2022-2023 കാലയളവിലെ വസ്തുനികുതി ഇളവിന് രേഖകള്‍ സഹിതം മാര്‍ച്ച് 31 ന് അപേക്ഷ നല്‍കണം.

ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് കഞ്ചിക്കോട് കിഫ് ഹൗസില്‍ ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു. എ.പ്രഭാകരന്‍ എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടനാ നേതാക്കള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ കഴിയുമെന്ന് എം.എല്‍.എ. പറഞ്ഞു. പരിപാടിയില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയിന്റ ഡയറക്ടര്‍ കെ.ജയചന്ദ്രന്‍ അധ്യക്ഷനായി. പാലക്കാട് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് 1 ഇന്‍സ്‌പെക്ടര്‍ എ.കണ്ണയ്യന്‍, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി രാജു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.മല്ലിക, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. പി.കെ വേണു, ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം ആര്‍. ഹരിദാസ്, എസ്.ടി.യു പാലക്കാട് മേഖലാ പ്രസിഡന്റ് സൈയ്തലവി പൂളക്കാട്, പാലക്കാട് നോര്‍ത്ത് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് എം.പ്രമോദ് എന്നിവര്‍ സംസാരിച്ചു.

 

ചെമ്പൈ സംഗീത കോളേജില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിലെ ജീവനി വനിതാ സെല്‍, വിമുക്തി തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പാലക്കാട് മണി അയ്യര്‍ കണ്‍സര്‍വേറ്ററിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എസ്.ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കൊച്ചി യെസ് ട്രെയിനിങ് സൊല്യൂഷന്‍സ് മൈന്‍ഡ് മിത്ര ലൈഫ് കോച്ച് ജോസ്‌കോ മുഖ്യാതിഥിയായി. മാസ്റ്ററിങ്ങ് ഇമോഷന്‍സ് എന്ന വിഷയത്തില്‍ ക്ലാസും നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ജീവനി കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനീഷ് കുമാര്‍, യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി ശ്രീരാമന്‍, വനിതാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.സിന്ധു, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സൈക്കോളജി അപ്രന്റിസ് ആഷ്‌ലി ടോം എന്നിവര്‍ പങ്കെടുത്തു.

മരം ലേലം

പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ വില്ലേജ് ഓഫീസ് പരിസരത്തെ ഉങ്ങ് മരം മുറിച്ചു മാറ്റിയത് (വിറക്) മാര്‍ച്ച് 22 ന് രാവിലെ 11 ന് തിരുവേഗപ്പുറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ :04662214300

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ : വായ്പാ പദ്ധതി

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ മുഖേന ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പാ ധനസഹായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് . വായ്പാ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി അടുത്തുള്ള സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെടണമെന്ന് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) എം.പി. ഹിരണ്‍ അറിയിച്ചു.

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേള 14 മുതല്‍

ഭാരതീയ തപാല്‍ വകുപ്പ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്- ഗ്രാമീണ മേഖലയിലുള്ള റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് (പി.എല്‍.ഐ, ആര്‍. പി. എല്‍. ഐ) പദ്ധതികളില്‍ ചേരുന്നതിനും മുടക്കിയ പോളിസികള്‍ പുതുക്കുന്നതിനും പാലക്കാട് ഹെഡ് പോസ്റ്റാഹഫീസില്‍ മാര്‍ച്ച് 14 മുതല്‍ 19 വരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മേള സംഘടിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖല, പൊതുമേഖല-സ്വകാര്യമേഖല-സഹകരണ-മേഖല- ബാങ്ക് ജീവനക്കാര്‍, പ്രൊഫഷണല്‍സ്, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ആര്‍ക്കിടെക്ട്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, എന്‍.എസ്.സി, ബി.എസ്.സി ലിമിറ്റഡ് കമ്പനി ജീവനക്കാര്‍, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിലും, ഗ്രാമീണ മേഖലയിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സില്‍ ചേരാം. പി. എല്‍.ഐ പരമാവധി 50 ലക്ഷം, ആര്‍. പി. എല്‍. ഐ പരമാവധി 10 ലക്ഷം, പ്രായപരിധി 19 വയസ്സ് മുതല്‍ 55 വയസ്സ് വരെ. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ബോണസ്സ്, ഇന്‍കം ടാക്‌സ് ഇളവ്, വായ്പാ സൗകര്യം, വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക പ്രീമിയം അടവിന് പ്രത്യേക കിഴിവ്, ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാന്‍ സൗകര്യം എന്നിവ ലഭിക്കും. പോളിസിയില്‍ ചേരുന്നതിന് ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പാലക്കാട് പോസ്റ്റ് ഓഫീസില്‍ എത്തണമെന്ന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :0491-2544740,2545850

സൗജന്യ കലാ പരിശീലനം

സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ഒരുക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്കിന് കീഴില്‍ സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, കര്‍ണാടക സംഗീതം, കണ്യാര്‍കളി, ചെണ്ട എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി കല അഭ്യസിക്കാം. അപേക്ഷ ഫോറം അതാത് പഞ്ചായത്ത്/ ബ്ലോക്ക് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 21ന് ഉച്ചയ്ക്കു മൂന്നിനകം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ, തപാലിലോ [email protected] മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ :6282490398, 9995324656.

ലേലം

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പാലക്കാട് ടൗണ്‍ സൗത്ത് ,ടൗണ്‍ നോര്‍ത്ത് സ്റ്റേഷനുകള്‍, പാലക്കാട് ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് യൂണിറ്റ്, കസബ , വാളയാര്‍, ചിറ്റൂര്‍ ്, ആലത്തൂര്‍ ്, കോട്ടായി , വടക്കാഞ്ചേരി്, മംഗലംഡാം ്, കൊല്ലംകോട് , ഒറ്റപ്പാലം , ഷൊര്‍ണൂര്‍ ്, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി ്, ചാലിശ്ശേരി, നാട്ടുങ്കല്‍, മണ്ണാര്‍ക്കാട്് പോലീസ് സ്റ്റേഷനുകള്‍, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് യൂണിറ്റ്, എന്നീ സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ള 161 വാഹനങ്ങള്‍ മാര്‍ച്ച് 22 ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ :04912536700

ലെവല്‍ ക്രോസ് അടച്ചിടും

കഞ്ചിക്കോട്, കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംങ് ഗേറ്റ് (നമ്പര്‍ 156) അറ്റകുറ്റപ്പണികള്‍ക്കായി മാര്‍ച്ച് 12ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും മാര്‍ച്ച് 13 മുതല്‍ 16 വരെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയും അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പുത്തൂര്‍, കടുക്കാംകുന്നം, മന്തക്കാട്, മലമ്പുഴ വഴി പോകണം.

നാറ്റ്പാക് പരിശീലനം

സ്‌ഫോടകവസ്തുക്കള്‍ എല്‍.പി.ജി, പെട്രോളിയം ഉത്പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് നാറ്റ് പാക് പരിശീലനം നല്‍കുന്നു. മാര്‍ച്ച് 16, 17 ,18 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം. ഫോണ്‍ -0471 2779200, 9074882080

സൗജന്യ കലാ പരിശീലനം

സാംസ്‌കരികവകുപ്പ് തദ്ദേശ സ്ഥാനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്കിന് കീഴില്‍ കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, കഥകളിസംഗീതം, ചിത്രകല – പെയിന്റിംഗ്, മാപ്പിള കല ( ദഫ് മുട്ട്, അറബനമുട്ട് ) തോല്‍പാവ കൂത്ത്, തിറ കളി (അനുഷ്ഠാനകല) എന്നിവയില്‍ സൗജന്യ കലാപരിശീലനം നടത്തുന്നു.

താത്പര്യമുള്ളവര്‍ ഈ മാസം 20 നകം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ കണ്‍വീനര്‍, വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 679101 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക് ഓഫീസിലും ഗ്രാമ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം.

ഇന്‍ഡ് എക്‌സ്‌പോ -2022 ന് തുടക്കം

ജില്ലയിലെ എം.എസ്.എം.ഇ സംരംഭങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡ് എക്‌സ്‌പോ -2022 വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേളക്ക് തുടക്കം. ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ച്ച് 14 വരെ ഹോട്ടല്‍ ഗസാല ഹാളിലാണ് മേള ഒരുക്കിയിരിക്കുന്നത്. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, നാളികേര ഉല്‍പന്നങ്ങള്‍, ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്, ചപ്പല്‍സ്, അഗ്രികള്‍ച്ചറല്‍ ഇപ്ലിമെന്റസ്, ഭക്ഷ്യോല്പന്നങ്ങള്‍ , ചൂരല്‍ മുള ഉത്പന്നങ്ങള്‍ , ബാഗുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. ജില്ലയിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.

 

error: Content is protected !!