മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടന്‍ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്കിയ രണ്ട് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു ഫയലുമാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്.
വാദം കേള്‍ക്കല്‍ ഇരുപത് മിനിറ്റോളം നിർത്തിവെച്ച ശേഷം ചേമ്പറില്‍ പോയാണ് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവര്‍ ഫയലുകള്‍ പരിശോധിച്ചത്.മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്ന ശൈലിയോട് തനിക്ക് വിയോജിപ്പാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വാദം കേള്‍ക്കലിനിടെ അഭിപ്രായപ്പെട്ടു
എന്ത് കൊണ്ടാണ് ലൈസെന്‍സ് നിഷേധിച്ചത് എന്ന് മീഡിയ വണ്ണിനെ അറിയിക്കേണ്ടതല്ലേയെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരോട് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. ആരോപണം എന്താണെന്ന് അറിഞ്ഞാല്‍ അല്ലേ മറുപടി നല്കാന് കഴിയൂ എന്നും ബെഞ്ച് വ്യക്തമാക്കി.ഫയലുകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാമോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.