Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (16-3-22)

‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് ജില്ലയില്‍ തുടക്കമായി
‘ഇടം’ ബോധവല്‍ക്കരണക്യാംപയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളില്‍ പരിവര്‍ത്തനം വരുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നതിന്റെ ഭാഗമായാണ് ഈ ക്യാംപയിന്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാ കുമാരിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു.
എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇടം ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ലോഗോ പ്രകാശനം വനിതാ ദിനത്തില്‍ ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ്മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജില്ലാ തലങ്ങളില്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതുആരോഗ്യ സംവിധാനത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തും. ക്യാംപെയിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തും.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ മാസ്് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍. ഷൈലാഭായി എന്നിവര്‍ പങ്കെടുത്തു.

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
പത്തനംതിട്ട ജില്ലയിലെ 2000-ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ജില്ലാ ട്രഷറി ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ വില്‍പ്പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
എഴുത്തുലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി വില്‍പന, ക്രമാതീതമായ സെറ്റ് വില്‍പ്പന തുടങ്ങിയ ലോട്ടറി മേഖലയിലെ അനഭിലഷണീയ വില്‍പ്പന രീതികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍  എന്‍.ആര്‍. ജിജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി.ബി. സുബൈര്‍ മുഖ്യാതിഥിയായിരുന്നു.

വ്യവസായ വകുപ്പിന്റെ നിക്ഷേപക സംഗമം(17)
സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി ജില്ലാതല നിക്ഷേപ സാധ്യതകള്‍, വ്യവസായ
വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, ബാങ്ക് പ്രതിനിധികള്‍ അവതരിപ്പിക്കുന്ന  ബാങ്ക് വായ്പാ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നതിന്  മാര്‍ച്ച് 17 ന് രാവിലെ 10 മുതല്‍  വൈകിട്ട് അഞ്ചു വരെ പത്തനംതിട്ട ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ ജില്ലാതല  നിക്ഷേക സംഗമം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍  അഡ്വ. ടി. സക്കീര്‍ ഹുസൈന്‍  അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, പത്തനംതിട്ട കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി. മിനിമോള്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബാങ്കുകളെ ജില്ലാ കളക്ടര്‍ ചടങ്ങില്‍ അനുമോദിക്കും.
സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലം മുതല്‍ വ്യവസായ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുകയാണ്.

യുവജന കമ്മീഷന്‍  മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022
അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന യുവജന കമ്മീഷന്‍  മാര്‍ച്ച് 22ന്   കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും.
തൊഴില്‍ മേളയില്‍ 18 നും 40 നും മേധ്യ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.  നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.

അയിരൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം;
എഴുമറ്റൂര്‍ കൊറ്റന്‍കുടി ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം 19ന്

ജലജീവന്‍ മിഷന്‍ വഴിയുള്ള അയിരൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും എഴുമറ്റൂര്‍ കൊറ്റന്‍കുടി ഭാഗത്തെ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും 19ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രാവിലെ 11 ന് അയിരൂര്‍ ചെറുകോല്‍പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
അയിരൂര്‍ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച അയിരൂര്‍ കാഞ്ഞീറ്റുകര ശുദ്ധജല വിതരണ പദ്ധതി 32 കോടി രൂപ വിനിയോഗിച്ച് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി 3128 കുടുംബങ്ങള്‍ക്ക് അയിരൂര്‍ പഞ്ചായത്തില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കേണ്ടതുണ്ട്. ഇതിനായി 15 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കണം. ഇതിനായി ജലജീവന്‍ മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒന്‍പതു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ കഴിയും. ഉയര്‍ന്ന  പ്രദേശമായ എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടിയില്‍ വലിയ ജല ദൗര്‍ലഭ്യമാണ് നേരിടുന്നത്. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി 500 പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി 3.32 കോടി രൂപയുടെയും രണ്ടാംഘട്ടമായി 350 കുടിവെള്ള കണക്ഷനുകള്‍ക്ക് 1.74 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 910 കുടിവെള്ള കണക്ഷന്‍ ഇതുവഴി നല്‍കിക്കഴിഞ്ഞു.  30 വര്‍ഷത്തിലേറെയായി കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയാത്ത 165 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ഉദ്ഘാടനവും നടക്കും.

 

 

മെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം: ജില്ലാ കളക്ടര്‍

മാര്‍ച്ച് 19 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മെഗാ ജോബ് ഫെയറിന്റെ മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും സങ്കല്‍പ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ഒരുപാട് ആളുകള്‍ ഉണ്ട്. ഇങ്ങനെ ഉള്ളവര്‍ക്ക്  തൊഴില്‍മേളയിലൂടെ തൊഴില്‍ നേടാനും ജീവനോപാധി ലഭിക്കുന്നതിനും അവസരമൊരുങ്ങും. തൊഴില്‍ ദാതാക്കള്‍ക്ക് ഉദ്യോഗാര്‍ഥികളുമായി  നേരിട്ട് സംസാരിക്കാനും അവരെ വിലയിരുത്താനും ജോബ് ഫെയറിലൂടെ സാധിക്കും. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവരെ  തൊഴില്‍മേഖലയിലേക്ക് എത്തിക്കുന്നതിന് പ്രത്യേകമായി ഊന്നല്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ഉല്ലാസ്, കെഎഎസ്ഇ കോ-ഓര്‍ഡിനേറ്റര്‍ അഭി തുടങ്ങിയവര്‍ പങ്കെടുത്തു. സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍ :7907741960.

പരിഭ്രാന്തി സൃഷ്ടിച്ച സന്ദേശം ബോധവല്‍ക്കരണത്തിന് വഴിമാറി;
കടയ്ക്കാട്ടെ ദുരന്ത നിവാരണ മോക്ഡ്രില്‍ ശ്രദ്ധേയമായി

പന്തളം കടയ്ക്കാട് ദേവീക്ഷേത്ര സത്ര കടവിന് സമീപം അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് കന്നിയേലതുണ്ടില്‍ ചീര്‍പ്പ് ഭാഗത്ത് നിരവധി ആളുകള്‍ കുടുങ്ങിയിരിക്കുന്നുവെന്ന  സന്ദേശം കുറച്ചു സമയത്തേക്കെങ്കിലും ആശങ്കപടര്‍ത്തി. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായി രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആശങ്ക ആശ്വാസത്തിനും ബോധവല്‍ക്കരണത്തിനും വഴിമാറി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, പോലീസ്, പന്തളം നഗരസഭ, കെഎസ്ഇബി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്നു വിലയിരുത്തുന്നതിനുള്ള പരിശീലനത്തിനും ബോധവല്‍ക്കരണത്തിനുമാണ് ആധുനിക  ഉപകരണങ്ങളുടെ സഹായത്തോടെ മോക്ഡ്രില്‍ നടത്തിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി. റബ്ബര്‍ ബോട്ട് (ഡിങ്കി), സ്ട്രച്ചര്‍, ലൈഫ് ബോയി, ലൈഫ് ജാക്കറ്റ്, റോപ്പ്, ആംബുലന്‍സ് തുടങ്ങിയവ മോക്ഡ്രില്ലിന് ഉപയോഗിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റില്‍ നിന്ന് മോക്ഡ്രില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ മോക്ഡ്രില്‍ ഏകോപിപ്പിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, നഗരസഭ കൗണ്‍സിലര്‍  കെ.ആര്‍. രവി, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, അടൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍,  എസ്‌ഐ ബി. ശ്രീജിത്ത്, കുരമ്പാല വില്ലേജ് ഓഫീസര്‍ ജി.അനന്ദകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!