Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 18/03/2022)

ഭാസുര’ ജില്ലാതല ഉദ്ഘാടനം  (മാര്‍ച്ച് 19) മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും
സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തിലെ ഗോത്ര മേഖലയിലെ ഭക്ഷ്യഭദ്രതയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ഗോത്രമേഖലയില്‍ ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ‘എന്ന ആശയം പ്രചരിപ്പിക്കുന്ന ‘ഭാസുര’ ഗോത്ര വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം  (മാര്‍ച്ച് 19 ) രാവിലെ 9:30 ന് അച്ചന്‍കോവില്‍ വൈഷ്ണവി പാലസ് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. പി. എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗം എസ്. സബിതാ ബീഗം മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

 

 

വേണാട് പദയാത്ര മാര്‍ച്ച് 20ന്
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്‌സ് കേരള ഘടകവും ചേര്‍ന്ന് വേണാടിന്റെ ചരിത്രം തേടിയുള്ള പദയാത്ര സംഘടിപ്പിക്കുന്നു. ഗതകാല വേണാടിന്റെ തലസ്ഥാനം, ചരിത്രശേഷിപ്പുകള്‍, പോയകാലത്തിന്റെ അടയാളങ്ങള്‍ എന്നിവ തേടി അഞ്ചുകല്ലുംമൂട് മുതല്‍ വടയാറ്റ്‌കോട്ട വരെ മാര്‍ച്ച് 20നാണ് യാത്ര നടത്തുക. ഡോ. മനോജ്കിണി നയിക്കുന്ന യാത്ര കലക്‌ട്രേറ്റിന് മുന്നിലാണ് രാവിലെ ഏഴിന് തുടങ്ങുക എന്ന് ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍ അറിയിച്ചു.

 

ചവറ സൗത്ത് എല്‍. പി സ്‌കൂള്‍ പൂര്‍വസ്ഥിതിയില്‍ ആക്കണം: ബാലാവകാശകമ്മീഷന്‍
സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗുമായി ബന്ധപ്പെട്ട് ചവറ സൗത്ത് സര്‍ക്കാര്‍ എല്‍.വി.എല്‍.പി സ്‌കൂളിന് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് ക്ലാസ് മുറികളും ഓഡിറ്റോറിയവും പരിസരവും പൂര്‍വസ്ഥിതിയിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. സപ്ലൈകോ റീജണല്‍ മാനേജര്‍, ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് നടപടി ചുമതല. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് ആക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉറപ്പുവരുത്തണം. ആര്‍. രാജേഷ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കമ്മീഷനംഗം റെനി ആന്റണി ആണ് ഉത്തരവിട്ടത്.

 

അച്ചന്‍കോവില്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസിന് സ്ഥലം ലഭ്യമാക്കണം : ബാലാവകാശ കമ്മീഷന്‍
അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലം വനനിയമ പ്രകാരം ലഭ്യമാക്കാന്‍ ബാലാവകാശകമ്മീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷനംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
നടപടി സംബന്ധിച്ച് മൂന്ന് മാസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സ്‌കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കാനും നിര്‍ദ്ദേശം നല്‍കി. അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് അച്ചന്‍കോവില്‍ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

 

തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്
കൊട്ടാരക്കര നഗരസഭ തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ് മാര്‍ച്ച് 31 ന് രാവിലെ 10 മണി മുതല്‍ 2.30 വരെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടത്തും. വോട്ടെണ്ണല്‍ മൂന്നുമണിക്ക് തുടങ്ങും. നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായ തെരുവോര കച്ചവടക്കാരില്‍ നിന്നും ഒമ്പത് പേരെ തിരഞ്ഞെടുക്കും. മൂന്നിലൊന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കണം. എസ്. സി, എസ്. ടി, ഒ.ബി.സി, മൈനോറിറ്റി, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കും. നഗരസഭാ പരിധിയില്‍ തെരുവോര കച്ചവടം ചെയ്യുന്ന നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് വോട്ടവകാശം.
നാമനിര്‍ദേശ പത്രിക ഫോം വിതരണം ഇന്ന് (മാര്‍ച്ച് 19) നടക്കും. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22. സൂക്ഷ്മപരിശോധന 23 ന് നടക്കും. പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 24 ആണ് എന്ന് കച്ചവട സമിതി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.സുജി അറിയിച്ചു.

 

എലിപ്പനി പ്രതിരോധം
ആരോഗ്യ കേന്ദ്രങ്ങളില്‍ ‘ഡോക്‌സി കോര്‍ണര്‍’ സജ്ജം

ജില്ലയില്‍ എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ‘ഡോക്‌സി കോര്‍ണര്‍’ സജ്ജമാക്കി. എലി, പശു, പന്നി, പട്ടി തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കും. മലിനമായ വെള്ളം, മണ്ണ് എന്നീ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിരന്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും രോഗസാധ്യത കൂടുതലാണ്.
കടുത്ത പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, മാംസപേശികളില്‍ വേദന, കാല്‍മുട്ട് വേദന, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കരുത്. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയരുത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കൈകാലുകളില്‍ മുറിവുകള്‍ ഉണ്ടെങ്കിലോ മലിനമായ മണ്ണ്, വെള്ളക്കെട്ട്, ഒഴുക്കുവെള്ളം എന്നീ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയോ മീന്‍ പിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആരോഗ്യവിദഗ്ധന്റെ സേവനം തേടണം. രോഗപ്രതിരോധത്തിന് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളിക കൃത്യമായ ഇടവേളകളില്‍ കഴിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

 

തപാല്‍ അദാലത്ത് മാര്‍ച്ച് 30ന്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തപാല്‍ അദാലത്ത് മാര്‍ച്ച് 30 ന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തിലോ മുന്‍പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്തതോ ആയ പരാതികള്‍ മാത്രമാണ് പരിഗണിക്കുക.
പരാതികള്‍  [email protected]  ഇ-മെയില്‍ വിലാസത്തിലേക്ക് മാര്‍ച്ച് 26 ന് മുന്‍പ്  DAK ADALAT QUARTER ENDING MARCH  2022 തലക്കെട്ടോടെ അയക്കണം. മൊബൈല്‍ നമ്പറും അഡ്രസ്സും ഉള്‍പ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഉള്ള യൂസര്‍ ഐഡിയും പാസ്വേഡും പരാതിക്കാരന് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ വഴി കൈമാറുമെന്ന് പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി ഊര്‍ജ്ജിതമാക്കും – വനിതാ കമ്മീഷന്‍
ജോലിസ്ഥലങ്ങളില്‍ നിന്നുള്ള പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് പരാമര്‍ശം.
ഔദ്യോഗിക തലത്തിലുള്ള തര്‍ക്കങ്ങളാണ് പിന്നീട് വ്യക്തിപരമായി മാറുന്നത്. ഇത് ഗുരുതര പ്രശ്‌നമാണ്. 10 സ്ത്രീകള്‍ ജോലിയെടുക്കുന്ന കമ്പനികള്‍, സ്ഥിരജോലി സംവിധാനങ്ങളുള്ള ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നുള്ളത് നിര്‍ബന്ധമാണ്. വനിതാ കമ്മീഷന് മുന്നില്‍ എത്തുന്ന ഭൂരിഭാഗം പരാതികളും ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുന്നില്‍ എത്തിയിട്ടില്ലാത്തവയാണ് . പലര്‍ക്കും സ്ഥാപനങ്ങളിലെ സമിതിയെ കുറിച്ച് അറിവില്ലാത്തത് വെല്ലുവിളിയാകുന്നുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി ഭൂരിഭാഗം പ്രശ്‌നങ്ങളും കമ്പനികള്‍ക്ക് ഉള്ളില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കും.  തൊഴിലിടങ്ങള്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കാന്‍ വേണ്ടിയിട്ടുള്ള ഇടപെടല്‍ വനിതാകമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകും. തുറന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നതിനായി പൊതു ഇടങ്ങളായി തൊഴിലിടങ്ങള്‍ മാറേണ്ടതുണ്ട്.
അദാലത്തില്‍ 124 പരാതികളാണ് പരിഗണിച്ചത്. 44 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 75 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു

 

ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കാന്‍ കെ.എം.എം.എല്‍
വ്യവസായ സ്ഥാപനമായ കേരളാമിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കാന്‍ ‘ഹരിതം ഈ തീരം’ പദ്ധതി. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 21ന് തുടക്കമാകും. ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ നിര്‍വഹിക്കും.
ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മണ്ണിട്ട് നിരപ്പാക്കിയ പ്രദേശങ്ങളില്‍ ഫലവൃക്ഷങ്ങളും, പുന്ന, തെങ്ങ് തുടങ്ങിയവയും നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. പൂന്തോട്ടവും ഒരുക്കും. നീണ്ടകര കോസ്റ്റല്‍ പോലീസ്, പ്രദേശത്തെ കോളേജുകളുടെയും സ്‌കൂളുകളുടെയും സഹകരണവും ഉറപ്പാക്കിയാണ് നിര്‍വഹണം.
ആദ്യഘട്ടത്തില്‍ 250 തൈകളാണ് നടുന്നത്. ചെമ്മണ്ണ്, കമ്പോസ്റ്റ്, വേപ്പിന്‍പുണ്ണാക്ക്, ഉമി എന്നിവ പ്രത്യേകം അളവില്‍ ചേര്‍ത്ത മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. ജൈവവൈവിദ്ധ്യ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. രണ്ടാംഘട്ടത്തില്‍ ഉദ്യാനത്തോട് അനുബന്ധിച്ച് മത്സ്യകൃഷിയും പരിഗണനയിലുണ്ട്. കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നീണ്ടകര കോസ്റ്റല്‍ പോലീസ്, ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ്, ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് ചവറ, ഫാത്തിമ മാതാ നാഷനല്‍ കോളേജ്, കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, ചവറ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, മാതൃഭൂമി, എന്‍വിയോണ്‍ കേരള തുടങ്ങിയവയുട സഹകരണത്തോടെയാണ് ഉദ്യാനനിര്‍മിതി‘

 

കൈത്താങ്ങ്’ ഏകദിന ശില്പശാല
ജില്ലാ വനിതാ-ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീണ്ടകര ഹോളി ക്രോസ് പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ ഹാളില്‍ ‘കൈത്താങ്ങ്’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി. ആര്‍. ബിജുകുമാര്‍ അധ്യക്ഷനായി.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ കെ.ലൂക്കോസ്, ബിനു ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജി.പ്രസന്നകുമാരി, ചവറ ശിശുവികസന ഓഫീസര്‍ ജയശ്രീ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലന്‍, കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

error: Content is protected !!