Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്ത /അറിയിപ്പുകള്‍ 19/03/2022 )

വനമേഖലയില്‍ സമഗ്രവികസനം
വിപണി കീഴടക്കാന്‍ ‘അച്ചന്‍കോവില്‍ ഹണി’ ബ്രാന്‍ഡ് അവതരിപ്പിച്ച് – മന്ത്രി എ.കെ ശശീന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അച്ചന്‍കോവില്‍ വനം ഡിവിഷനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. കല്ലാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ്, അച്ചന്‍കോവില്‍ ഹണി പ്രോസസിംഗ് യൂണിറ്റ്, ഇ-ഓഫീസ്, വിദ്യാവനം, കുളത്തൂപ്പുഴ സര്‍ക്കാര്‍ എച്ച്.എസ്.എസ്ല്‍ ഫോറസ്ട്രി ക്ലബ്, അച്ചന്‍കോവില്‍ ഹണി ബ്രാന്‍ഡ് ലോഞ്ചിംഗ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് അച്ചന്‍കോവിലില്‍ കല്ലാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് തുടങ്ങിയത്. ആദിവാസികളുടെ ഉന്നമനത്തിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായി 13 ലക്ഷം രൂപ ചിലവില്‍ വനഉല്പ്പന്ന ശേഖരണ സംസ്‌കരണ യൂണിറ്റിനും തുടക്കമായി. 2000 കിലോ തേന്‍ ശേഖരണ യൂണിറ്റാണിത്. ഇവിടെ സജ്ജമാക്കുന്ന തേന്‍ 15 വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. മന്ത്രി വ്യക്തമാക്കി. ‘അച്ചന്‍കോവില്‍ ഹണി’ ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനവും തേന്‍ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ഇതര മേഖലകളുമായി സഹകരിച്ച് കേരളത്തിലാകെ വനംവകുപ്പിന്റെ ബ്രാന്‍ഡിലുള്ള തേന്‍ വിപണിയില്‍ ഇറക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ലേലം ചെയ്യാതെ കെട്ടികിടക്കുന്ന തടികള്‍ അടിയന്തരമായി ലേലം ചെയ്യും.  ഇതുവഴി ഒരു കോടിയിലധികം വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേറ്റവര്‍ക്ക് സഹായധനം നല്‍കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 10 കോടി രൂപയാണ് വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ധനസഹായ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങും. വനമേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും പരിഗണിക്കും. വിദ്യാവനം പദ്ധതിയുടെ ലക്ഷ്യം ഇതു തന്നെയാണ്. 47 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
എക്കോ ടൂറിസം പദ്ധതികള്‍ രണ്ടു മാസത്തിനകം തന്നെ ആരംഭിക്കണം. വനസംരക്ഷണ സമിതികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും വേണം.- മന്ത്രി പറഞ്ഞു.
2020-21, 2021-22 വര്‍ഷങ്ങളിലെ വനമിത്ര അവാര്‍ഡ് വിതരണം നടത്തി.  വി.എസ്.എസ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി വിവിധ സാമഗ്രികള്‍ വിതരണം ചെയ്തു. വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍, ഗ്യാസ് സ്റ്റൗ വിതരണം, അച്ചന്‍കോവില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഞ്ച് ബോക്‌സ്-സ്‌കൂള്‍ബാഗ് വിതരണം, മള്‍ട്ടി ഫങ്ഷന്‍ ലേസര്‍ പ്രിന്ററിന്റെയും, സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്കുള്ള 100 കസേരകളുടെയും വിതരണം തുടങ്ങിയവയും മന്ത്രി നിര്‍വഹിച്ചു.
പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.ജി അനില്‍കുമാര്‍, അച്ചന്‍കോവില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ സഹദേവന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കിടാരികളെ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ നല്‍കും – മേയര്‍
കോര്‍പറേഷന്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കിടാരി വളര്‍ത്തല്‍  പദ്ധതിയുടെ വിതരണോദ്ഘാടനം പുന്തലത്താഴം മൃഗാശുപത്രിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. വരും വര്‍ഷങ്ങളില്‍ പരമാവധി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി കൂടുതല്‍ തുക വകരയിരുത്തും. ഇപ്പോള്‍ കോര്‍പറേഷന്‍ പരിധിയിലുള്ള 200 വനിതകള്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ 12,000 രൂപ വിലയുള്ള കിടാരികളെയാണ് നല്‍കുന്നത്. ഗുണഭോക്തൃ വിഹിതം നല്‍കിയ 65 പേര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സങ്കര ഇനത്തില്‍പ്പെട്ട കിടാരികളെ ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ നല്‍കും എന്നും മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്‍, ജി. ഉദയകുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ എ. നൗഷാദ്, സെക്രട്ടറി പി. കെ. സജീവ്, വെറ്ററിനറി സര്‍ജന്‍ വി. ആര്‍. മിനി, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വാതില്‍പടി സേവന പരിശീലനം നല്‍കി
‘വാതില്‍പടി സേവനം’ പദ്ധതി പ്രകാരം കൊല്ലം കോര്‍പ്പറേഷന്റെ 55 ഡിവിഷനുകളിലേക്കും സേവനം ലഭ്യമാക്കുന്നതിന്റ ഭാഗമായി കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വൊളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. നിരാലംബര്‍ക്കെല്ലാം സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തുടര്‍ പരിശീലനവും പിന്തുണയും ഉറപ്പാക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്,  ചികിത്സാ സഹായം,   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായങ്ങളും ലഭ്യമാക്കുന്നതിനാണ് അദ്യഘട്ട പരിശീലനത്തില്‍ മുന്‍ഗണന.

 

സ്ത്രീകള്‍ക്കായുള്ള നിയമസംവിധാനങ്ങള്‍ ഉചിതമായി പ്രയോജനപ്പെടുത്തണം : വനിതാ കമ്മീഷന്‍
സ്ത്രീകള്‍ക്കായുള്ള നിയമസംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഒട്ടേറെ കേസുകള്‍ പരിഗണിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷാഹിദാ കമാല്‍, എം. എസ്. താര എന്നിവരുടെ പരാമര്‍ശം.
പുരുഷ•ാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി പരാതിയുമായി സമീപിക്കരുത്. പരാതി കൊടുക്കുന്ന സ്ത്രീകള്‍ അദാലത്തില്‍ വരാതിരിക്കുന്ന പ്രവണത ഒഴിവാക്കണം. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ല, ഇതിന് മറ്റ് നിയമ സംവിധാനങ്ങളെ സമീപിക്കണമെന്നും നിര്‍ദ്ദേശിച്ചു.
സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കുടുംബ ബന്ധങ്ങളെ വഷളാക്കുന്നു. കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ സാമ്പത്തിക സുരക്ഷ കൂടി ഉറപ്പാക്കണമെന്നും നിരീക്ഷിച്ചു.
ആകെ പരിഗണിച്ച 126 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 92 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ് മാര്‍ച്ച് 30ന്
കരുനാഗപ്പളളി നഗരസഭയിലെ തെരുവ് കച്ചവട സമിതിയുടെ (ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റി) പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 30 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ നടത്തും. അംഗീകാരമുള്ളവരില്‍ നിന്ന് ഒമ്പത് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. മൂന്നിലൊന്ന് സ്ത്രീകളായിരിക്കണം. എസ്.സി/എസ്.ടി, മൈനോറിറ്റി, ശാരീരിക വൈകല്യം ഉള്ളവര്‍ക്കും പ്രാതിനിധ്യമുണ്ടാകും. നഗരസഭ പരിധിയില്‍ തെരുവ് കച്ചവടം ചെയ്യുന്ന നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് വോട്ടവകാശം.
നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 21 മുതല്‍ ലഭിക്കും, സമര്‍പ്പിക്കേണ്ടത് 23 വരെ. സൂക്ഷ്മ പരിശോധന 24ന്, 25 വരെ പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് ദിവസമായ 30ന് ഉച്ചയ്ക്ക് ഒരു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

 

കാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞം
കാര്‍ഷിക യന്ത്രവത്കരണ മിഷനും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന കാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞത്തിന് ജില്ലാ കൃഷ് എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ തുടക്കമായി. യന്ത്രങ്ങളുടെ അറ്റകുറ്റപണിയും പരിചയ പരിശീലനവുമാണ് നടത്തുന്നത്. കാര്‍ഷിക കര്‍മസേനാംഗങ്ങളായ തിരഞ്ഞെടുത്ത 20 പേരാണ് പങ്കെടുക്കുന്നത്. മിഷന്‍ സി.ഇ.ഒ ജയകുമാരനാണ് നേതൃത്വം നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ. എസ്. ഷീബ അധ്യക്ഷയായി.

 

(പി.ആര്‍.കെ.നമ്പര്‍ 742/2022)

താത്ക്കാലിക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്ക്കാലിക ഒഴിവുണ്ട്. ഐ. ടി. ഐ യോഗ്യതയുള്ളവര്‍ സാക്ഷ്യപത്രങ്ങളുമായി 23ന് രാവിലെ 10ന് പ്രിന്‍സിപ്പലിന് മുന്നില്‍ എത്തണം. ഫോണ്‍ – 0474 2484068.

 

തൊഴില്‍ പരിശീലനം
ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ ക്ലബ്ബ് അംഗങ്ങള്‍ക്കായി നടത്തിയ കേക്ക് നിര്‍മ്മാണ പരിശീലനം ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡോ. സുജിത് വിജയന്‍ പിള്ള എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം സന്തോഷ് കാല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു, യുവതീ ക്ലബ്ബ് ഭാരവാഹികളായ ദീപ, ആതിര, ഷെര്‍മി തുടങ്ങയിവര്‍ സംസാരിച്ചു. സ്മിത ക്ലാസ്സ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കേക്ക് നിര്‍മാണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബുകളില്‍ നിന്ന് 35 പേര്‍ പങ്കെടുത്തു.

 

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍നിധിയുടെ ഏപ്രില്‍ മുതലുള്ള ഗഡുക്കള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

മാലിന്യസംസ്‌കരണം മെച്ചപ്പെടുത്താന്‍ പദ്ധതി
സുനാമി കോളനികളിലെ മാലിന്യസംസ്‌കരണം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതിക്ക് ദിശ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ആന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) രൂപം നല്‍കി. ഹൗസിംഗ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സ്വച്ഛ് ഭാരത് മിഷന്‍ എന്നിവ സംയുക്തമായി നേതൃത്വം നല്‍കും. ഫണ്ട് സ്വച്ഛ്ഭാരത് മിഷന്‍ ലഭ്യമാക്കും.
ജില്ലയില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം അനുവദിച്ച 18 റോഡുകളുടെ നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ നിര്‍മാണം നടത്താനും അനുമതി നല്‍കണം എന്നും ആവശ്യമുന്നയിച്ചു.
എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷനായി. ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതികാ വിദ്യാധരന്‍, ആനന്ദവല്ലി, ജയദേവി മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, ദിശ കണ്‍വീനര്‍ ടി.കെ. സയൂജ, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അഭിമുഖം
മുള്ളുമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 30 രാവിലെ 11 മണിക്ക് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  നടക്കും. യോഗ്യത എന്‍.സി.പി/സി.സി.പി. പ്രായപരിധി 50 വയസ്.  വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന  അസ്സല്‍ രേഖകള്‍, ബയോഡാറ്റ  എന്നിവ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ഫോണ്‍- 0474 2797220.

 

error: Content is protected !!