Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകൾ (21/03/2022)

ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് നാളെ തുടക്കം

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം മാര്‍ച്ച് 23, 24 തിയതികളില്‍ നെടുമണ്‍കാവ് സുരഭി ആഡിറ്റോറിയത്തില്‍ നടക്കും. 24ന് രാവിലെ 11.30ന് ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ക്ഷീര സംഗമം, ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, നാടന്‍ ഉരുക്കളുടെ പ്രദര്‍ശനം, ജില്ലാ പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി ഉദ്ഘാടനം, കരീപ്ര പഞ്ചായത്തിന് അനുവദിച്ച ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം, പൊതുസമ്മേളനം, മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും ആദരിക്കല്‍ എന്നിവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, കേരളാ ഫീഡ്‌സ്, കെ.എല്‍.ഡി.ബി, ആത്മ, സഹകരണ ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ വാക്കനാട് ക്ഷീരോല്‍പാദക സഹകരണ സംഘം ആതിഥേയത്വം വഹിക്കും.

 

നോര്‍ക്ക ജില്ലാ സെല്‍ പുതിയ ഓഫീസില്‍

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന നോര്‍ക്ക റൂട്ട്സ് കൊല്ലം ജില്ലാ സെല്‍ പോളയത്തോട് കോര്‍പ്പറേഷന്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ നവീകരിച്ച ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റി. വിവിധ പ്രവാസിക്ഷേമ സമാശ്വാസ പദ്ധതികള്‍ക്ക് ഈ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ -8281004902

 

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് ; രജിസ്റ്റര്‍ ചെയ്യാം

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് 2022-23 വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രീമിയം തുക 389 രൂപ. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. മാര്‍ച്ച് 29 വരെ സഹകരണസംഘങ്ങളില്‍ പ്രീമിയം തുക അടയ്ക്കാം. 18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2772971, 9526041182

 

തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ടിംബര്‍ കട്ടിംഗ്, ഫെല്ലിംഗ് & ട്രാന്‍സ്‌പോര്‍ട്ടിംഗ് ഓഫ് ലോഗ്‌സ്, റബ്ബര്‍ ക്രോപ്പ് മില്‍ എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് 24ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ട് മണിക്കും 2.30നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തെളിവെടുപ്പില്‍ കൊല്ലം ജില്ലയിലെ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍ 04742794820

 

ഖനനമേഖലയില്‍ ജൈവ ഉദ്യാനം ; പദ്ധതിക്ക് തുടക്കം

കേരളാമിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ(കെ.എം.എം.എല്‍) ആഭിമുഖ്യത്തില്‍ ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കുന്ന ‘ഹരിതം ഈ തീരം’ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ നിര്‍വഹിച്ചു. മാവ്, പുന്ന എന്നിവയുടെ 250 തൈകളാണ് ഖനനമേഖലയില്‍ നട്ടത്. നീണ്ടകര കോസ്റ്റല്‍ പോലീസ് ഉള്‍പ്പെടെ പ്രദേശത്തെ കോളേജുകളുടെയും സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തിന്റെയാകെ ജൈവ പുനരുജ്ജീവനമാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടത്തില്‍ മത്സ്യ കൃഷി, കുളത്തിന് ചുറ്റും തെങ്ങ് വച്ചുപിടിപ്പിക്കല്‍ എന്നിവ നടത്തും. ഒപ്പം പൂന്തോട്ടവും ഒരുക്കും. ഉദ്യാനത്തിന്റെ മേല്‍നോട്ടത്തിനായി ജീവനക്കാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. കോസ്റ്റല്‍ പോലീസിന്റെ പരിശോധനയും പരിപാലനവും ഉണ്ടാകും. തൈകളുടെ വളര്‍ച്ചയ്ക്കായി ചെമ്മണ്ണ്, കമ്പോസ്റ്റ്, വേപ്പിന്‍പുണ്ണാക്ക്, ഉമി എന്നിവ പ്രത്യേകം അളവില്‍ ചേര്‍ത്ത മിശ്രിതമാണ് ഉപയോഗിക്കുക.

ഉദ്ഘാടന ചടങ്ങില്‍ കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ചന്ദ്രബോസ്.ജെ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ എന്‍വിയോണ്മെന്റല്‍ എഞ്ചിനീയര്‍ സിമി, കരുനാഗപ്പള്ളി എ.സി.പി എ. പ്രദീപ്കുമാര്‍, എം.എസ് യൂണിറ്റിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

അന്താരാഷ്ട്ര വന ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വന ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും കവിയരങ്ങും നടന്നു. കടയ്ക്കല്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാര്‍ അധ്യക്ഷനായി. കവികളായ കുരീപ്പുഴ ശ്രീകുമാര്‍, ഗിരീഷ് പുലിയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി കവിയരങ്ങ് അവതരിപ്പിച്ചു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ വി.ജി അനില്‍കുമാര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഓണ്‍ലൈന്‍ വാഹന ലേലം

ജില്ലയിലെ ചവറ, അഞ്ചാലുംമൂട്, പാരിപ്പള്ളി, കൊല്ലം ഈസ്റ്റ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, കൊട്ടിയം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള 177 അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ മാര്‍ച്ച് 30ന് പകല്‍ 11 മണി മുതല്‍ 3:30 വരെ ഓണ്‍ലൈനായി പൊതു ലേലം ചെയ്യുന്നതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് : 0474 2764422 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

 

റാങ്ക് പട്ടിക റദ്ദാക്കി

വിദ്യാഭ്യാസവകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി (എല്‍.പി.എസ് ) (കാറ്റഗറി നമ്പര്‍ 393/2020) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസ് അറിയിച്ചു.

 

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

മുള്ളുമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 30ന് രാവിലെ 11 മണിക്ക് തേവള്ളിയിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍.സി.പി /സി.സി.പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഹാജരാകണം. ഫോണ്‍ 04742797220

 

അംഗത്വം സ്വീകരിക്കാം

സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലയിലെ അണ്‍ അറ്റാച്ചഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്ത 26(എ) കാര്‍ഡ് നേടിയ എല്ലാ ചുമട്ടുതൊഴിലാളികള്‍ക്കും സ്‌കാറ്റേര്‍ഡ് ക്ഷേമ പദ്ധതിയില്‍ അംഗത്വം സ്വീകരിക്കുന്നതിനും അത് വഴി ഇശ്രം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അവസരം ഒരുക്കിയതായി കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. അംഗത്വം നേടുന്നതിനായി 26 (എ) കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ 04742749048, 8075333190.

 

കേക്ക് നിര്‍മാണ പരിശീലനം നടത്തി

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ ക്ലബ്ബ് അംഗങ്ങള്‍ക്കായി നടത്തുന്ന തൊഴില്‍ പരിശീലനങ്ങളുടെ ഭാഗമായി കേക്ക് നിര്‍മ്മാണ പരിശീലനത്തിന്് കുളക്കട ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സുമലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ടി ഇന്ദുകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസര്‍ ആയി തിരഞ്ഞെടുത്ത കുളക്കട കൃഷി ഓഫീസര്‍ ടിസി റെയ്ച്ചല്‍ തോമസിന് ബോര്‍ഡിന്റെ ഉപഹാരവും ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള കേക്ക് നിര്‍മാണ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു.

 

 

error: Content is protected !!