‘തെളിനീരൊഴുകും കേരളം’ പദ്ധതിയുടെ ജില്ലാതല പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ അഭിജിത്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ്‍കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സംയുക്തമായി ‘തെളിനീരൊഴുകും നവകേരളം’ ലോഗോയുടെ പ്രകാശനം ജില്ലാപ്ലാനിംഗ് ഓഫീസര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ‘തെളിനീരൊഴുകും നവകേരളം’ ബ്രോഷര്‍ പ്രകാശനം ജില്ലാ കലക്ടര്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നവകേരളം കര്‍മ്മപദ്ധതി പ്രവര്‍ത്തനമാര്‍ഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവകേരളം രണ്ട് മാസ്‌കോട്ട് പ്രകാശനം ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച തെളിനീരൊഴുകും നവകേരളം മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ജില്ലാതല ജലസമിതി രൂപീകരിക്കുകയും, ജില്ലാതല ക്യാമ്പയിന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചു. സംസ്ഥാനത്തെ എല്ലാ തരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വ്യത്തിയോടെയും ശുചിത്വത്താടെയും നിലനിര്‍ത്തുന്നതിനുമായി ‘ തെളിനീരൊഴുകും നവകേരളം’ എന്നപേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി – 2 ന്റെ ഭാഗമായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പരിപാടിയുടെ തുടര്‍ച്ചയായുമാണ് സംഘടിപ്പിക്കുന്നത്. ലോക ജലദിനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിനജല സംസ്‌കരണത്തിനും കക്കൂസ്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഖരമാലിന്യ സംസ്‌കരണത്തിനും ശാസ്തീയ സംവിധാനങ്ങളൊരുക്കി ജലം സ്രോതസ്സുകളിലെക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതെയാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുക അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഫോട്ടോ; തെളിനീരൊഴുകും കേരളം’ പദ്ധതിയുടെ ജില്ലാതല പ്രചരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.
ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി സൃഷ്ടിപരമായ ആവിഷ്‌ക്കാരങ്ങളിലൂടെ ഓരോ വോട്ടിന്റെയും പ്രാധാന്യം വിളിച്ചോതുന്നത്തിനായി ‘എന്റെ വോട്ട് എന്റെ ഭാവി – ഒരു വോട്ടിന്റെ ശക്തി’ എന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ക്വിസ്, ഗാനരചന, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, മുദ്രാവാക്യ രചന എന്നിങ്ങനെ അഞ്ച് വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. അമച്വര്‍, പ്രൊഫെഷണല്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മത്സരം. മത്സരിക്കുന്നതിന് പ്രായ പരിധിയില്ല. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വ്വകലാശാലകള്‍, കേന്ദ്ര/സംസ്ഥാന നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത വിവിധ സംഘടനകള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപന വിഭാഗത്തില്‍ മത്സരിക്കാം. വിശദവിവരങ്ങള്‍ക്ക് https://ecisveep.nic.in/
ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ജില്ലാതല യൂത്ത് പാര്‍ലമെന്റ് ഇന്ന് (മാര്‍ച്ച് 23) രാവിലെ 10. 30 ന് പാലക്കാട് ശാദി മഹലില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ പാലക്കാട് അസി. കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഷഫീക്ക്, എ. സുരേന്ദ്രന്‍, സി.ബിന്‍സി, കര്‍പ്പകം എന്നിവര്‍ സംസാരിക്കും. കായിക ഉപകരണങ്ങളുടെ വിതരണം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ് നിര്‍വഹിക്കും. അഡ്വ റിബിന്‍ വിന്‍സെന്റ്, ലിബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംവാദവും അവതരണവും നയിക്കും.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് മാര്‍ച്ച് 25ന് തൊഴില്‍ മേള നടത്തുന്നു. എച്ച്.എസ്.എസ്.ടി ഫിസിക്സ് ഫാക്കല്‍റ്റി (എം.എസ്.സി/ ബി.ടെക്), എച്ച്.എസ്.എസ്.ടി കെമിസ്ട്രി ഫാക്കല്‍റ്റി (എം.എസ്.സി), എച്ച്.എസ്.എസ്.ടി ബയോളജി ഫാക്കല്‍റ്റി(എം.എസ്.സി ബോട്ടണി/ സൂവോളജി ), എച്ച്.എസ് ഫിസിക്സ് ഫാക്കല്‍റ്റി (ബി.എസ്.സി), എച്ച്.എസ് ഹിന്ദി ഫാക്കല്‍റ്റി (ബി.എ), ഷോറൂം സെയില്‍ എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, പ്ലബര്‍ (ഡിഗ്രീ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. മാര്‍ച്ച് 24, 25 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 – 2505204
ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ താത്കാലിക നിയമനം . യോഗ്യത ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് രാവിലെ 11ന് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരും അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഗളി ജി.എച്ച്.എസില്‍ നടക്കും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ മുഖേനയും തപാല്‍ മുഖേനയും നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തവര്‍ മാര്‍ച്ച് 26 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
പെരിങ്ങോട്ട് – പുലാപ്പറ്റ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 23 മുതല്‍ വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കോങ്ങാട് – മണ്ണാര്‍ക്കാട് – ടിപ്പുസുല്‍ത്താന്‍ റോഡ് വഴി തിരിഞ്ഞ് പോകണം.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള കായിക ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, അക്കാഡമികള്‍, സ്‌കൂള്‍ / കോളേജ് അക്കാഡമികള്‍ മറ്റു സ്പോര്‍ട്സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നകം പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്പോര്‍ട്സ് ക്ലബ്ബുകള്‍ / സംഘടനകള്‍ എന്നിവ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491 2505100
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 25 ന് വൈകിട്ട് 3.40 ന് ഓണ്‍ലൈനായി ചേരും.