Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ (27.03.2022)

ഇടിക്കൂട്ടില്‍ വീണ്ടുമൊരു ‘കൊല്ലം വിസ്മയം’
ലെന നോര്‍ബര്‍ട്ട് ഫ്രാന്‍സ് ലോക ജിംനാസെഡിലേക്ക്
ബോക്‌സിംഗ് റിംഗില്‍ ഇടിമുഴക്കമായി കൊല്ലത്ത് നിന്ന് ഒരു കായിക വിസ്മയം കൂടി. ഇരവിപുരം സ്വദേശിയായ പത്താം ക്ലാസുകാരി ലെന നോര്‍ബെര്‍ട്ടാണ് മെയ് മാസം ഫ്രാന്‍സില്‍ നടക്കുന്ന സ്‌കൂള്‍തല ലോക ജിംനസെഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വറില്‍ നടന്ന ക്വാളിഫയിംഗ് മത്സരങ്ങളിലെ മിന്നല്‍ പ്രകടനമാണ് കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മിടുക്കി താരത്തെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയത്. 75 കിലോ വിഭാഗത്തില്‍ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറ്റം. കേരളത്തില്‍ നിന്ന് ബോക്‌സിംഗില്‍ ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്ന ഏക കായിക പ്രതിഭയാണ് ലെന. മുമ്പ് രണ്ട് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്.
ബോക്‌സിംഗ് കോച്ച് ബിജുലാലിന്റെ ശിക്ഷണത്തിലാണ് ലെന ഉയരങ്ങള്‍ കീഴടക്കുന്നത്. ഇരവിപുരം പുത്തന്‍ വീട്ടില്‍ നോര്‍ബര്‍ട്ട് ആന്റണി-ജിജി നോര്‍ബര്‍ട്ട് ദമ്പതികളുടെ ഇളയമകളാണ്. സഹോദരന്‍ ജോയല്‍ നോര്‍ബര്‍ട്ട് ട്രിച്ചിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. ശ്രീ നാരായണ ട്രസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസുകരിയാണ് ലെന.
ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന പ്രകടനം കാഴ്ചവച്ച ലെനയെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് പൊന്നാട അണിയിച്ചു. കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു.

 

2 ഡിഗ്രി , 5  പി.ജി കോഴ്‌സുകള്‍; ആസ്ഥാന മന്ദിരവും ഇക്കൊല്ലം
ശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയ്ക്ക് 90,58,40,000 രൂപയുടെ ബഡ്ജറ്റ്
ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയില്‍ 12 ഡിഗ്രി കോഴ്‌സുകളും 5 പി.ജി കോഴ്‌സുകള്‍ തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയ ബഡ്ജറ്റിന് അംഗീകാരം. സര്‍വ്വകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83,49,00,000 വരവും 90,58,40,000 ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സര്‍വകലാശാല ആസ്ഥാനത്ത് വൈസ് ചാന്‍സലര്‍ പി. എം. മുബാറക് പാഷയുടെ അധ്യക്ഷതയില്‍ സിന്‍ഡിക്കറ്റ് അംഗവും ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. ബിജു കെ. മാത്യു അവതരിപ്പിച്ചു.
കോഴ്‌സുകളുടെ നടത്തിപ്പിനും വിദൂര വിദ്യാഭ്യാസത്തിനുള്ള യു.ജി.സി അംഗീകാരവും ഇതര അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.50 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പട്ടിക തയ്യാറാക്കാനുള്ള വിദഗ്ധ കമ്മിറ്റിയുടെ രൂപീകരണം തുടങ്ങിയവയ്ക്ക് 10 ലക്ഷം രൂപ.
ആസ്ഥാനമന്ദിരം നിര്‍മാണത്തിനുള്ള സ്ഥലത്തിന് 35 കോടി രൂപയും കെട്ടിട നിര്‍മാണത്തിന് ആദ്യ ഗഡുവായി 10 കോടി രൂപയും നീക്കി വച്ചു. വെള്ളയിട്ടമ്പനത്ത് തുടങ്ങുന്ന അക്കാദമിക്ക് ബ്ലോക്കിലെ സംവിധാനങ്ങളായ ലൈബ്രറിക്ക് ഒരുവ കോടി, കമ്പ്യൂട്ടര്‍ സെന്ററിന് 40 ലക്ഷം, വെര്‍ച്വല്‍ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരു കോടി, റിപ്രോഗ്രഫിക് സെന്ററിന് 50 ലക്ഷം, കമ്പ്യൂട്ടര്‍വത്കരണത്തിന് 40 ലക്ഷം, മറ്റു ജില്ലകളിലെ കേന്ദ്രങ്ങള്‍ക്കായി 1.60 കോടി രൂപയും വകയിരുത്തി. അതിനൂതന സോഫ്റ്റ്‌വെയറിനായി  2 കോടി രൂപയും നീക്കി വച്ചതാണ് ബഡ്ജറ്റിന്റെ മുഖ്യസവിശേഷതകള്‍.
ബഡ്ജറ്റ് അവതരണത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ എസ്. വി. സുധീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സന്‍, ഡോ. എം. ജയപ്രകാശ്, എ. നിസാമുദീന്‍ കായിക്കര, ഡോ. ടി. എം. വിജയന്‍, ഡോ. എ. പസിലത്തില്‍, ഡോ. സി. ഉദയകല, ഡോ. എം. ജയമോഹന്‍, ഫിനാന്‍സ് ഓഫീസര്‍ വി. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

error: Content is protected !!