സ്‌കൂളുകളില്‍ ഇനി കാലാവസ്ഥാ നിരീക്ഷണവും: നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്
തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്.
വനിതാശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ-, പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ അനവധി. വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. ആതുരാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത. വ്യാവസായിക മേഖലയില്‍ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും. ടൂറിസം മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തും. ബജറ്റ് അവതരണ വേളയില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ പറഞ്ഞു.
യുവജനക്ഷേമത്തിന് പ്രാധാന്യം നല്‍കി സ്‌കില്‍ടെക്കിന് നാലു കോടി രൂപ, മാലാഖ കൂട്ടം പദ്ധതിക്ക് മൂന്നരക്കോടി, അഗ്രിടെകിന് മൂന്നുകോടി തുടങ്ങി സഹസ്ര ദിനസര്‍വ്വേ, യൂത്ത്‌ടെക് എന്നിവയ്ക്കും തുക വകയിരുത്തി.
കാര്‍ഷികമേഖലയില്‍ ഹരിതഗ്രാമത്തിന് 50 ലക്ഷം, ദേശിംഗനാട് നഴ്‌സറിക്ക് 10 ലക്ഷം, കാര്‍ഷിക കലണ്ടറിന് അഞ്ച് ലക്ഷം, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങല്‍ രണ്ട് കോടി, തരിശുരഹിത കൊല്ലത്തിന് ഒരു കോടി, ഫാംമിത്ര പദ്ധതിക്ക് 25 ലക്ഷം, ടിഷ്യു കള്‍ച്ചര്‍ ലാബ്, പ്രോജനി ഓര്‍ച്ചാഡ് എന്നിവയ്ക്ക് 50 ലക്ഷം, ജൈവ കീടനാശിനി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് 25 ലക്ഷം, കൃഷിഫാം വിപുലീകരണത്തിന് ഒരു കോടി, എക്കോ ഷോപ്പിന് 50 ലക്ഷം, ഫുഡ് പാര്‍ക്ക്, മഴമറ, ഫാം ടൂറിസം, ഡൊമസ്റ്റിക് ആനിമല്‍ മ്യൂസിയം, അഞ്ചല്‍ ഫാമില്‍ ജലസംഭരണി, കര്‍ഷകമിത്രം, ലേബര്‍ ബാങ്ക്, കല്പം വെളിച്ചെണ്ണ, ഫെന്‍സിങ്, സ്‌കൂളുകളില്‍ മാതൃകാ കൃഷിത്തോട്ടങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്ന വിപണന കേന്ദ്രം തുടങ്ങിയവയ്ക്കും അര്‍ഹമായ പരിഗണന.
മൃഗസംരക്ഷണ മേഖലയില്‍ കുരിയോട്ടുമല ഹൈടെക് ഡയറി ഫാമില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു രണ്ട് കോടിയടക്കം ബ്രൂഡര്‍ ഹൗസ്, വെറ്റിനറി മെഡിക്കല്‍ ഷോപ്പ്, പൗള്‍ട്രി എക്‌സ്‌ക്ലൂസീവ് ഷോറൂം, ഗോട്ട് ബ്രീഡിങ് യൂണിറ്റ്, ചിക്കൂസ് കോഴിത്തീറ്റ, തോട്ടത്തറ ഹാച്ചറിയില്‍ മുട്ട ഔട്ട്‌ലെറ്റ്, ഇറച്ചിക്കോഴി കുഞ്ഞുങ്ങളുടെ വിതരണം, പ്രവാസി ഗ്രൂപ്പുകള്‍ക്ക് പശുക്കളെ നല്‍കല്‍, എ.ബി.സി പദ്ധതി, ക്ഷീരഗ്രാമം, മൂല്യവര്‍ധിത ഉല്‍പ്പന്നകേന്ദ്രം, ജീവജാലകം, വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകള്‍ക്ക് സബ്‌സിഡി, നഴ്‌സറിയും ഇറച്ചി സംസ്‌കരണ സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയ്ക്കും തുക ഉറപ്പാക്കി.
മത്സ്യമേഖലയില്‍ ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പടുതാക്കുളം, ലൈവ് ഫിഷ് മാര്‍ക്കറ്റ് വ്യവസായ മേഖലയില്‍ ഗാര്‍ഹിക നാനോ സംരംഭങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി പദ്ധതി, വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കല്‍, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം, കൈത്തറിക്ക് ഒരു കൈത്താങ്ങ്, ജില്ലാ വിപണനമേള എന്നിവയ്ക്ക് പണം വകയിരുത്തി.
ആരോഗ്യമേഖലയില്‍ പാരാമെഡിക്കല്‍ ടെക്ക്, സൗജന്യ മരുന്ന് വിതരണം, ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ മഹിളാ മിത്രം ക്ലിനിക്ക്, സുഷിരശസ്ത്രം, ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ വിഭാഗം, പാലിയേറ്റീവ് കെയര്‍, പേവാര്‍ഡ് കെട്ടിടം, ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തുക നീക്കി വെച്ചു.
വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിലെ വികസനത്തിന് ഗ്രന്ഥപ്പുര, സ്‌കൂളുകളില്‍ ഫര്‍ണിച്ചറുകള്‍, മികവ് പദ്ധതി, നാപ്കിന്‍ വെന്‍ഡിങ് മെഷീനും, ഇന്‍സിനറേറ്റര്‍, കരാട്ടെ, ജൂഡോ, യോഗ പരിശീലനം, സ്‌കൂളുകളില്‍ ആധുനിക ശുചിമുറികള്‍, തിളക്കം പദ്ധതി, സിറ്റിസണ്‍ പദ്ധതി പ്രചരണം, ഗ്രാമജ്യോതി തുടങ്ങിയവയ്ക്കാണ് തുകയുള്ളത്.
സാമൂഹ്യനീതി മേഖലയില്‍ ബഡ്‌സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഒരു കോടിയും ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പിന് 2 കോടി രൂപയും ഉള്‍പ്പെടെ സ്വപ്നക്കൂട്, ഉണര്‍വ്, ഭിന്നശേഷി സര്‍വ്വേ, ഭിന്നശേഷി ദിനാഘോഷം, നിബോധിത, ബട്ടര്‍ഫ്‌ലൈസ്, വയോപാര്‍ക്ക്, നിറവ്, ലയങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനത്തിന് കാവല്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം ലഭിച്ച യുവതീയുവാക്കള്‍ക്ക് അപ്രെന്റിസ്ഷിപ് നിയമനം നല്‍കുന്നതിന് ഒരു കോടി രൂപ മാറ്റി വച്ചു. ഉന്നതി, നാടന്‍കലാമേള, ഡ്രീംസ്, പോഷകാഹാര വിതരണം, സാഫല്യം- ഭവന നിര്‍മ്മാണം, സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍, ഗോത്ര ബന്ധു, ഗോത്രസാരഥി എന്നിവയ്ക്കും തുക അനുവദിച്ചു.
ഗ്രാമവണ്ടി, പിങ്ക് ഗ്രാമവണ്ടി പദ്ധതികള്‍ വഴി പൊതുഗതാഗത സംവിധാനത്തിന് കരുത്തേകാന്‍ 70 ലക്ഷം നീക്കി വച്ചു. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളുടെ ഏകോപനത്തിന് ജില്ലാതല സെന്റര്‍ ആരംഭിക്കാന്‍ രണ്ടുകോടി, ഷീ ലോഡ്ജിന് ഒരുകോടി എന്നിവയടക്കം വനിതാ സംരംഭകത്വം, ജെന്‍ഡര്‍ ഡെസ്‌ക്, മനപ്പൊരുത്തം തുടങ്ങിയവയ്ക്കും പ്രത്യേകം തുക വകയിരുത്തി.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഒഴുകാം ശുചിയായി, സൗരഗ്രാമം പദ്ധതികള്‍ക്ക് രണ്ടു കോടി 60 ലക്ഷം വകയിരുത്തി. ദുരന്തനിവാരണ സേന രൂപീകരണത്തിനും ഉപകരണങ്ങള്‍ക്കും ഒരു കോടി. വേലിയേറ്റ-വേലിയിറക്ക പ്രദേശങ്ങളില്‍ കൂടുതല്‍ പഠനത്തിന് ഒരുകോടി, കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ ടെസ്റ്റിംഗ് ലാബ്, മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മൂന്നു കോടി, പശ്ചാത്തല മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 63 കോടി, ജില്ലാ പഞ്ചായത്തിലെ അനിവാര്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് 32 കോടിയും വകയിരുത്തി.
വിഹിതം, തനത്‌വരുമാനം എന്നിവയിലൂടെ 1,54,13,66,500 രൂപയും പ്രാരംഭ ബാക്കി ഇനത്തില്‍ 29,27,44,594 രൂപയും ഉള്‍പ്പെടെ ആകെ 1,83,41,11,094 രൂപ വരവും 1,75,73,70,000 രൂപ ചെലവും 7,67,41,094 രൂപ നീക്കിയിരിപ്പുമാണ് ബജറ്റ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ അധ്യക്ഷനായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജലസ്രോതസ് നീന്തല്‍ക്കുളമാക്കി സംരക്ഷിക്കും
തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ പുതു പദ്ധതിയുമായി ശാസ്താംകോട്ട പഞ്ചായത്ത്. മനക്കര പതിനെട്ടാം വാര്‍ഡിലെ അട്ടച്ചിറയ്ക്ക് പുനര്‍ജനിയേകാന്‍ അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക.
നവീകരണത്തിന്റെ ഭാഗമായി ചിറ നീന്തല്‍ക്കുളമാക്കി മാറ്റാനാണ് തീരുമാനം. ആദ്യഘട്ടമായി പായലും മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്തു. മാലിന്യങ്ങള്‍ ഇടുന്നത് തടയാന്‍ ചുറ്റിലും നെറ്റ് കെട്ടിയുള്ള സംരക്ഷണം ഒരുക്കിയിട്ടുമുണ്ട്.
നീന്തല്‍ക്കുളം നിര്‍മാണത്തിനായുള്ള ട്രഞ്ചിങ് തുടങ്ങി. ഉന്നത നിലവാരം ഉള്ള നീന്തല്‍കുളം ഇനി യാഥാര്‍ത്ഥ്യമാകും. നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപരിപാലത്തിനൊപ്പം നീന്തല്‍ പരിശീലനത്തിനും അവസരം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീതാകുമാരി വ്യക്തമാക്കി.
വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ വിന്നി വെട്ടുകല്ലേല്‍ അധ്യക്ഷയായി.
മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും എല്‍ഡര്‍ ലൈനിന്റെയും സേവനങ്ങള്‍ സംബന്ധിച്ച കിയോസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ നിര്‍വഹിച്ചു. ഡോക്ടര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍. എസ്. നായരുടെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.
ബ്ലഡ്ഷുഗര്‍, ബി.പി പരിശോധന, ജനറല്‍ – ഗ്യാസ്ട്രോ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കി.
മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കിയോസ്‌കില്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും സ്നേഹവും സംരക്ഷണവും 2007ലെ നിയമപ്രകാരമുള്ള പുതിയ പരാതികള്‍ സ്വീകരിച്ചു.
എല്‍ഡര്‍ ലൈന്‍ പ്രൊജക്റ്റ് മാനേജര്‍ ജി. ശ്രീജ, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എന്‍. ചന്ദ്രശേഖരന്‍ പിള്ള, ഹോളിക്രോസ് ആശുപത്രിയിലെ ഡോ. അലക്‌സാണ്ടര്‍ കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി
കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ കൊല്ലം-വാഗമണ്‍- മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം.
അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകിട്ട് 6 മണിക്ക് മൂന്നാറില്‍ എത്തും. രാത്രി 7 മണിക്ക് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലര്‍ച്ചെ 2 മണിക്ക് കൊല്ലത്ത് എത്തിച്ചേരും. ബുക്കിംഗിന്- 8921950903, 9496675635.
അഭിമുഖം ഏപ്രില്‍ 2ന്
ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രില്‍ രണ്ടിന് രാവിലെ 10ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു. പ്രായപരിധി 18നും 35നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474 2740615, 8714835683
അപേക്ഷ ക്ഷണിച്ചു
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ മൂന്ന് മാസം (150 മണിക്കൂര്‍) ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രമെന്റേഷന്‍ ടെക്‌നീഷന്‍ ( യോഗ്യത പ്ലസ് ടു /വി.എച്ച്.എസ്.ഇ), ഫുഡ് ആന്‍ഡ് ബിവറേജ് അസിസ്റ്റന്റ് (യോഗ്യത- എസ്.എസ്.എല്‍.സി), മള്‍ട്ടി കുസിന്‍ കുക്ക് (യോഗ്യത എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8089782355
അഭിമുഖം ഏപ്രില്‍ 6ന്
കാര്‍ഷിക സര്‍വ്വകലാശാലയുടെ കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിലേക്ക് സൈനിക/അര്‍ദ്ധസൈനിക വിമുക്ത ഭട•ാരില്‍ നിന്നും സുരക്ഷ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായയുള്ള അഭിമുഖം ഏപ്രില്‍ ആറിന് നടക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in , 0474 2663535.
താലൂക്ക് വികസന സമിതി യോഗം
കൊല്ലം താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10:30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ. ഐ. ഐ. സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ ലെവല്‍ 4 എന്നീ കോഴ്‌സുകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് മാസമാണ് കോഴ്‌സ് കാലാവധി.
അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3 കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും. 30 സീറ്റുകളാണുള്ളത്.
ബി.ടെക് സിവില്‍, സിവില്‍ ഡിപ്ലോമ, സയന്‍സ് ബിരുദം, ബി.എ ജോഗ്രഫി എന്നിവയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജി. ഐ. എസ് /ജി. പി. എസ് കോഴ്‌സിന് അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. അപേക്ഷകര്‍ www.iiic.ac.in സന്ദര്‍ശിക്കു
പ്രധാനമന്ത്രിയുമായി സംവദിക്കാം
വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി ഏപ്രില്‍ ഒന്നിന് പ്രധാന മന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരും പങ്കെടുക്കണമെന്ന് ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ അറിയിച്ചു.