കല്ലുപാലം ഗതാഗതയോഗ്യമാക്കും :താലൂക്ക് വികസന സമിതി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കല്ലുപാലം ഗതാഗത യോഗ്യമാക്കാന്‍ കൊല്ലം താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.
നഗരത്തില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കര്‍ശനപരിശോധന നടത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാനും, ആശ്രാമം മൈതാനത്തെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാനുമുള്ള നടപടികളും സ്വീകരിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ അദ്ധ്യക്ഷനായി. തഹസില്‍ദാര്‍ എസ്.ശശിധരന്‍പിള്ള, വികസന സമിതി അംഗങ്ങളായ കിളിമാനൂര്‍ ശിവപ്രസാദ്, കെ.രാജു, ഈച്ചംവീട്ടില്‍ നിയാസ്, ഡി.ഗീതാകൃഷ്ണന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ചന്ദ്രബാബു, സിറാജുദീന്‍, എന്‍.എസ്.വിജയന്‍, തടത്തില്‍ രാധാകൃഷ്ണന്‍ എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു
മട്ടുപ്പാവില്‍ പൊന്നുവിളയിക്കാം ഒരു തരി മണ്ണില്ലാതെ
മണ്ണ് പൂര്‍ണമായും ഒഴിവാക്കി മട്ടുപ്പാവ് കൃഷി സാധ്യമാക്കുന്ന ‘ പോഷക ശ്രീ’ പദ്ധതിയുമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. കാര്‍ഷികോല്‍പാദന രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ചാത്തന്നൂര്‍ കൃഷി ഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ്, കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതം ഉപയോഗിച്ചാണ് ഗ്രോ ബാഗ് തയ്യാറാക്കുന്നത്. ജലം പാഴാകാതിരിക്കാനും മട്ടുപ്പാവ് കൃഷി സൃഷ്ടിക്കുന്ന സ്വാഭാവിക ചോര്‍ച്ച ഒഴിവാക്കാനുമായി ജലം ആവശ്യാനുസരണം മാത്രം ഗ്രോബാഗില്‍ എത്തിക്കുന്ന തിരിനന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണ കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി വിളവാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭ്യമാകുന്ന തരത്തിലുള്ള പോഷക ശ്രീ യൂണിറ്റുകളാണ് ബ്ലോക്കിന്റെ നേതൃത്വത്തില്‍ മട്ടുപ്പാവില്‍ സജ്ജീകരിക്കുന്നത് . 50 ഗ്രോബാഗുകള്‍ അടങ്ങുന്ന ഒരു പോഷക ശ്രീ യൂണിറ്റ് സ്ഥാപിക്കുന്നതിന് 16,000 രൂപയാണ് ചിലവ് വരുന്നത് . ചിലവിന്റെ 75 ശതമാനം ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. കര്‍ഷകര്‍ക്ക് വേണ്ട പരിശീലനവും ഉറപ്പുവരുത്തും. തക്കാളി, മുളക്, വഴുതന, ചീര, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
നൂറു വീടുകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പോഷക ശ്രീ, നിലവില്‍ ബ്ലോക്കിന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. വീടുകള്‍ക്കു പുറമേ ചാത്തന്നൂര്‍ കൃഷി ഓഫീസ്, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ചാത്തന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും പദ്ധതി വിജയകരമായി നടപ്പിലാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള പറഞ്ഞു.
വീല്‍ചെയറുകള്‍ വിതരണം ചെയ്തു
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ‘നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്’ എന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി ഏഴു പേര്‍ക്കാണ് വീല്‍ചെയറുകള്‍ നല്‍കിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.
കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മേയര്‍ അറിയിച്ചു . ഇതിന്റെ ഭാഗമായി പ്രീ-പ്രൈമറി സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് – കെമിക്കല്‍ ഉപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജോയ്സ്റ്റിക്, ബഡ്സ് സ്‌കൂളുകളിലേക്ക് വാഹനം എന്നിവ ലഭ്യമാക്കുമെന്ന് മേയര്‍ പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ് .സവിത ദേവി, അഡ്വ. ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി പി. കെ.സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലാതല റവന്യു കലോത്സവം
രജിസ്‌ട്രേഷന്‍ ഏപ്രില്‍ നാല് മുതല്‍
റവന്യൂ ഉദ്യോഗസ്ഥര്‍ക്കായുള്ള ജില്ലാതല റവന്യു കലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ നാല് മുതല്‍ ആരംഭിക്കും. സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ എം.മുകേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഏപ്രിലില്‍ നടക്കുന്ന കലോത്സവത്തില്‍ 26 ഇനങ്ങളില്‍ കലാ മത്സരങ്ങളും, 12 ഇനങ്ങളില്‍ കായികമത്സരങ്ങളും സംഘടിപ്പിക്കും. ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, എന്നിവര്‍ പങ്കെടുത്തു
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഭവനസന്ദര്‍ശനത്തിന് വാഹനം ദിവസവാടക വ്യവസ്ഥയില്‍ ഓടിക്കുവാന്‍ സന്നദ്ധതയുള്ള ടാക്‌സി പെര്‍മിറ്റുള്ള ഉടമകള്‍ /ഡ്രൈവര്‍മാര്‍ എന്നിവരില്‍നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 12 ന് പകല്‍ 12 മണിക്കകം നല്‍കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2710545
ഉപസമിതി യോഗം 12 ന്
കയര്‍ മേഖലയിലെ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള യോഗം ഏപ്രില്‍ 12 ന് രാവിലെ 11 മണിക്ക് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം.
അദാലത്ത്
യഥാസമയം മുദ്ര ചെയ്യാതെ കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍, ഓട്ടോറിക്ഷാ മീറ്ററുകള്‍ എന്നിവയ്ക്കായി ലീഗല്‍ മെട്രോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. രാജി ഫീസിലും കുടിശ്ശിക ഫീസിലും അദാലത്തില്‍ ഇളവ് ലഭിക്കും. മുദ്ര ചെയ്യാനുള്ളവര്‍ ഏപ്രില്‍ എട്ടിന് മുന്‍പ് മുന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അതാത് ലീഗല്‍ മെട്രോളജി ഓഫീസില്‍ അപേക്ഷ നല്‍കണം.