Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണം
 – മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അട്ടപ്പാടി ഗവ ഗോട്ട് ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരികയായിരുന്നു മന്ത്രി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വ്യവസായങ്ങള്‍ക്ക് ഗുണകരമല്ല. സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന ജലം ഉപയോഗിച്ച് അയല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ കേരളം വൈദ്യുതി വാങ്ങുന്നത് 20 രൂപ യൂണിറ്റ് നിരക്കിലാണ്.

രാത്രിയില്‍ വൈദ്യുതി ഉത്പാദനം സാധ്യമല്ല എന്നത് സോളാറിന്റ പരിമിതിയാണ്. ഇത് മറികടക്കാനാണ് കാറ്റ് , ജലം ഉള്‍പ്പടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖല വൈദ്യുതി രംഗത്തേക്ക് വരുന്നത് സാധാരണക്കാരുടെ വൈദ്യുതി ചെലവ് കൂട്ടും. അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും സ്ഥലം നല്‍കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കെ.എസ്. ഇ. ബി. വരുമാന വിഹിതം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോട്ട് ഫാം പരിസരത്ത് നടന്ന പരിപാടിയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ , ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.ഇ.ബി. ബോര്‍ഡ് അംഗവുമായ വി. മുരുകദാസ് , ജില്ലാ പഞ്ചായത്ത് വികസന കാര്യക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ പി.സി. നീതു , ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എസ്.രജനി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

ഭൂമിതരം മാറ്റല്‍ അദാലത്ത് – 746 അപേക്ഷകള്‍ തീര്‍പ്പാക്കി

പാലക്കാട് റവന്യൂ ഡിവിഷനു കീഴിലുള്ള താലൂക്കുകളിലെ ഭൂമി തരം മാറ്റല്‍ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കാലിന്റെ ഭാഗമായി നടന്ന അദാലത്തില്‍ 746 അപേക്ഷകള്‍ തീര്‍പ്പാക്കി. ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനായി നല്‍കിയ 493 ഫോറം – അഞ്ച് അപേക്ഷകളും ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്‍കിയ 250 ഫോറം- 6 അപേക്ഷകളും, 3 ഫോറം – 7 അപേക്ഷകളും തീര്‍പ്പായി. ഗവ. മോയന്‍ എല്‍.പി.സ്‌കൂളില്‍ നടന്ന അദാലത്ത് ജില്ലാ കലക്ടര്‍ മൃ ണ്‍ മയി ജോഷി ഉദ്ഘാടനം ചെയ്തു. തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇടനിലക്കാരില്ലാതെ അതിവേഗം തീര്‍പ്പാക്കല്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഡിസംബര്‍ 31 വരെ കൃഷി ഓഫീസര്‍മാരില്‍ നിന്നും തിരികെ റിപ്പോര്‍ട്ട് ലഭിച്ച ഫോറം – 5 , ഫെബ്രുവരി 28 വരെ വില്ലേജ് ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് 6, 7 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്‍.കെ. കൃപ അധ്യക്ഷയായി. പരിപാടിയില്‍ സീനിയര്‍ സൂപ്രണ്ട് പി.മധു,ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി.അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ ( എല്‍ .ആര്‍) ഷാനവാസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

 

അപേക്ഷ  ക്ഷണിച്ചു

എല്‍.ബി.എസ്  സെന്റര്‍ ഫോര്‍  സയന്‍സ്  ആന്റ്  ടെക്നോളജിയുടെ  പാലക്കാട്  ഉപകേന്ദ്രത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന  ഡിപ്ലോമ  ഇന്‍ കമ്പ്യൂട്ടറൈസ്ഡ്   ഫിനാന്‍ഷ്യല്‍   അക്കൗണ്ടിങ്   യൂസിങ് ടാലി     (ജി.എസ്.ടി  )  കോഴ്സിലേക്ക്  പ്ലസ്ടു     കോമേഴ്സ് കഴിഞ്ഞവരില്‍ നിന്നും, ഡാറ്റാ  എന്‍ട്രി    ആന്റ്    ഓഫീസ്ഓട്ടോമേഷന്‍്  (ഇംഗ്ലീഷ്,മലയാളം) എന്നീ  കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സിക്കാരില്‍  നിന്നും  അപേക്ഷ  ക്ഷണിക്കുന്നു. അപേക്ഷകര്‍ www.lbscentre.kerala.gov.in ,www.lbscentre.kerala.gov.in/services/courses വഴി അപേക്ഷിക്കണം. ഫോണ്‍- 0491 -2527425,9495793308.

 

പള്ളിപ്പാട്ടില്‍ കോളനിയും വടക്കേക്കര  നാല് സെന്റ് കോളനിയും അംബേദ്ക്കര്‍ ഗ്രാമമാവുന്നു

പട്ടാമ്പി മുന്‍സിപ്പാലിറ്റിയിലെ പള്ളിപ്പാട്ടില്‍ കോളനി, ഓങ്ങലൂര്‍  പഞ്ചായത്തിലെ വടക്കേക്കര നാല് സെന്റ് കോളനികളെ അംബേദ്കര്‍ ഗ്രാമമായി തിരഞ്ഞെടുത്തു. മുഹസിന്‍ എം.എല്‍.എ യുടെ നിര്‍ദേശപ്രകാരമാണ്  രണ്ട് കോളനികളെയും തിരഞ്ഞെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഇന്റര്‍നെറ്റ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയും കോളനി നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ്  പദ്ധതി കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പട്ടാമ്പി മണ്ഡലത്തിലെ തിരുവേഗപ്പുറയിലെ മുല്ലശ്ശേരി കോളനി, മുതുതല പഞ്ചായത്തിലെ കാരക്കുത്ത് കൈപ്പറമ്പ് കോളനികളെ തിരഞ്ഞെടുക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു. കോളനിയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തല്‍, ഇന്റര്‍നെറ്റ് സംവിധാനത്തോടു കൂടിയുള്ള സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം, റോഡ്, പാലം  നിര്‍മ്മാണം, ഭവനങ്ങളുടെ പുനരുദ്ധാരണം എന്നിവയടക്കമുള്ള പ്രവൃത്തികള്‍ അംബേദ്ക്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും.   അംബേദ്ക്കര്‍ കോളനിയ്ക്കായി ഒരോ കോടി രൂപയാണ് അനുവദിച്ചുള്ളത്. പദ്ധതി നടത്തിപ്പിന്  ഇരുപത് ലക്ഷം രൂപ നിലവില്‍  സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

 

റാങ്ക് പട്ടിക റദ്ദാക്കി

ഭാരതീയ ചികിത്സ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് റാങ്ക് പട്ടികയുടെ (കാറ്റഗറി നമ്പര്‍ 194/ 2017 ) കാലാവധി പൂര്‍ത്തിയായതിനാല്‍  റാങ്ക് പട്ടിക റദ്ദാക്കിയതായി കെ.പി എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കാന്‍ കണ്ണാടി ഗ്രാമപഞ്ചായത്ത്

പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ വഴിയുമായി കണ്ണാടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോ കത്തിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഫോണ്‍ ക്യാമറയില്‍ ഫോട്ടോ, വീഡിയോ രൂപത്തില്‍ എടുത്ത് പഞ്ചായത്ത് അധികൃതരില്‍ എത്തിക്കാനാണ് പഞ്ചായത്തിന്റെ നിര്‍ദേശം. ഇത്തരത്തില്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പഞ്ചായത്ത് കുറ്റക്കാരില്‍ നിന്നും 25000 രൂപ പിഴ ഈടാക്കും. മാത്രമല്ല വിവരം എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും  പഞ്ചായത്ത് നല്‍കും. കണ്ണാടി പഞ്ചായത്തിലെ പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പുതിയ മാര്‍ഗവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

 

ഡോക്ടര്‍ തസ്തിക; കരാര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഡോക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തിരം തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക്  എം.ബി.ബി എസ,് ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി ജനുവരി ഒന്നിന് 25-55 വയസ്സിനുള്ളില്‍ ഉള്ളവരായിരിക്കണം. പ്രവര്‍ത്തിപരിചയം അഭികാമ്യം.  താത്പര്യമുള്ള അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും  സഹിതം ഏപ്രില്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:0491-2533327, 2534524

 

ട്രെയിനി അനലിസ്റ്റ്-അനലിറ്റിക്കല്‍ അസിസ്റ്റന്റ് തസ്തിക:
കരാര്‍ നിയമനം

ജില്ലാ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍  മീനാക്ഷിപുരം ചെക്പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണ നിയന്ത്രണ ലാബിലേക്ക് ട്രെയിനി അനലിസ്റ്റ് / അനലിറ്റിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.എം.എസ്. സി കെമിസ്ട്രി, ബയോ കെമിസ്ട്രി, ബയോടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 35 നും ഇടയിലുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളപേപ്പറില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഏപ്രില്‍ 13 ന്  വൈകിട്ട് അഞ്ചിന് മുന്‍പായി ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം. യോഗ്യത നേടിയവരുടെ റാങ്ക് ലിസ്റ്റ് ഏപ്രില്‍ 16ന് രാവിലെ 11ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ ഏപ്രില്‍ 18ന്  രാവിലെ 11ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍  അറിയിച്ചു.ഫോണ്‍ : 2505137

 
സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു

വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച്  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള  വില്‍പ്പന കേന്ദ്രങ്ങളിലെ ഖാദി തുണിത്തരങ്ങള്‍ക്ക്  20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!