Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 

 
സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും

ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.   മൂലത്തറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30 നും. കൊഴിഞ്ഞാമ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 11 നും മരുതറോഡ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  ഉച്ചയ്ക്ക് 2.30 നും പാലക്കാട് -2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകിട്ട് 3.30 നും മാത്തൂര്‍ -2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകിട്ട് 4.30 നും മന്ത്രി നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ എം.പിമാരായ വി. കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ കെ. ബാബു, ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും

സ്പീക്കറുടെ നേതൃത്വത്തില്‍ യോഗം ചേരും

തൃത്താല നിയോജക മണ്ഡലത്തിലെ കൂറ്റനാടും പരിസരപ്രദേശങ്ങളിലും കിണറുകളില്‍ കണ്ട ഇന്ധന സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിഷയം പരിഹരിക്കുന്നതിനുമായി സ്പീക്കര്‍ എം. ബി രാജേഷിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 16 ന്  ഉച്ചയ്ക്ക് 12 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ യോഗം ചേരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

 
 
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും; വ്യാജ  ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും ലോഗോയും ഉപയോഗിച്ച്  ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിര്‍ദേശം. വ്യക്തിഗത വിവരങ്ങളുമായി അപേക്ഷ സമര്‍പ്പിക്കാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയകേന്ദ്രങ്ങള്‍ ആണെന്ന് ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡി.ടി പി. ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് വാങ്ങിയതിനു ശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി എടുക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെ നിലവിലെ അക്ഷയകേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട് ജില്ലാ ഇ- ഗവേണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കും. പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

ജപ്തി വസ്തുക്കള്‍ ലേലം ചെയ്യും

ചാലിശ്ശേരി പെരുമണ്ണൂര്‍ ആന്ദ്രമൂച്ചിക്കല്‍ റസാഖ് മുഹമ്മദില്‍ നിന്നും ജപ്തി ചെയ്ത വസ്തുക്കള്‍ മെയ് 16 ന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക്  ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300

ജപ്തി വസ്തുക്കള്‍ ലേലം ചെയ്യും

ചാലിശ്ശേരി മാനംകണ്ടത്തില്‍ വീട്ടില്‍ എം.ബി നൂറുദ്ദീനില്‍ നിന്നും ജപ്തി ചെയ്ത വസ്തുക്കള്‍ മെയ് 12 ന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക്  ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ്

ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് ഏപ്രില്‍ 11, 12 തീയതികളില്‍ പാലക്കാട് ഡി.റ്റി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് വിഭാഗത്തില്‍ മൈക്രോ പ്രോസസര്‍ ആന്‍ഡ് മൈക്രോ കണ്‍ട്രോളര്‍ ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 12 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260350

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ, അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ 12 ന്

ഐ.റ്റി.ഡി. പി അട്ടപ്പാടി ഓഫീസിന്റെ കീഴിലുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2022- 23 അദ്ധ്യായനവര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 12ന് രാവിലെ 10നും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും അഗളി ഗവ.എല്‍.പി സ്‌കൂളില്‍ നടക്കും. പരീക്ഷകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മുഖേന അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം പരീക്ഷ കേന്ദ്രത്തില്‍ എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382

ഫാര്‍മസിസ്റ്റ് നിയമനം

കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.ഫാം, ഡി.ഫാം, കേരള കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 179 ദിവസത്തേക്കാണ് കരാര്‍ നിയമനം. പ്രായപരിധി 18 മുതല്‍ 36 വരെ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10ന് ബയോഡാറ്റ, യോഗ്യത,  പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആശുപത്രി മിനി ഓപ്പറയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 254392

പുനര്‍ലേലം

പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ മൈ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്‍ഡ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് കൊമ്പന്‍പാറ എന്ന സ്ഥാപനം ഏപ്രില്‍ 28 ന് 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസര്‍ (8547614926), പാലക്കാട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ (04912505955) കാര്യലയത്തിലും ലഭിക്കും.

റിബേറ്റ് അനുവദിച്ചു

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍(ഹാന്‍വീവ് ) ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും ഏപ്രില്‍ ആറ് മുതല്‍ 14 വരെ 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റും 20 ശതമാനം കിഴിവും നല്‍കും.  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍  നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങാം. ഫോണ്‍: 0491 2500966

റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികമായി കരാര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത  എം.ബി.ബി.എസ്, എംഡി, ഡി. എന്‍. ബി, ഡി. എം. അര്‍. ഡി,റേഡിയോ ഡയഗ്നോസിസ്(ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം). മേല്‍ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ സോണോളജി സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 60 വയസ്. പ്രവര്‍ത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍- 0492 533327

മണക്കടവ് വിയറില്‍ ലഭിച്ചത് 5814.71 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഏപ്രില്‍ 6 വരെ 5814.71 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 1435.29 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 105.62 (274), തമിഴ്നാട് ഷോളയാര്‍ 625.57 (5392), കേരള ഷോളയാര്‍ 1903.00 (5420), പറമ്പിക്കുളം 14442.63 (17820), തൂണക്കടവ് 550.54 (557), പെരുവാരിപ്പള്ളം 611.77 (620), തിരുമൂര്‍ത്തി 1095.64 (1935), ആളിയാര്‍ 1062.63(3864).

സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി. എഡ് ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. 20,000 രൂപ വേതനം ലഭിക്കും.
പ്രായ പരിധി 40 വയസ്സില്‍ കവിയരുത്. ഓഫീസ് സെക്രട്ടറി തസ്തികകളിലേക്കുള്ള യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. 16,000 രൂപ വേതനം ലഭിക്കും. പ്രായ പരിധി 57  വയസ്സ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് മുന്‍ഗണന.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഏപ്രില്‍ 16 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in/opportunities/ ല്‍ ലഭിക്കും.
.

ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനുമായി ആരംഭിച്ച ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാതല പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വ്വഹിച്ചു. പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കിവരുന്ന വാതില്‍പ്പടി സേവനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരശേഖരണം നടപ്പിലാക്കുന്നതിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാവുമെന്നും വിവിധ പരിശീലന പരിപാടികളിലൂടെ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ഹരിതമിത്രം ആപ്ലിക്കേഷന്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ക്കായി നല്‍കിയ പരിശീലന പരിപാടിയില്‍ മാലിന്യസംസ്‌കരണം നയവും സമീപനവും എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. ലതിക, മാലിന്യസംസ്‌കരണം കേരളത്തിലെ അവസ്ഥ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരീഷ്, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് രീതിശാസ്ത്രവും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ടി.വി സുധീഷ്, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാലഗോപാല്‍, അസി. ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) രാമദാസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൈതലവി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ ആദര്‍ശ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.റ്റി.ജി അബിജിത് എന്നിവര്‍ സംസാരിച്ചു.

റോള്‍ അപ്പ് സ്റ്റാന്‍ഡ് സ്ഥാപിച്ചു

പാലക്കാട് വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതിയെക്കുറിച്ചുള്ള റോള്‍ അപ്പ് സ്റ്റാന്‍ഡ് സ്ഥാപിച്ചു. ജില്ലാ വനിതാ ശിശു ആശുപത്രി, പാലക്കാട് ജില്ലാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് റോള്‍ അപ്പ് സ്റ്റാന്‍ഡ് സ്ഥാപിച്ചത്. ജില്ലാ വനിതാ-ശിശു ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ ജയശ്രീ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സിംഗ് ജീവനക്കാര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പാലക്കാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. ലത, സമ്പുഷ്ട കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസ് ക്ലാര്‍ക്ക് ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!