‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെ ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന വിപണന മേള വിപുലമായി നടത്തുന്നതിന്റെ ഭാഗമായി നടന്ന സംഘാടക സമിതി-ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഡാമുകള്‍, ടൂറിസം, വനം എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള സ്റ്റാളുകള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള ആശയങ്ങള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. കൃഷിക്കാരന് കൃഷിക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പ്രിസിഷന്‍ ഫാമിങ്, മൈക്രോ ഇറിഗേഷന്‍ സ്‌കീമുകള്‍, ശാസ്ത്രീയ കൃഷി തുടങ്ങിയ ഉള്‍പ്പെടുത്തിയുള്ള സ്റ്റാള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം ഓരോ മേഖകളുടെ സ്റ്റാളുകള്‍ക്കും പുതിയ സാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയണം എന്നും മന്ത്രി പറഞ്ഞു.
കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ വിഷയാവതരണം നടത്തി. പാലക്കാടിന്റെ സവിശേഷകള്‍ എടുത്തു കാണിക്കുന്ന തരത്തിലുള്ള സ്റ്റാളുകളും സെമിനാറുകളുമാണ് സജ്ജമാക്കുന്നതെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 56000 സ്‌ക്വയര്‍ഫീറ്റിലാണ് സ്റ്റാളുകള്‍ സജ്ജമാക്കുന്നത്. വിവിധ വകുപ്പുകളോടൊപ്പം സ്വകാര്യ കമ്പനികളുമായി സഹകരിച്ചും പ്രദര്‍ശന വിപണനമേളയില്‍ സ്റ്റാളുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. ഭാവിയില്‍ ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സ്റ്റാളുകള്‍ തിരഞ്ഞെടുക്കേണ്ടത് എന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍, നെല്ലിയാമ്പതി റെസ്പോണ്‍സിബിള്‍ ടൂറിസം, ശിരുവാണി പദ്ധതി പോലെ അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളുകള്‍ സജ്ജീകരിക്കാവുന്നതാണെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ആലത്തൂരില്‍ നടപ്പാക്കി വരുന്ന നിറ പദ്ധതി സ്റ്റാള്‍ ഉള്‍പ്പെടുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. പട്ടാമ്പി നെല്ലു ഗവേണ കേന്ദ്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍, വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താവുന്ന രീതിയില്‍ സ്റ്റാളില്‍ ഉള്‍പ്പെടുത്താമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. പ്രദര്‍ശനവിപണന മേള ആകര്‍ഷകമായ രീതിയില്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി പറഞ്ഞു. എല്ലാ വകുപ്പുകളും അവശേഷിക്കുന്ന പ്രവൃത്തി ദിവസങ്ങളില്‍ പരമാവധി മികച്ചരീതിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, അഡ്വ. കെ പ്രേംകുമാര്‍, കെ.ഡി. പ്രസേനന്‍, മുഹമ്മദ് മുഹ്സിന്‍, അഡ്വ. കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുഷ്ഠരോഗ പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പുതുശ്ശേരി ചെല്ലന്‍കാവ് കോളനിയില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 451 പട്ടികജാതി കോളനികളും 296 പട്ടിക വര്‍ഗ്ഗ കോളനികളിലുമാണ് ഊര്‍ജ്ജിത കുഷ്ഠരോഗ പരിശോധന നടത്തുന്നത്. എപ്രില്‍, മെയ്യ് മാസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗകുടുംബങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുഷ്ഠരോഗ പരിശോധന നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത അദ്ധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം പത്മിനി ടീച്ചര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.അനൂപ് കുമാര്‍, എ.എല്‍.ഒ. ബേബി തോമസ്, ഡോ.ആര്യ, എച്ച്.എസ്സ്. ഗണേഷ് ബാബു, വാര്‍ഡ് അംഗം ഗിരിഷ്, എച്ച്.ഐ. പ്രദീപ്, എന്‍.എം.എസ്.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം പാലക്കാട് നഗരസഭാ അതിര്‍ത്തിയില്‍ 16*10, 6*4 അടികളില്‍ ഹോര്‍ഡിങ്ങ്‌സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഹോര്‍ഡിങ്ങ്‌സ് ലേഔട്ട് ചെയ്ത് തരുന്നതായിരിക്കും. ഏപ്രില്‍ 20 മുതല്‍ മെയ് നാല് വരെയുള്ള കാലവധിയിലാണ് ഹോര്‍ഡിങ്ങ്സ് സ്ഥാപിക്കേണ്ടത്. ക്വട്ടേഷനുകള്‍ സ്‌ക്വയര്‍ഫീറ്റ് കണക്കാക്കിയാണ് സമര്‍പ്പിക്കേണ്ടത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ,് ഒന്നാം നില, സിവില്‍സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഹോര്‍ഡിങ്ങ്‌സ് പ്രിന്റ് ചെയ്യുകയും സ്ഥാപിക്കുകയും കാലാവധി കഴിഞ്ഞാല്‍ എടുത്ത് മാറ്റുകയും വേണം. ഹോര്‍ഡിങ്ങ്സ് സ്ഥാപിച്ച സ്ഥലങ്ങള്‍ പ്രസ്തുത കാലയളവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കണം. ക്വട്ടേഷന്‍ ഏപ്രില്‍ 13ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ഫോണ്‍: 0491 2505329
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് നാലു വരെ നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം ഒരു ദിവസം രണ്ട് മണ്ഡലങ്ങള്‍ വീതം ആറു ദിവസം 12 മണ്ഡലങ്ങളിലെ ജനസാന്ദ്രമായ അഞ്ച് കേന്ദ്രങ്ങളില്‍ 1 വിഷയാധിഷ്ഠിത പൊറാട്ട് നാടകാവതരണം നടത്തുന്ന സംഘത്തെ അനുഗമിക്കാനും 10 അംഗ സംഘത്തിന് യാത്ര ചെയ്യാന്‍ കഴിയുന്നതുമായ രേഖകളുള്ള വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ ഏപ്രില്‍ 16 ന് രാവിലെ 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ക്വട്ടേഷന്‍ ഉച്ചയ്ക്ക് 12 ന് തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2505329
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ചുള്ള കാന്റീന്‍ മെയ് ഒന്ന് മുതല്‍ അടുത്ത ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകും വരെ നടത്താന്‍ താല്പര്യമുള്ള വ്യക്തികളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 7200 രൂപയാണ് നിരതദ്രവ്യം. ഏപ്രില്‍ 19 ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് വിതരണം ചെയ്യും. ഏപ്രില്‍ 20 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053
തരൂര്‍പള്ളി, കുട്ടന്‍കോട്, നൊച്ചൂര്‍ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 13 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കുട്ടന്‍കോടില്‍ നിന്നും നൊച്ചൂര്‍ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ അത്തിപ്പൊറ്റ വഴി പോകണം.
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ സര്‍ക്യൂട്ട് ലാബിന്റെ വാതില്‍ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 20 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ സര്‍ക്യൂട്ട് ലാബിന്റെ വാതില്‍ മാറ്റി സ്ഥാപിക്കുന്നതിന് എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, ഗവ. എന്‍ജിനീയറിംഗ് കോളേജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് 678633 വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466-2260350
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കാന്റീന്‍ നടത്തിപ്പിന് ദര്‍ഘാസ് ക്ഷണിച്ചു. 7200 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് ഏപ്രില്‍ 20 ന് രാവിലെ 11 ന് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2344053
ജില്ലാ ആസൂത്രണ സമിതി യോഗം (ഏപ്രില്‍ 12) ന് വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കും.
വിഷു, ഈസ്റ്റര്‍, റംസാന്‍ ഖാദി മേള ഉദ്ഘാടനം, ആദ്യ വില്പന, പുതിയ ട്രെന്റിലുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ലോഞ്ചിങ് ജില്ലാ ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലെ കെ.ജി.എസ് മേജര്‍ ഭവനില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേളയില്‍ ഖാദി ഉത്പന്നങ്ങള്‍ക്ക് മെയ് മൂന്ന് വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2534392