Input your search keywords and press Enter.

എല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ജി ആര്‍ അനില്‍

 

സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും കൂടുതല്‍ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇതിനായുള്ള ധനസഹായം നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തമ്പാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ താലൂക്കുകളിലും സംഭരണ കേന്ദ്രങ്ങള്‍ വരുന്നതോടെ സമീപ സ്ഥലങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ഏറ്റവും വേഗത്തിലും സുരക്ഷിതമായും ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും. 2016 ലെ വിലയില്‍ 13 ഉത്പന്നങ്ങള്‍ നിലവില്‍ സപ്പ്ളൈകോ വഴി നല്‍കുന്നുണ്ട്. വിലക്കയറ്റം തടയുന്നതിനായി ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയത് സാധാരണക്കാരന് ഏറെ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

 

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മായമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന ഭക്ഷ്യ വകുപ്പ് ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. ഏപ്രില്‍ 11 നു ആരംഭിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയര്‍ മെയ് 5 വരെ തുടരും. ന്യായവിലയില്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കുക.സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്‌ജോഷി, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, മേഖലാ മാനേജര്‍ ജലജ ജി. എസ് റാണി തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!