Input your search keywords and press Enter.

രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം: ഡെപ്യൂട്ടി സ്പീക്കര്‍

 

 

രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും ക്യാമ്പിലൂടെ ലഭിക്കും. സംഗീതം, കല, സാഹിത്യം എന്നിവയില്‍ അഭിരുചി ലഭിക്കാന്‍ ക്യാമ്പ് സഹായിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ശിശുക്ഷേമ സമിതി ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ. മഹേഷ് കുമാര്‍, പത്തനംതിട്ട എഡിസി ജനറല്‍ കെ.കെ. വിമല്‍രാജ്, ശിശുക്ഷേമ സമിതി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ശിശുക്ഷേമസമിതി ജില്ലാ ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, സമിതി അംഗങ്ങളായ സി.ആര്‍. കൃഷ്ണകുറുപ്പ്, മീരാസാഹിബ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. ജയകൃഷ്ണന്‍, വയലിനിസ്റ്റ് ആന്റണി പഴകുളം, അടൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ കുട്ടികള്‍ക്കായി നാടന്‍പാട്ട് അവതരിപ്പിച്ചു.
ഏപ്രില്‍ പതിനെട്ടു മുതല്‍ മെയ് പതിനേഴ് വരെയാണ് ക്യാമ്പ് നടക്കുന്നത്. വാദ്യസംഗീതങ്ങള്‍, ചിത്രരചന, ഒറിഗാമി, സംഗീതം, പ്രസംഗം, ഫോട്ടോഗ്രഫി എന്നിവയിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുവരെ 67 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ കുട്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 1500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരണം.

error: Content is protected !!