Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ആറ് വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ്
ജില്ലയിലെ ആറ് ഗ്രാമ പഞ്ചായത്തു വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ  ക്ലാപ്പന കിഴക്ക്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ  സംഗമം വാര്‍ഡ്, ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം ഗ്രാമപഞ്ചായത്തിലെ  കളപ്പില, പെരിനാട്   ഗ്രാമപഞ്ചായത്തിലെ  നാന്തിരിക്കല്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ  മുളയറച്ചാല്‍ എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം ഏപ്രില്‍ 27 വെകിട്ട് നാല് മണി. സൂക്ഷ്മ പരിശോധന ഏപ്രില്‍ 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 13 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടികളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പുതുക്കിയ സമ്മതിദായക പട്ടിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള വരണാധികാരികള്‍: ക്ലാപ്പന പഞ്ചായത്ത്- അസി.എക്‌സി.എഞ്ചിനിയര്‍ എല്‍.എസ്.ജി.ഡി ഓച്ചിറ ബ്ലോക്ക്, ശൂരനാട് നോര്‍ത്ത് പഞ്ചായത്ത് –  കോഓപ്പറേറ്റീവ് സൊസൈറ്റീസ് അസി. രജിസ്റ്റര്‍(ജനറല്‍) ശാസ്താംകോട്ട, ആര്യങ്കാവ് പഞ്ചായത്ത് – അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ഐ.പി (പി.ബി) സബ് ഡിവിഷന്‍ തെ•ല, വെളിയം പഞ്ചായത്ത് – കൃഷി വകുപ്പ് അസി. ഡയറക്ടര്‍ കൊട്ടാരക്കര, പെരിനാട് പഞ്ചായത്ത് – അസി. ഡയറക്ടര്‍  കോ-ഓപ്പറേറ്റീവ് ആഡിറ്റ് കൊല്ലം, വെലിനല്ലൂര്‍ പഞ്ചായത്ത് – അസി. എഡ്യൂക്കേഷണല്‍ ഓഫീസര്‍ വെളിയം.

റവന്യൂ കലോത്സവത്തിന് നാളെ
( ഏപ്രില്‍ 20) തുടക്കം

ജില്ലാതല റവന്യൂ കലോത്സവം  ഏപ്രില്‍ 20 മുതല്‍ 24 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും. ഏപ്രില്‍ 20ന് ക്രിക്കറ്റ് മത്സരം ആശ്രാമം മൈതാനത്തു നടക്കും. ഏപ്രില്‍ 21ന്  അത്ലറ്റിക്‌സും 23ന് ഫുട്‌ബോള്‍ മത്സരവും ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലും നടക്കും. ഏപ്രില്‍  22, 23 തീയതികളിലായി ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍  പട്ടത്താനം നാസാ ബാഡ്മിന്റണ്‍ കോര്‍ട്ടിലും രചനാമത്സരങ്ങള്‍ ഏപ്രില്‍ 21, 22 തീയതികളിലായി സിവില്‍ സ്റ്റേഷനിലെ ആത്മാ ഹാളിലും, ഏപ്രില്‍ 24ന് കലാമത്സരങ്ങള്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ആഡിറ്റോറിയത്തിലും, കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലുമായി  നടക്കും. ഈ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ മെയ് മാസം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍  മത്സരിക്കും.

കളിയും ചിരിയും മാറ്റുരച്ച്  അങ്കണവാടി  കലോത്സവം
അങ്കണവാടി കുട്ടികളുടെ സര്‍ഗാത്മക ശേഷി വര്‍ധിപ്പിച്ച് പാഠ്യേതര രംഗങ്ങളിലും മികവ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇത്തിക്കര  ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘തപ്പുകൊട്ട്’ കാലോത്സവം ജനകീയ പങ്കാളിത്തത്താല്‍  ശ്രദ്ധേയമായി. ഇത്തിക്കര ബ്ലോക്ക് അങ്കണത്തില്‍ നടന്ന കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള  ഉദ്ഘാടനം ചെയ്തു.
ഇത്തിക്കര ബ്ലോക്കിന്റെയും പരവൂര്‍ മുന്‍സിപ്പാലിറ്റിയുടെയും പരിധിയില്‍ വരുന്ന 193 അങ്കണവാടികളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പ്രച്ഛന്നവേഷം, പ്രസംഗം, കഥാപാരായണം, ക്വിസ്, കരകൗശലം, ആംഗ്യഗാനം, ഡ്രോയിങ് എന്നീ മത്സരങ്ങളിലാണ് കുരുന്നുകള്‍ മാറ്റുരച്ചത്. പരിപാടിയുടെ ഭാഗമായി അമ്മമാര്‍ക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. മികച്ച അങ്കണവാടി പ്രവര്‍ത്തകരെയും എ.എല്‍.എം.എസ്.സിയെയും കലോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ശകുന്തള അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ബ്ലോക്ക് അംഗങ്ങളായ എസ്.ആശ, ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടിങ്കു, മീര ഉണ്ണി, സജീന നജീം, സി.ഡി.പി.ഒ രഞ്ജിനി, മറ്റ് ജനപ്രതിനിധികള്‍,  അങ്കണവാടി പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ തൊഴില്‍ മേള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവും കേരള സര്‍ക്കാരിന്റെ പട്ടികജാതി വകുപ്പിന്റെ പരിധിയില്‍  കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി- പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റെര്‍,  ഡ്രാഫ്റ്റ്സ്സ് മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.ടി.പി, ഓട്ടോകാഡ്,ടാലി പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ മേളയിലേക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ മെയ് 13 നകം [email protected]    ഇമെയിലിലേയ്ക്ക് ഒഴിവുകളുടെ വിശദവിവരങ്ങള്‍ അയച്ചു നല്‍കണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0471 2332113, 8304009409.

ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം പുതിയ കെട്ടിടത്തില്‍
ക്ഷീരവികസന വകുപ്പിന്റെ പരിധിയില്‍ ഓച്ചിറ പ്രീമിയര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓച്ചിറ കല്ലൂര്‍ മുക്കിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബ്രഹ്മാനന്ദ വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പുനലൂരിലെ സ്‌പെഷ്യല്‍ അധിവേഗ പോക്‌സോ കോടതിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സിവില്‍/ ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് രണ്ട്. ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാതൃസാന്ത്വനം പദ്ധതിയിലേക്കായി അഗതിമന്ദിരങ്ങള്‍/ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഹോം കെയര്‍ സംഘടിപ്പിക്കുന്നതിന് ഏഴോ അതില്‍ കൂടുതലോ സീറ്റുകള്‍ ഉള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ(ഏപ്രില്‍ 20) ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്  0474 2752700, ്victoriakollam@gmail.com

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ സംരക്ഷണ ഓഫീസിലേക്ക് 2023 മാര്‍ച്ച് 31 വരെ കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 28 വൈകിട്ട് മൂന്നുമണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2916126, 8281999052. വിലാസം കൊല്ലം വനിതാ സംരക്ഷണ ഓഫീസര്‍, വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13.

ഞങ്ങളും കൃഷിയിലേക്ക്’; സദാനന്ദപുരത്ത് തുടക്കമായി
കാര്‍ഷിക മേഖലയിലൂടെ നാടിന്റെ പുരോഗതിയും ഭക്ഷ്യസ്വയംപര്യാപ്തതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയ്ക്ക് വെട്ടിക്കവല  ഗ്രാമപഞ്ചായത്തിലെ  സദാനന്ദപുരം വാര്‍ഡില്‍ തുടക്കമായി. സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ‘ഞങ്ങളും കൃഷിയിലേക്ക് പബ്ലിസിറ്റി ക്യാമ്പയിന്റെ’ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ നിര്‍വഹിച്ചു.
വിഷാംശമില്ലാത്ത സുഭിക്ഷവും സുരക്ഷിതവുമായ കാര്‍ഷിക ഉല്പന്നങ്ങള്‍  ഉല്പാദിപ്പിക്കുന്നതിലൂടെ ഓരോ കുടുംബത്തിലും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും ഇതിനായി കാര്‍ഷിക അനുബന്ധ ചര്‍ച്ചകള്‍ക്ക് ‘ഗ്രാമ വിസ്മയം’, മുതിര്‍ന്നവരുടെ കൃഷിപരമായ അറിവുകളും ആശയങ്ങളും പങ്കുവെക്കാന്‍ ‘കാരണവര്‍ കോര്‍ണര്‍ കൂട്ടായ്മ’, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കി ‘കൃഷി വണ്ടി’എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  മാസ്റ്റര്‍ കര്‍ഷകന്‍, ഉത്തമ കര്‍ഷക കുടുംബങ്ങള്‍, പൊതുപ്രവര്‍ത്തകരായ കര്‍ഷകര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ സദാനന്ദപുരം വാര്‍ഡ് അംഗം ബിന്ദു പ്രസാദ്  അദ്ധ്യക്ഷയായി. സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപക പ്രതിനിധി സുരാജ്, കൃഷി ഓഫീസര്‍ വി.പി അഭിജിത്ത് കുമാര്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ പി ഓമനക്കുട്ടി, സ്‌കൂള്‍ പി.ടി.എ അംഗം ഉണ്ണികൃഷ്ണന്‍ പിള്ള മുന്‍ എ.ഡി സി അംഗം ജയചന്ദ്രന്‍, കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് പ്രതിനിധികള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!