Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ /തൊഴില്‍ അവസരം

   

 

തെളിനീരൊഴുകും നവകേരളം: ജില്ലാതല പരിശീലനം നടത്തി

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മ്മപദ്ധതി – 2 ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി  ജില്ലാതല പരിശീലകരുടെ പരിശീലനം സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ജലാശയങ്ങളുടെ ജി.ഐ.എസ് മാപ്പിംഗ്, ജലഗുണനിലവാര പരിശോധന എന്നിവയുമായി ബന്ധപ്പെട്ടാണ് മങ്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. ജില്ലാതല പരിശീലനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ്‍മാര്‍, അസി. എഞ്ചിനീയര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ അസി. എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല ടെക്നിക്കല്‍ പരിശീലനം മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.എസ്. മാപ്പിംഗ്, ജല ഗുണനിലവാര പരിശോധന എന്നിവ സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന്‍ സാങ്കേതിക വിദഗ്ധര്‍ ഓണ്‍ലൈനായി ക്ലാസ്സെടുത്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അബിജിത്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാലഗോപാല്‍, ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ ദീപ, ഷാദിയ എന്നിവര്‍ സംസാരിച്ചു.

 
ഉപതെരഞ്ഞെടുപ്പ്; യോഗം ചേര്‍ന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ വാര്‍ഡ് 23-കോട്ടക്കുന്ന്(ജനറല്‍), പല്ലശന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- കൂടല്ലൂര്‍(പട്ടികജാതി)എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 17 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ചെര്‍പ്പുളശ്ശേരിയില്‍ വാഴക്കുന്ന് എ.എം.എല്‍.പി സ്‌കൂളിലെ തെക്കുഭാഗത്താണ് പോളിങ്ബൂത്ത്. കൂടല്ലൂര്‍ എ.എല്‍.പി സ്‌കൂളിലെ രണ്ട് കെട്ടിടങ്ങള്‍ പല്ലശ്ശന പഞ്ചായത്തിലെ ബൂത്തുകളാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 20 ന് പരസ്യപ്പെടുത്തും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്ന അവസാനതീയതി ഏപ്രില്‍ 27 ന് വൈകീട്ട് മൂന്ന് വരെയാണ്. നാമനിര്‍ദേശപത്രിക രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും മുന്‍പായി പ്രവൃത്തിദിവസങ്ങളില്‍ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 28 ന് രാവിലെ 10 ന് ആരംഭിക്കും. ഏപ്രില്‍ 30 ന് വൈകീട്ട് മൂന്ന് വരെ പിന്‍വലിക്കാം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ.മധു, ചെര്‍പ്പുളശ്ശേരി നഗരസഭാ വരണാധികാരിയായ ജില്ലാ ടൗണ്‍ പ്ലാനര്‍, പല്ലശ്ശന ഗ്രാമപഞ്ചായത്ത് വരണാധികാരിയായ പുതുനഗരം കൃഷി ഓഫീസര്‍, പല്ലശ്ശന ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചെര്‍പ്പുളശ്ശേരി മുന്‍സിപ്പല്‍ എ.ആര്‍.ഒ, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റുമാരായ ഭവദാസ്, ടോംസ് എന്നിവര്‍ പങ്കെടുത്തു.

 
ക്വട്ടേഷന്‍ ക്ഷണിച്ചു

ഡി.റ്റി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്തുണ്ടി ഡാമിലെ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കിന്റെ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 21ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.irrigation.kerala.gov.inwww.dtpcpalakkad.com ല്‍ ലഭിക്കും. ഫോണ്‍: 0491 2815111

സിവില്‍ സര്‍വ്വീസ് പ്രവേശന പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പരീക്ഷയുടെ കേന്ദ്രം ഗവ. വിക്ടോറിയ കോളേജ് ക്യാമ്പസില്‍ നിന്നും പി.എം.ജി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. പ്രവേശന പരീക്ഷ ഏപ്രില്‍ 24 ന് രാവിലെ 11 മുതല്‍ നടക്കും. ഏപ്രില്‍ 22 ന് വൈകിട്ട് അഞ്ച് വരെ www.ksca.org ല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍ – 0491 2576100

ക്വട്ടേഷന്‍

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 25 ന് വൈകീട്ട്  നാല് വരെ സ്വീകരിക്കും., അന്നേ ദിവസം വൈകീട്ട് 4.30 ന് തുറക്കും. ഫോണ്‍: 0491 2505383.

 
അധ്യാപക നിയമനം

മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, എല്‍.പി, സ്പെഷ്യല്‍ ടീച്ചര്‍ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം തസ്തികകളിലേക്ക് ഒരോ ഒഴിവ് വീതമാണുള്ളത്. പി.ജി, ബി.എഡ്, സെറ്റാണ്  യോഗ്യത. ഹൈസ്‌കൂള്‍ വിഭാഗം മാത്സ് തസ്തികയില്‍ രണ്ട് ഒഴിവും, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ് തസ്തികകളില്‍ ഒരോ ഒഴിവുമാണുള്ളത്. ബിരുദം, ബി.എഡ്, കെ.ടെറ്റാണ് യോഗ്യത. എല്‍.പി വിഭാഗത്തില്‍ നാല് ഒഴിവാണുള്ളത്. യോഗ്യത ടി.ടി.സി, കെ. ടെറ്റ്. മേനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി) തസ്തികയില്‍ ഒരൊഴിവും (സ്ത്രീ 1, പുരുഷന്‍ 1) ഫിസിക്കല്‍ എജുക്കേഷന്‍ തസ്തികയിലേക്ക് ഒരൊഴിവും വീതമാണുള്ളത്. യോഗ്യത ബിരുദം, ബി.എഡ്, കെ.ടെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

 
ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം

സ്ഫോടന വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471-2779200, 9074882080

എം.എസ്.എം.ഇ അപ്രന്റിസ്ഷിപ്പ് മേള ഏപ്രില്‍ 21 ന്

എം.എസ്.എം.ഇ അപ്രന്റിസ്ഷിപ്പ് മേള ഏപ്രില്‍ 21 ന് നടക്കും. സര്‍വേയര്‍, വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, എം.ആര്‍.എ.സി, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഇലക്ട്രോണിക്സ മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, കോപ്പ, മെഷീനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍(ഇംഗ്ലീഷ്), സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ടെര്‍ണര്‍, വയര്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മൈന്റനന്‍സ് എന്നീ ട്രേഡുകളിലെ ട്രെയിനികള്‍ മേളയോടനുബന്ധിച്ച് ഏപ്രില്‍ 21 ന് രാവിലെ 9.30 ന് മലമ്പുഴ ഐ.ടി.ഐയില്‍ എത്തണമെന്ന് ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആര്‍.ഐ സെന്ററില്‍ ലഭിക്കും. ഫോണ്‍: 0491 2815761

 
ഇസാഫ് ബാങ്കില്‍ നിയമനം: തൊഴില്‍ മേള 22ന്

എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇസാഫ്  ബാങ്കിലെ ഒഴിവുകള്‍ നികത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ 22ന് തൊഴില്‍മേള നടത്തും. ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച്  ഓപ്പറേഷന്‍സ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ടെല്ലര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ബിരുദമാണ് യോഗ്യത. സെയില്‍സ് കണ്‍സള്‍ട്ടന്റിന് പ്ലസ് ടു/ഡിഗ്രിയാണ് യോഗ്യത. സര്‍വീസ് അഡൈ്വസര്‍, ഫ്ളോര്‍ സൂപ്പര്‍വൈസര്‍ എന്നിവയ്ക്ക് ഡിപ്ലോമ ഓട്ടോമൊബൈല്‍, മെക്കാനിക്കലും ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഐ.ടി.ഐ, എസ്.എസ്.എല്‍.സി, പ്ലസ് ടുവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ഏപ്രില്‍ 20, 21, 22 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ബയോഡാറ്റായും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും. ഫോണ്‍: 0491 2505204

താത്ക്കാലിക നിയമനം

ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വ്വേദ ഫാര്‍മസി ട്രെയിനിംഗ്, ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മധ്യേ. താത്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 26 ന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2544296

കരാര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ യോഗയില്‍ നേടിയ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് 12 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2544296

error: Content is protected !!