ജില്ലയില്‍ വ്യവസായമന്ത്രിയുടെ അദാലത്ത് ഏപ്രില്‍ 28ന്
വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും, സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുക.
വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ മാസം ഇരുപത്തിയാറ് വരെ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിലോ, പത്തനംതിട്ട വെട്ടിപ്പുറം റോഡിലുള്ള താലൂക്ക് വ്യവസായ ഓഫീസ്, അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസ്, തിരുവല്ല റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസിലോ സമര്‍പ്പിക്കാം.
സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നടപടികളും അദാലത്തില്‍ സ്വീകരിക്കും. അന്നേദിവസം മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ജില്ലയിലെ വിവിധ വകുപ്പുകളായ കെഎസ്ഇബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍ ഓഫീസ്, ലീഡ് ബാങ്ക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലാമേധാവികള്‍ പങ്കെടുക്കും. പരാതി ഓണ്‍ലൈനായി [email protected] എന്ന മെയിലിലും നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0468-2214639.
അദാലത്ത് ഏപ്രില്‍ 25ന്
പ്രമാടം പഞ്ചായത്തില്‍ ഏപ്രില്‍ 25ന് രാവിലെ പത്തിന് അദാലത്ത് നടക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രമാടം ഗ്രാമപഞ്ചായത്തില്‍ 31.1.2022 മുമ്പ് നല്‍കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍: 0468 2242215.
പുതിയ വ്യവസായ സംരംഭങ്ങള്‍: ഇന്റേണ്‍സിനുള്ള പരിശീലനം തുടങ്ങി
കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴില്‍മേഖലയെ മാറ്റിമറിക്കാന്‍ ഉതകുന്നതും നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ മുന്നേറ്റം കൈവരിക്കാന്‍ വഴിയൊരുക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 62 സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പരിശീലനമാണ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അടുത്ത അഞ്ചുദിവസമായി നടക്കുക. ബിടെക്, എംബിഎ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം പഞ്ചായത്തുകളില്‍ നിയോഗിക്കപ്പെടുന്നവര്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ സംരംഭങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംരംഭകര്‍ക്ക് ആവശ്യമായ വിവിധ ലൈസന്‍സുകള്‍, വായ്പ, സാങ്കേതിക അനുമതി സഹായം എന്നിവ നല്‍കുകയും സംരംഭം തുടങ്ങാന്‍ ആവശ്യമായ സേവനം തുടങ്ങിയവ ഇന്റേണ്‍സ് നല്‍കുകയും ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍, മാനേജര്‍മാരായ മിനിമോള്‍, മായ, അനീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലനം 27ന് പൂര്‍ത്തിയാകും.
വാഹനീയം അദാലത്ത്: 310 പരാതികള്‍ പരിഹരിച്ചു
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ വാഹനീയം പരാതി പരിഹാര അദാലത്തില്‍ 310 പരാതികള്‍ പരിഹരിച്ചു. 11 പരാതികളില്‍ തവണ വ്യവസ്ഥയില്‍ നികുതി അടയ്ക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവായി. 15 പരാതികള്‍ ഗതാഗത കമ്മീഷണര്‍ക്കും ബാക്കിയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് സബ് ഓഫീസുകള്‍ക്കും കൈമാറി.
വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും
ആധുനികവത്ക്കരിക്കും: മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്ക്കരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടു കൂടി 75 കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കുകളും നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം വാഹനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍് കേട്ട് സമയബന്ധിതമായി പരിഹരിക്കുകയാണ് വാഹനീയം അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. മാത്രമല്ല, മോട്ടോര്‍ വാഹന ഓഫീസുകളെ പേപ്പര്‍ലെസ് ഓഫീസ് എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്ന് വരികയാണ്. കൂടാതെ, ഏജന്റുകളുടെ സഹായമില്ലാതെ ജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാതെ ഓണ്‍ലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലുടനീളം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 726 കാമറകള്‍ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അവ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും വിവേചനരഹിതമായി വാഹനനിയമങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഹരികൃഷ്ണന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പ്രം, ജനപ്രതിനിധികള്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പടികള്‍ കയറാന്‍ കഴിയില്ല,
ജോമിയെ കാണാന്‍ ഗതാഗത മന്ത്രി നേരിട്ടെത്തി
അപകടത്തില്‍ കാല് നഷ്ടപ്പെട്ട പത്തനംതിട്ട കണ്ണങ്കര കുരിശുങ്കല്‍ ജോമി വാഹനീയം അദാലത്തില്‍ പരാതി നല്‍കാന്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തി പടിക്കെട്ടുകള്‍ കയറാനാവാതെ കുഴങ്ങി. ഇത് അറിഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു പരാതി പരിഹാരത്തിനായി ജോമിയുടെ അടുത്തെത്തി.
അപകടത്തില്‍ പരിക്കേറ്റ് കാലുകള്‍ നഷ്ടപ്പെട്ട ജോമിയുടെ ചികിത്സ നടക്കവേയാണ് ഭാര്യ അജിത കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. ആര്‍സിസിയില്‍ അജിതയുടെ ചികിത്സ നടക്കുകയാണ്. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായിരുന്നു ഒരു ഓട്ടോ. എന്നാല്‍, ആശുപത്രി ചിലവുകള്‍ കൂടി വന്നതോടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഓട്ടോയുടെ ടാക്സും ഇന്‍ഷുറന്‍സും കുടിശികയായി. പണമടയ്ക്കാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതിരുന്ന ജോമി അദാലത്തിലെത്തി മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഒരു മകളും മകനും അടങ്ങുന്ന ജോമിയുടെ കുടുംബം വാടകവീട്ടിലാണ് താമസം. ജോമിയുടെ അവസ്ഥ നേരിട്ടറിഞ്ഞ മന്ത്രി കുടിശികയില്‍ പരമാവധി ഇളവ് നല്‍കാമെന്ന് ഉറപ്പ് നല്‍കി.
മധുസൂദനന്‍ ഓര്‍മിപ്പിച്ചു; ഭിന്നശേഷിക്കുട്ടികളുടെ
കാര്യത്തില്‍ മന്ത്രിയുടെ ത്വരിത നടപടി
ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ വഴി വാഹനത്തിന്റെ ചിത്രം പകര്‍ത്തുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന വാഹനീയം അദാലത്തിലെത്തിയ മധുസൂദനന്റെ പരാതിയും ഇതു തന്നെയായിരുന്നു. ഭിന്നശേഷിക്കാരനായ പന്ത്രണ്ട് വയസുകാരന്‍ മകനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്പീച്ച് തെറാപ്പിക്കും മറ്റുമായി കൊണ്ടുപോകുന്നത് ഭാര്യയ്ക്കൊപ്പം ഇരുചക്രവാഹനത്തിലാണ്. മകന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മധുസൂദനന്‍ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് യാത്ര ഇരുചക്രവാഹനത്തിലാക്കുന്നത്. എന്നാല്‍, മൂന്ന് പേര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പല തവണ കാമറകള്‍ വഴി പിഴ ഈടാക്കിയിരുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പൊതുസര്‍ക്കുലര്‍ ഇറക്കുമെന്ന ഉറപ്പാണ് മന്ത്രി ആന്റണി രാജു നല്‍കിയത്.
പരിഹാരം തേടി തിരുവല്ലയിലെ ചെറുകിട വ്യാപാരികള്‍
തിരുവല്ല ടൗണിലെ ഡിവൈഡര്‍ സംവിധാനം അശാസ്ത്രീയമാണെന്നും പരിഹാരം വേണമെന്നും അഭ്യര്‍ഥിച്ച് ചെറുകിട വ്യാപാരികള്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ വാഹനീയം അദാലത്തിലെത്തി ഗതാഗത മന്ത്രി ആന്റണി രാജുവിനെ കണ്ടു. കുരിശുകവല മുതല്‍ ദീപ ജംഗ്ഷന്‍ വരെ ചാലക്കുഴി ബസാര്‍ അടക്കമുള്ള പ്രദേശത്തെ 350 ഓളം ചെറുകിട വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അടങ്ങുന്നവരുടെ പ്രതിനിധികളാണ് മന്ത്രിക്ക് അരികില്‍ എത്തിയത്. അശാസ്ത്രീയമായ ഡിവൈഡറുകള്‍ സ്ഥാപിച്ചതുമൂലം 2500 ഓളം പേരുടെ ഉപജീവനമാര്‍ഗമാണ് പ്രതിസന്ധിയിലായതെന്ന് പ്രതിനിധികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലെത്തിയ സംഘം പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പോടെയാണ് ഇവര്‍ മടങ്ങിയത്.