Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മികവ് 2021
അവാര്‍ഡ് വിതരണം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു

മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള മികവ് 2021 ന്റെ ഭാഗമായുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനായ കാലഘട്ടമാണിത്. നവീകരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാലയങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനായി.
എസ്. എസ്. എല്‍. സി / പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡ്. മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന വി.ആര്‍.രമേഷിന്റെ സ്മരണാര്‍ഥം പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, ബയോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡും വിതരണം ചെയ്തു.
എസ്. എസ്. എല്‍. സിക്ക് 181 പേരും പ്ലസ്ടുവിന് 47 പേരും, എന്‍ഡോവ്മെന്റ് അവാര്‍ഡിന് ഒരാളുമാണ് അര്‍ഹതനേടിയത്. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. രജിത്ത്, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്റണി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി പീറ്റര്‍, ഷെര്‍ലി ഹെന്‍ട്രി മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാന്‍ലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, മുന്‍ ഭരണ സമിതി അംഗം ബേയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട്, മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാതല റവന്യൂ കലോത്സവം ; അരങ്ങുണര്‍ത്തി കലാമത്സരങ്ങള്‍
ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു

ജില്ലാതല റവന്യൂ കലോത്സവത്തിന്റെ ഭാഗമായി നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം തേവള്ളി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ധനകാര്യവകുപ്പ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ജീവനക്കാരുടെ കലാപരവും സാംസ്‌കാരികവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവരില്‍ സാഹോദര്യ-സഹകരണ ബോധം വളര്‍ത്തുന്നതിനും ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഇടയാക്കും. നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അധ്യക്ഷയായി. കലാപരിപാടികളും സദസ്സിനൊപ്പം ആസ്വദിച്ചു. എ.ഡി.എം എന്‍.സാജിതാ ബീഗം ‘പ്രിയ സഖി ഗംഗേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു.

 

സൗജന്യ പരിശീലനം
മൃഗസംരക്ഷണ മേഖലയില്‍ ഫാമുകള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കായി സൗജന്യ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27 ന് രാവിലെ 10 ന് കൊല്ലം ആശ്രാമത്ത് നടത്തുന്ന പരിശീലന പരിപാടിക്കായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0474 2537300.

ശില്പശാല ഇന്ന് ( ഏപ്രില്‍ 25 )
കൊല്ലം കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് ഇന്ന് (ഏപ്രില്‍ 25) ഉച്ചയ്ക്ക് രണ്ടിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ശില്പശാല സംഘടിപ്പിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!