Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള

ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍

മേളയില്‍ ശീതികരിച്ച 150 ഏറെ സ്റ്റാളുകള്‍

വിവിധ  വകുപ്പുകളുടെ 50 ല്‍ ഏറെ തീം സ്റ്റാളുകളും 100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളും

കുടുംബശ്രീ, കെ.ടി.ഡി.സി സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍

നിറസന്ധ്യ പകര്‍ന്ന് തരുന്ന  കലാ- സാംസ്‌കാരിക പരിപാടികള്‍

ജനോപകാര പ്രദമായ സെമിനാറുകള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’  പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി  പത്രസമ്മേളനം നടത്തി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

തനത് രുചിക്കൂട്ടുകളും കരകൗശല- കാര്‍ഷികോത്പന്നങ്ങള്‍ മുതല്‍ ധനസഹായമുള്‍പ്പെടെയുള്ള
സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന-വിപണന മേള നടക്കും. ശീതീകരിച്ച 150 സ്റ്റാളുകളാണ് മേളയില്‍ ഉള്‍പ്പെടുക. മേളയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി  ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും. കുടുംബശ്രീ, കെ.ടി.ഡി.സി എന്നിവയുടെ  ആഭിമുഖ്യത്തില്‍ പാലക്കാടിന്റെ തനത് രുചിക്കൂട്ടുകളും മറ്റ് രുചി വൈവിധ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഫുഡ് സ്റ്റാള്‍ ഉണ്ടാകും.
‘കേരളത്തെ അറിയാം’ എന്ന പേരില്‍ ടൂറിസം വകുപ്പിന്റെ 10 വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍, കേരള ചരിത്രം അഭിമാനം, നേട്ടങ്ങള്‍, പ്രതീക്ഷ ഭാവി എന്നിവ വിഷയീകരിച്ചുള്ള പി.ആര്‍.ഡിയുടെ സ്റ്റാള്‍, പരമ്പരാഗത- കാര്‍ഷിക ഉത്പന്നങ്ങളും കൗതുകമുണര്‍ത്തുന്ന കരകൗശല ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന സ്റ്റാളുകളും, ധനസഹായമുള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും  രേഖകള്‍  സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്ന സ്റ്റാളുകളും ഇതില്‍ ഉള്‍പ്പെടും. തനത് സാംസ്‌കാരിക പരിപാടികള്‍, പൊതു ജനോപകാരപ്രദമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. മെയ് നാലിന് മേളയുടെ സമാപനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
‘കേരളത്തെ അറിയാന്‍’ .. എന്ന ഡി.ടി.പി.സി.  യുടെ സ്റ്റാളില്‍ കേരളത്തിലെ കാര്‍ഷിക പാരമ്പര്യവും കൃഷി രീതികളും ഉള്‍പെടുത്തിയുള്ള ടൂറിസം മാതൃകകള്‍ പ്രദര്‍ശിപ്പിക്കും.’കേരളത്തെ അറിയാന്‍’ എന്ന പേരില്‍ ഡി.ടി.പി.സി. 150 സ്റ്റാളുകളില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മാതൃകകള്‍ പ്രദര്‍ശന മേളയില്‍ പ്രദര്‍ശിപ്പിക്കും.നെല്‍പ്പാടവും പുഴയും കുളവും കെട്ടുവള്ളവും പക്ഷികളും ഉള്‍പ്പെടെ ഗ്രാമകാഴ്ചകള്‍ മേളയിലുണ്ടാകും .അഗ്രി ടൂറിസം നെറ്റ വര്‍ക്ക്, പേപ്പര്‍ മോഡല്‍, സ്ട്രീറ്റ് പദ്ധതി, വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്സ്പീരിയന്‍സ്, തലശ്ശേരി, ആലപ്പുഴ, മുസിരിസ്, തുടങ്ങിയ പൈതൃക പദ്ധതികള്‍, കാരവന്‍ ടൂറിസം, മലനാട്- മലബാര്‍ റിവര്‍ ക്രൂയിസ്, ടൂറിസം പദ്ധതി, അഡ്വഞ്ചര്‍ ടൂറിസം, ബാരിയര്‍ ഫ്രീ ടൂറിസം, എന്നീ ആശയങ്ങളിലുള്ള മാതൃകകളാണ് മേളയില്‍ ഡി.റ്റി.പി.സി പ്രദര്‍ശിപ്പിക്കുന്നത്.


‘എല്ലാവരും കൃഷിയിലേക്ക്’…എന്ന പദ്ധതി വിശദമാക്കുന്ന
കൃഷി വകുപ്പിന്റെ 5000 സ്വ.ഫ്ീറ്റ് സ്റ്റാള്‍

‘എല്ലാവരും കൃഷിയിലേക്ക്’ എന്ന ആശയത്തില്‍ കൃഷി വകുപ്പിന്റെ 5000 സ്വ.ഫീറ്റ് സ്റ്റാള്‍ മേളയില്‍ സജ്ജമാക്കും. ഫുഡ് പ്രൊസസിംഗ് ടെക്നോളജി ഉള്‍പ്പടെയുള്ള 22 ഓളം വീഡിയോ പ്രദര്‍ശിപ്പിക്കും.  പുറമെ പാലക്കാടിന്റെ പച്ചപ്പും തനിമയും  ദൃശ്യവത്കരിക്കുന്നതാവും കൃഷിവകുപ്പിന്റെ സ്റ്റാള്‍ . കൃഷിക്കായി മണ്ണ് ഒരുക്കുന്നത്  മുതല്‍ വിളകളുടെ സംസ്‌കരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍  മേളയില്‍ വകുപ്പ് അധികൃതര്‍ ദൃശ്യവത്ക്കരിക്കും..


പറമ്പിക്കുളം-ആളിയാര്‍ പദ്ധതി മാതൃക,  ലൈവ് വാട്ടര്‍ ലെവല്‍ റിപ്പോര്‍ട്ട്,
ജലസേചന വകുപ്പിന്റെ 900 സ്വ.ഫീറ്റ് സ്റ്റാള്‍ വ്യത്യസതമാവും.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതി മാതൃക,  ലൈവ് വാട്ടര്‍ ലെവല്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ ജലസേചന വകുപ്പിന്റെ 900 സ്വ.ഫീറ്റ് സ്റ്റാള്‍ വ്യത്യസതമാവും. ചിറ്റൂര്‍ മേഖലയിലെ പരമ്പരാഗത ചെക്ക് ഡാമുകളുടെ സംവിധാനം, കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ വകുപ്പിന്റെ പ്രധാനപ്പെട്ട നേട്ടങ്ങള്‍, റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ പുരോഗതി, ജലസേചന നിര്‍മ്മിതികളുടെ മാതൃകകള്‍, ഫൈബര്‍ റിഫോഴ്സ്ഡ്  പ്ലാസ്റ്റിക് ഷട്ടറുകളുടെ മാതൃക, ഭാരതപ്പുഴയുടെ ചിത്രങ്ങള്‍,റെഗുലേറ്റര്‍ വീഡിയോ പ്രദര്‍ശനം, ചിറ്റൂര്‍ മേഖലയിലെ ജലസ്രോതസുകളുടെ ഫോട്ടോ, വീഡിയോ പ്രദര്‍ശനം,  മംഗലം ഡാമിലെ ചെളി നീക്കം ചെയ്യുന്ന വീഡിയോ,   വീഡിയോ പ്രദര്‍ശനം,   മെക്കാനിക്കല്‍ വിഭാഗം ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവ ഈ സ്റ്റാളില്‍ ഉണ്ടാവും.

മേളയില്‍ കെ.എസ്.ഇ.ബിയുടെ സോളാര്‍ പമ്പ് വര്‍ക്കിംഗ് മോഡല്‍

പ്രദര്‍ശന നഗരിയില്‍ കെ.എസ്.ഇ.ബി.യുടെ സോളാര്‍ പവര്‍ വര്‍ക്കിംഗ് മോഡല്‍, പൊതുജനങ്ങള്‍ക്ക് അറിയാന്‍ സോളാര്‍ നെറ്റ് മീറ്റര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം, സൗര രജിസ്ട്രേഷന്‍, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ  വൈദ്യുതി സേവനങ്ങള്‍ ലളിതവത്കരിച്ച രീതി,  ജലവൈദ്യുതി പദ്ധതിയുടെ മോഡല്‍, എര്‍ത്ത് ലീക്കേജ് വര്‍ക്കിംഗ് മോഡല്‍ എന്നിവ കെ.എസ്.ഇ.ബി സ്റ്റാളില്‍ സജ്ജീകരിക്കും.

 അനര്‍ട്ടിന്റെ വിവിധ പദ്ധതികള്‍ ത്രീഡി മാതൃകയില്‍ പുറെമ സ്പോട്ട് രജിസ്ട്രേഷന്‍ സേവനങ്ങളും

അനര്‍ട്ട് മുഖേന നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴില്‍ സജ്ജമാക്കി ത്രീഡി മാതൃകയില്‍ പ്രദര്‍ശിപ്പിക്കും.  പി.എം കുസും പമ്പ് സൗരവത്ക്കരണ സ്പോര്‍ട്ട് രജിസ്ട്രേഷന്‍,സൗര തേജസ് സ്പോട്ട് രജിസ്ട്രേഷന്‍, വിവിധ പദ്ധതികള്‍ സംബന്ധിച്ച ബോധവത്ക്കരണം എന്നിവ മേളയില്‍ ഉണ്ടാവും

ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിന്റെ സ്റ്റാളുകളും മേളയിലുണ്ടാകും

ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക്  തത്സമയം കണ്ടു മനസ്സിലാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം അവസരമൊരുക്കും. വില്‍പന സാധ്യമാക്കി കൊണ്ട് കരകൗശല വസ്തുക്കള്‍ ഉള്‍പ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 30 തോളം സ്റ്റാളുകളും സേവനങ്ങള്‍ സംബന്ധിച്ച ഏഴു സ്റ്റാളുകളും മേളയിലുണ്ടാവും.

8000 സ്‌ക്വയര്‍ ഫീറ്റില്‍ ഫുഡ് കോര്‍ട്ടും   സംരംഭകരുടെ ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ മുപ്പതോളം സ്റ്റാളുകള്‍

കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഫുഡ് സ്റ്റാളിന് പുറമെ സംരംഭകരുടെ ഉത്പന്നങ്ങളുള്‍പ്പെട്ട മുപ്പതോളം കുടുംബശ്രീ സ്റ്റാളുകള്‍ മേളയിലുണ്ടാവും. പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയില്‍  വലിയ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്‍ഡ് ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാകും.
ജില്ലയിലെ മികച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍, അരി, നാടന്‍ പച്ചക്കറികള്‍, വിവിധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍,  കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ചക്ക  കുക്കീസ്, ശുദ്ധമായ തേന്‍, വെളിച്ചെണ്ണ, കായ ഉപ്പേരി, തുടങ്ങിയ ഉത്പന്നങ്ങള്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാകും.

സെമിനാറുകള്‍

റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം, സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള ധനസഹായം, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്പന്നങ്ങള്‍,ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ അപേക്ഷ നല്‍കല്‍, ഭക്ഷ്യസുരക്ഷ- പൊതുജനങ്ങള്‍ അറിയേണ്ടത് തുടങ്ങി ജനോപകാരപ്രദമായ വിഷയങ്ങളില്‍ സെമിനാറുകള്‍ പ്രദര്‍ശന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ഉച്ചയ്ക്ക് 12 മുതല്‍ ഒന്ന്  വരെയും വൈകിട്ട് മൂന്ന് മുതല്‍ നാല് വരെയും നടക്കും.

വര്‍ണ്ണശമ്പളമായ കലാപരിപാടികളോടെ ‘നിറസന്ധ്യ’ വൈകിട്ട് ആറുമുതല്‍ അരങ്ങേറും
കലാ -സംസ്‌ക്കാരിക പരിപാടികളോടെ ‘നിറസന്ധ്യ’ വൈകിട്ട് ആറുമുതല്‍ അരങ്ങേറും.

ഏപ്രില്‍ 28
വൈകിട്ട്.6.00  കലാപരിപാടികള്‍ ഉദ്ഘാടനം
സ്വാഗതം:  പ്രിയ.കെ.ഉണ്ണികൃഷ്ണന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അധ്യക്ഷത: ടി .ആര്‍.അജയന്‍,സെക്രട്ടറി,ജില്ലാ പബ്‌ളിക് ലൈബ്രറി സെക്രട്ടറി.
ഉദ്ഘാടനം: .കരിവെള്ളൂര്‍ മുരളി (കവി, നാടകസംവിധായകന്‍)
നന്ദി:  രാജേഷ് മേനോന്‍,ജില്ലാ പബ്‌ളിക് ലൈബ്രറി നിര്‍വാഹക സമിതി അംഗം.
6.45 ന്  നാട്ടുചന്തം
നാടന്‍ കലകളുടെ ദൃശ്യാവിഷ്‌കാരം
അവതരണം:  പ്രണവം ശശിയും സംഘവും
ഏപ്രില്‍ 29
വൈകിട്ട് 5.30 ഉദ്ഘാടനം: പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി
5.45 : വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : രാഗമധുരം
പാടിപ്പതിഞ്ഞ പാട്ടുകള്‍
അവതരണം: പാലക്കാട് മെഹ്ഫില്‍
ഗായകര്‍: അനുശ്രീ, ചന്ദ്രന്‍ , സൗരവ്,  അനിഖ,  രജനി, ബിലാഷ,  കൃഷ്ണന്‍
സാക്ഷാത്കാരം: ഇ.കെ.ജലീല്‍
7.30 : കേരളീയം
മോഹിനിയാട്ടം
അവതരണം: നടന കൈരളി, ഇരിഞ്ഞാലക്കുട
സാക്ഷാത്കാരം: നിര്‍മല പണിക്കര്‍
ഏപ്രില്‍ 30
വൈകിട്ട്  5.30  ഉദ്ഘാടനം: .പി.ടി.നരേന്ദ്ര മേനോന്‍(സംഗീതജ്ഞന്‍,കവി), സുകുമാരി നരേന്ദ്രമേനോന്‍(സംഗീതജ്ഞ)
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : പുഷ്പവതി പാടുന്നു
മധുരഗാനങ്ങളുടെ വശ്യാലാപനം
അവതരണം: പുഷ്പവതി മ്യൂസിക് ബാന്‍ഡ്, തിരുവനന്തപുരം
8.00 : പൊലിത്താളം
പഴമയുടെ അരുളപ്പാടുകള്‍
അവതരണം: ഗോത്രകലാ കേന്ദ്രം,ചേളന്നൂര്‍, കോഴിക്കോട്.
മെയ് 1
വൈകിട്ട് 5.30 : ഉദ്ഘാടനം
മണ്ണൂര്‍ രാജകുമാരനുണ്ണി (സംഗീതജ്ഞന്‍)
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : സംഗീത സമന്വയം
വിവിധ ഭാഷാ ഗാനസംഗമം
ഗായകര്‍: . സുദീപ് കുമാര്‍, പ്രദീപ് സോമസുന്ദരന്‍, പി.വി.പ്രീത, ചിത്ര അരുണ്‍, റജി സദാനന്ദന്‍,സുനില്‍ ഹരിദാസ്, ബല്‍റാം, സതീഷ് കൃഷ്ണ
പശ്ചാത്തല സംഗീതം : സ്വരലയ ഓര്‍ക്കസ്ട്ര
മെയ് 2
വൈകിട്ട് 5.30  ഉദ്ഘാടനം : മുണ്ടൂര്‍ സേതുമാധവന്‍ (സാഹിത്യകാരന്‍)
5.45 വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00: ഗ്രാമപ്പൊലിമ
നാട്ടുപാട്ടുകളുടേയും ഗ്രാമീണകലകളുടേയും അവതരണം
സാക്ഷാത്കാരം .ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും
7.30  നാട്യവിസ്മയം
ഭരതനാട്യം കച്ചേരി
അവതരണം : വി.പി.മന്‍സിയ
മെയ് 3
ഉദ്ഘാടനം : സുനിത നെടുങ്ങാടി (ഗായിക)
5.30 : ഓട്ടന്‍തുള്ളല്‍
ശ്രീമതി പ്രഭാവതിയും സംഘവും
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : കാവേററം നാട്ടറിവു പാട്ടുകള്‍
നാടന്‍ കലകളുടെ വിരുന്ന്
അവതരണം: കാവേററം നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രം
പാലക്കാട്
7.30 : ലയസൗഭഗം
മോഹിനിയാട്ട കച്ചേരി
അവതരണം:  വിനീത നെടുങ്ങാടി
മെയ് 4
6.00 : മധുരമീ ഗാനം
ഗൃഹാതുരത്വമാര്‍ന്ന ഗസല്‍ ഖവ്വാലി സന്ധ്യ
അവതരണം: നിസാ അസിസിയും മെഹ്ഫില്‍ പാലക്കാട്
സംഘവും
സാക്ഷാത്കാരം: എം.എന്‍.നന്ദകുമാര്‍
7.30 : മെഗാ ഷോ
നൃത്ത ഗാന മിമിക്സ് നിശ.
അവതരണം; എന്‍.ഡബ്ളിയു കമ്പനി

തലശ്ശേരി ബിരിയാണി, വനസുന്ദരി, ആലപ്പുഴ സ്പെഷ്യല്‍ കപ്പ-മീന്‍ കറി…
പിന്നെ പായസവും പഴച്ചാറുകളും ഐസ്‌ക്രീമും കേക്കുകളും
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്

തലശ്ശേരി ബിരിയാണി, വനസുന്ദരി, ആലപ്പുഴ സ്പെഷ്യല്‍ കപ്പ-മീന്‍ കറി. പിന്നെ പായസവും പഴച്ചാറുകളും ഐസ്‌ക്രീമും കേക്കുകളും പാലക്കാടിന്റെ നാടന്‍ വിഭവങ്ങളും. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി കുടുംബശ്രീ ഫുഡ് കോര്‍ട്ട് വേറിട്ട് നില്‍ക്കും. മധുരത്തിന് പായസങ്ങളും ഉഷ്ണത്തിന് ജ്യൂസുകളും ഫുഡ്‌കോര്‍ട്ടിലുണ്ടാകും. ഇതോടൊപ്പം ഓര്‍ഡറുകള്‍ക്കനുസരിച്ച് കേക്കുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് കുടുംബശ്രീ സ്റ്റാള്‍ ഒരുക്കുന്നത്.

പാള പ്ലേറ്റും പേപ്പര്‍ ബാഗും ഉള്‍പ്പെട്ട ബദല്‍ മാര്‍ഗങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും

നിത്യ ജീവിതത്തിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗം ഒരുക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍. പാള കൊണ്ട് നിര്‍മ്മിക്കുന്ന പ്ലേറ്റ്, ഗ്ലാസ്, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ ഫയലുകള്‍, തുണി സഞ്ചികള്‍ തുടങ്ങിയവയെല്ലാം സ്റ്റാളുകളില്‍ ലഭിക്കും.

ചിരട്ടയിലും മുളയിലും വിസ്മയങ്ങള്‍ കാണാം

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍, ആഭരണങ്ങള്‍, ലോഹങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന ശില്‍പ്പങ്ങള്‍, ബാഗുകള്‍, ചിരട്ട, മുള  തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ആകര്‍ഷകമാവും.

രാജസ്ഥാനി, കുത്താമ്പുള്ളി വസ്ത്ര വൈവിധ്യങ്ങള്‍

പ്രാദേശികമായി നെയ്‌തെടുക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പാലക്കാടിന്റെ തനത് കുത്താമ്പുള്ളി വസ്ത്രങ്ങള്‍ മേളയിലെത്തും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സാരി, ചുരിദാര്‍, ഉടുപ്പ്, മുണ്ട്, ഷര്‍ട്ട് ഉള്‍പ്പടെയുള്ള രാജസ്ഥാനി മോഡല്‍ വസ്ത്രങ്ങളും എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സ്റ്റാളുകളിലുണ്ടാവും.

കാന്താരി സിറപ്പും ചക്കിലാട്ടിയ എണ്ണയും

തനത് നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെട്ട ഫുഡ് പ്രോസസിങ് സ്റ്റാള്‍ മേളയില്‍ ശ്രദ്ധാകേന്ദ്രമായി മാറും. ശര്‍ക്കര വരട്ടി, കായ വരട്ടി, കാന്താരി സിറപ്പ്, വിവിധ സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ബിസ്‌ക്കറ്റുകള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ചോക്ലേറ്റ്, കൂണ്‍ ബിസ്‌ക്കറ്റ് ഉള്‍പ്പെട്ട വിവിധ കൂണ്‍ ഉത്പ്പന്നങ്ങളും കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാകും.

മോടികൂട്ടാന്‍ അലങ്കാര സസ്യങ്ങള്‍

സ്റ്റാളിന് നിറവസന്തം തീര്‍ത്ത് സവിശേഷമായ പൂച്ചെടികള്‍, അലങ്കാരസസ്യങ്ങള്‍, ഫലവൃക്ഷ തൈകള്‍, വിവിധ വിത്തുകള്‍ ഉള്‍പ്പടെയുള്ളവയും  പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തും. പ്ലാന്റ് നഴ്‌സറികളില്‍ നിന്ന് ചെടികള്‍ വാങ്ങുന്നതിനുള്ള സൗകര്യവും കുടുംബശ്രീ ഒരുക്കും.

അട്ടപ്പാടി രുചിക്കൂട്ടുകളുമായി പ്രത്യേകം സ്റ്റാള്‍

അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാത്തു സൂക്ഷിച്ച രുചിക്കൂട്ടുകള്‍ ‘ഹില്‍ വാല്യൂ’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടൂംബശ്രീ സ്റ്റാളിലെത്തിക്കും. അതോടൊപ്പം റാഗി, തുവര, ചോളം, തേന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ മില്ലറ്റ് കഫേയും സ്റ്റാളില്‍ ഉണ്ടാകും. ഇവ കൂടാതെ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന യൂണിറ്റ്, ആയുര്‍വേദ സോപ്പുകള്‍, രാമച്ചം സ്‌ക്രബ്ബര്‍, ഔഷധഗുണങ്ങളുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ പ്രദര്‍ശന വിപണന മേളയില്‍ ആകര്‍ഷകമാകും. കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന സ്റ്റാളില്‍ പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയില്‍ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്‍ഡ് ഉത്പന്നങ്ങളും ലഭ്യമാകും.
ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ വളര്‍ത്തുമൃഗങ്ങളുടെയും അപൂര്‍വ ഇനം വളര്‍ത്തു പക്ഷികളുടെയും പ്രദര്‍ശനവും നടക്കും.

error: Content is protected !!