പത്തനംതിട്ട: മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവ് കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ധുക്കളെ റിമാൻഡ് ചെയ്തു. ആറന്മുള കുഴിക്കാല സി എം എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡ് (45) കൊല്ലപ്പെട്ട കേസിൽ, അമ്മയുടെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശത്തേതുടർന്നു അന്വേഷണം ഊർജ്ജിതമാക്കിയ ആറന്മുള പോലീസ്, സംശയം തോന്നിയ പ്രതികളെ ഉടനടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി, വിശദമായ പരിശോധന നടത്തുകയും അന്വേഷണോദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രീയ പരിശോധനാ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ തുടങ്ങിയവരും ഉണ്ടായിരുന്നു. മരിച്ച റെനിൽ വർഷങ്ങളായി മാനസിക രോഗത്തിന് ചെങ്ങന്നൂരുള്ള മാനസിക രോഗാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോന്ന ഇയാൾ അനുജൻ സുനിൽ ജോർജ്ജിന്റെ വീട്ടിലാണ് താമസിച്ചുവന്നത്.
പിതാവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു, അമ്മ മോളി മാനസിക രോഗത്തിന് ചികിത്സയിലാണ്. സഹോദരൻ സുനിൽ ഡേവിസ് വിദേശത്താണ്. കൂലിപ്പണി ചെയ്തും മറ്റുമാണ്
ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇടയ്ക്ക് അക്രമവാസന കാട്ടുകയും നാട്ടുകാരെയും ബന്ധുക്കളെയും ചീത്ത വിളിക്കുകയും ചെയ്യുക പതിവാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞദിവസം സന്ധ്യക്ക് അമ്മാവൻ മാത്യൂസ് തോമസിന്റെ വീട്ടിലെത്തിയ റെനിൽ വീട്ടിനുള്ളിൽ
കടന്ന് ഫ്രിഡ്ജ് മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് മനസ്സിലാക്കി അവിടെയെത്തിയ മാത്യൂസ് തോമസ്
തടഞ്ഞപ്പോൾ ഇയാൾ വീട്ടിൽ നിന്നും കത്തിയെടുത്ത് വീശിയത്രെ. ഈസമയം മാത്യൂസ് മകനെ
വിളിച്ചുവരുത്തുകയും, ആക്രാസക്തനായ യുവാവിനെ കയറുകൊണ്ട് കെട്ടി, വീടിനു മുന്നിലെ പൊട്ടക്കിണറിന്റെ വക്കിലെത്തിച്ച് കയർ മുറിച്ചുമാറ്റി തള്ളുകയുമായിരുന്നു. ഇതിനിടെ കയറിന്റെ കഷ്ണം അവശേഷിച്ചത് ശ്രദ്ധയിൽപ്പെട്ട പോലീസ്, തുടർന്ന് നടത്തിയ
അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ്, കോട്ടയം മെഡിക്കൽ കോളേജിൽനടത്തിയ പോസ്റ്റ്മോർട്ടത്തിൽ,തലക്കേറ്റ മുറിവാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലെത്തിയതിനെ തുടർന്ന് കൊലപാതകം എന്ന നിലക്ക് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി കെ.സജീവിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ബി അയൂബ് ഖാൻ, ആറന്മുള എസ് ഐ മാരായ രാകേഷ് അനിരുദ്ധൻ, ഏ എസ് ഐ വിനോദ്, എസ് സി പി ഓമാരായ രാജൻ, പ്രദീപ്, ജോബിൻ,സുജ, സി പി ഓമാരായ രാജാഗോപാൽ, സുജിത്, ഹരിശങ്കർ, മനീഷ്, രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.