Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ശുദ്ധജലം ലക്ഷ്യം; മന്ത്രി റോഷി അഗസ്റ്റിന്‍
വേനല്‍കാലത്ത് ഉള്‍പ്പടെ കുടിവെള്ളക്ഷാമം  അനുഭവിക്കുന്ന സ്ഥലങ്ങളിലെ എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരീപ്ര പഞ്ചായത്തിലെ  കുഴിമതിക്കാട് വാര്‍ഡ് കുന്നുംപുറം ഭാഗം ഭൂജലാധിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതിയുടെ  ഉദ്ഘാടനം  സര്‍ക്കാര്‍ എല്‍. പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ 33 കുടുംബങ്ങള്‍ക്കാണ്   ഇതോടെ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയത്.
ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനായി. ജലജീവന്‍ മിഷന്‍ പദ്ധതിക്കൊപ്പം കല്ലട ജലസേചനപദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്  പൂര്‍ണ പിന്തുണ നല്‍കും. നൂതന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും   അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് പ്രശോഭ, വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടന്‍പിള്ള, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. തങ്കപ്പന്‍, എ. അഭിലാഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സന്ധ്യാഭാഗി, എസ്. സുവിദ, സി. ഉദയകുമാര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എസ്. സന്തോഷ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി. വി. വില്‍സണ്‍, ഡയറക്ടര്‍  ഇന്‍ ചാര്‍ജ് ഗോപകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഭരണഘടനയാണ്  ആധികാരിക ഗ്രന്ഥം;മന്ത്രി കെ. എന്‍. ബാലഗോപാല്‍
ജാതിമത ഭേതമന്യേ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്ന ബൃഹത്തായ നിയമ രേഖയായ ഇന്ത്യന്‍ ഭരണഘടനയാണ് ഏറ്റവും ആധികാരികമായ ഗ്രന്ഥമെന്ന്  ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സമ്പൂര്‍ണ ഭരണഘടന സാക്ഷരത ക്യാമ്പയിന്‍ ‘ദി സിറ്റിസണ്‍’ 2022 ന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭതലത്തില്‍  ആരംഭിക്കുന്ന പഠന ക്ലാസ്സുകളുടെ ഉദ്ഘാടനം മിനി സിവില്‍ സ്റ്റേഷനില്‍  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ കുറിച്ചും അതിലെ മൂല്യങ്ങളെ കുറിച്ചും 10 വയസ്സിന് മുകളിലുള്ളവര്‍ക്ക്  അറിവ് പകര്‍ന്നു നല്‍കുന്ന പദ്ധതിയാണ്  ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘ദി സിറ്റിസണ്‍ 2022’.  ഓഗസ്റ്റ് 14 ന്  അര്‍ദ്ധരാത്രി  രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടന  സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കുന്നതിനായി  വിപുലമായ പ്രവര്‍ത്തനങ്ങളാണ്  നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ പുലമണ്‍ കെ. ഐ. പി. രവി നഗര്‍ മുതല്‍  മിനി സിവില്‍സ്റ്റേഷന്‍ വരെ വര്‍ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഫ്‌ളാഗ് ഓഫ് മന്ത്രി കെ. എന്‍ ബാലഗോപാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലും ചേര്‍ന്ന് നിര്‍വഹിച്ചു.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ആര്‍ രമേശ്, ഫൈസല്‍ ബഷീര്‍, ജി. സുഷമ, സുജ, കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, ജനകീയ ആസൂത്രണം  ജില്ലാ ഫെസിലിറ്റേറ്റര്‍ പി. അനില്‍ കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ജോയി ഇളമണ്‍, ഡയറക്ടര്‍ സുധ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷകക്ഷേമം മുഖ്യലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി തൊടിയൂര്‍ പഞ്ചായത്തിലെ മാലുമേല്‍ പുഞ്ചയിലെ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ കൃഷിരീതി കൂടുതല്‍ വ്യാപകമാക്കും. കൂടുതല്‍ ജലസേചന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കുടിവെള്ള പദ്ധതികളുടെ പ്രയോജനം മുഴുവന്‍ ജനങ്ങളിലേക്കുമെത്തിക്കും-മന്ത്രി അറിയിച്ചു.
സി.ആര്‍.മഹേഷ് എം.എല്‍.എ അധ്യക്ഷനായി. തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ്, തൊടിയൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷരായ ശ്രീകല, ഒ. കണ്ണന്‍, ഷബന ജബാദ്, മൈനര്‍ ഇറിഗേഷന്‍ സുപ്രണ്ടിങ് എഞ്ചിനീയര്‍ കെ.രാജേഷ്, ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ശുദ്ധമായ കുടിവെള്ള വിതരണം ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
കേരളത്തിലെ ഗ്രാമങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ള വിതരണമാണ് ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുലശേഖരപുരം പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാള്‍ വാര്‍ഡിലെ തുറയില്‍ കടവില്‍ വി.സി.ബി യുടെ ഉപ്പുവെള്ളം തടയുന്നതിനുള്ള നിര്‍മ്മാണ പദ്ധതി മരങ്ങാട്ട്മുക്ക് എസ്. എന്‍ ലൈബ്രറി പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ശുദ്ധജല ദൗര്‍ലഭ്യം മറികടക്കുകയാണ് ഉദ്ദേശം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. സൗകര്യപ്രദമായ ജലസേചന സംവിധാനങ്ങളിലൂടെ നെല്ല് – നാണ്യവിള ഉല്‍പാദനത്തില്‍ കാര്‍ഷികമേഖലയ്ക്ക് കൈത്താങ്ങാകണം- മന്ത്രി പറഞ്ഞു.
സി. ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി. വി.സി.ബിയുടെ നിര്‍മ്മാണ പദ്ധതിക്ക് ജലസേചനവകുപ്പ് 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തുറയില്‍കടവില്‍ ടി. എസ് കനാലില്‍ അവസാനിക്കുന്ന  തുറയില്‍കടവ് തോട്ടില്‍ ഉപ്പുവെള്ളം കയറുന്നത് തടയുകയാണ് ലക്ഷ്യമിടുന്നത്. ഉപ്പുവെള്ളം കയറുന്നത് കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന  സാഹചര്യമാണ് തുറയില്‍ കടവില്‍ നിലനിന്നിരുന്നത്.        കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എ. നാസര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്,  സുപ്രണ്ടിങ് എഞ്ചിനീയര്‍ കെ. രാജേഷ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്-സോഷ്യല്‍- മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയില്‍ പരിശീലനം ലഭിക്കും. കോഴ്‌സ് ദൈര്‍ഘ്യം : ഒരു വര്‍ഷം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി മെയ് 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 9544958182 നമ്പരിലോ കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്‍ഡ് ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014 വിലാസത്തിലോ ബന്ധപ്പെടണം.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മയ്യനാട് സി. കേശവന്‍ മെമോറിയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള  വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  മെയ് 10ന് രാവിലെ 11 മണിയ്ക്ക് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കോഴ്‌സ്  പാസായിട്ടുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 0474 2555050.

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ലഭിക്കും
ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ അഞ്ച് രൂപ നിരക്കില്‍ പൗള്‍ട്രി വികസന കോര്‍പറേഷന്റെ കൊട്ടിയം ഫാമില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്   – 9495000923 (കൊട്ടിയം), 9495000915, 9495000918, 0471 2478585 (തിരുവനന്തപുരം) നമ്പരുകളില്‍  വിളിക്കാം.

പൊതുഹിതപരിശോധന (മെയ് 6)
ആയൂര്‍-അകമണ്‍ റോഡില്‍ തോട് നിര്‍മ്മിക്കുന്നതിന്  കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലെ വാളകം, ഇടമുളയ്ക്കല്‍ എന്നീ വില്ലേജുകളില്‍ നിന്ന് ഭൂമിയേറ്റെടുക്കുന്നതിനായി പ്രസിദ്ധീകരിച്ച സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്റെ കരട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് ഇന്ന് (മെയ് 6) രാവിലെ 11 മണിക്ക് ആയൂര്‍ വയനമൂല സാംസ്‌കാരിക കേന്ദ്രത്തില്‍  പൊതുഹിത പരിശോധന നടക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക്  പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉള്‍ക്കടലില്‍ ഉല്ലാസ യാത്രയ്ക്കും കെ.എസ്.ആര്‍.ടി.സി
കൊല്ലത്ത് നിന്ന് ഈ മാസം 14ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാല്‍ കൊച്ചിയില്‍ നിന്ന് കപ്പലില്‍ ഉല്ലാസ യാത്ര പോകാം. ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനമായ നെഫെര്‍ട്ടിറ്റിയിലേക്കുള്ള കണക്ഷനാണ് ബസ് യാത്ര. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും  കെ.എസ.്ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലും ചേര്‍ന്നാണ് മെയ് 14 നാണ്  ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
14 ന്  രാവിലെ 4.30ന് ലോഫ്‌ളോര്‍ എ.സി ബസ്സില്‍  പുറപ്പെട്ട്   കൊച്ചിയിലെത്താം. കൊച്ചിയില്‍ നിന്നും  9 മണിക്ക് കപ്പല്‍ പുറപ്പെടും. യാത്ര പൂര്‍ത്തിയായശേഷം കൊച്ചിയില്‍നിന്ന് ബസ്സില്‍ തന്നെ കൊല്ലത്ത്  തിരികെയെത്താം.
അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ഉള്‍ക്കടല്‍ യാത്ര. കപ്പലിനുള്ളില്‍  മ്യൂസിക് വിത്ത്  ഡി.ജെ,  ഗെയിമുകള്‍, ബുഫെ ലഞ്ച്, കുട്ടികള്‍ക്കുള്ള  പ്രത്യേക ഗെയിം സോണ്‍, തീയറ്റര്‍  എന്നിവ ഒരുക്കിയിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് 3500 രൂപയും  5 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. കപ്പലിലെ ഭക്ഷണം ഉള്‍പ്പെടെയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് –   9496675635 8921950903, 7012669689, 9447721659.

അപലേറ്റ് കമ്മിറ്റി രൂപീകരിച്ചു
പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രോജക്ടുകളുടെ അംഗീകാരം/സാങ്കേതികാനുമതിയുമായി ബന്ധപ്പെട്ട് വെറ്റിംഗ് ഓഫീസറുടെ തീരുമാനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനായി അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ആണ്  അദ്ധ്യക്ഷന്‍. ജില്ലാ കലക്ടര്‍  സെക്രട്ടറിയും. ജില്ലാ പ്ലാനിംഗ് ഓഫീസറാണ്  കണ്‍വീനര്‍. കമ്മിറ്റി അംഗങ്ങളായി ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി,  ജില്ലാ വികസന കമ്മീഷണര്‍,  ജോയിന്റ് ഡയറക്ടര്‍ (തദ്ദേശഭരണ പൊതു സര്‍വ്വീസ്),  ഡെപ്യൂട്ടി ഡയറക്ടര്‍ ( എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്). പരാതിയുള്ള പ്രോജക്ടിനെ കുറിച്ച് വിദഗ്‌ദ്ധോപദേശം നല്‍കാനുള്ള ചുമതല വകുപ്പിലെ/വകുപ്പുകളിലെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും  അംഗം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

error: Content is protected !!