Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

സുസ്ഥിര തൃത്താല പദ്ധതി: ജനകീയ പ്രസ്ഥാനമാക്കി നടപ്പാക്കണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്

‘സുസ്ഥിര തൃത്താല’പദ്ധതി കക്ഷി രാഷ്ട്രീയത്തിനപ്പുറം വിപുലമായ ജനകീയ പ്രസ്ഥാനമാക്കി നടപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. വട്ടേനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച തൃത്താല നിയോജക മണ്ഡലം സുസ്ഥിര തൃത്താല- ഏകദിന ശില്പശാലയില്‍ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജില്ലാ കലക്റ്റര്‍ മൃണ്മയി ജോഷി മുഖ്യ പ്രഭാഷണം നടത്തി. ശില്‍പ്പശാലയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ഡി.പി.ആര്‍ അന്തിമമായി തയ്യാറാക്കും. ത്രിതല പഞ്ചായത്തുകള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതി വിജയിത്തിലെത്തിക്കുന്നതിന് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനം പദ്ധതിക്ക് അനിവാര്യമാണ്. ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ എല്ലാ മാസവും പദ്ധതി അവലോകനം ചെയ്യും. പ്രാഥമിക വിവര ശേഖരണം, ഉപഗ്രഹ ചിത്രങ്ങളുടെ അവലോകനം എന്നിവ ഉപയോഗിച്ച് പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണം ലാന്‍ഡ് യൂസ്ഡ് ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. വളരെ നീണ്ട പുഴയോരം ഉണ്ടായിട്ടും തൃത്താല മേഖലയുടെ ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരമാണ് ഇത്തരം പദ്ധതിയിലൂടെ ഉണ്ടാകേണ്ടത്. ഇതിന് ശാശ്വതമായ പരിഹാരമാണ് ഇത്തരം പദ്ധതികളിലൂടെ പരിഹരിക്കപ്പെടേണ്ടത്.

ഭാരതപ്പുഴയുടെ പ്രവര്‍ത്തനങ്ങള്‍, തോടുകള്‍ കുളങ്ങള്‍ എന്നിവയുടെ നവീകരണം, കൃഷി അനുബന്ധ മേഖല, ഗതാഗതം,ടൂറിസം, മണ്ണ്- ജലസംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, മാലിന്യ സംസ്‌കരണം, ബോധവല്‍ക്കരണം എന്നീ വിഷയങ്ങളിലാണ് നയ രേഖാ അവതരണങ്ങള്‍ നടന്നത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ പ്രൊഫ. പി.കെ. രവീന്ദ്രന്‍, അനൂപ് കിഷോര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ചെയര്‍മാന്‍മാരായി. ശില്‍പ്പശാലയുടെ പ്ലീനറി സെഷനില്‍ കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റജീന വി. പി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് സംസ്ഥാന ജില്ലാ, ബ്ലോക്ക് ഉദ്യോഗസ്ഥര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍സണ്‍മാര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ.നിസാമുദ്ദീന്‍ ചര്‍ച്ചകള്‍ ക്രോഡീകരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തൃത്താല മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സുകളായ നിള, കാഞ്ഞിരമുക്ക്, കീച്ചേരി എന്നിവയായിരുന്നു ശില്‍പ്പശാലയിലെ വിവിധ സെഷനുകളിലെ വേദികള്‍. ശില്‍പശാലയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. പി റജീന, ഭൂവിനിയോഗ കമ്മീഷന്‍ എ. നിസാമുദ്ദീന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ:തൃത്താല നിയോജക മണ്ഡലം തൃത്താല- ഏകദിന ശില്പശാലയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യപ്രഭാഷണം നടത്തുന്നു

തൃത്താല നിയോജക മണ്ഡലം സുസ്ഥിര തൃത്താല- ഏകദിന ശില്പശാലയില്‍ നയരേഖ അവതരിപ്പിച്ച് സ്പീക്കര്‍ എം.ബി രാജേഷ് സംസാരിക്കുന്നു.

ജില്ലാതല പട്ടയമേള 9 ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും
വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ എന്ന സര്‍ക്കാര്‍ നയത്തിന്റെ  ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ജില്ലാതല പട്ടയമേള മെയ് ഒമ്പതിന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

 
പട്ടയ മേളയില്‍ വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍

ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍ . ഇതില്‍ 5102 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ് കെ.എസ്.ടി പട്ടയം (7) , ലക്ഷംവീട് പട്ടയം/ നാല് സെന്റ് പട്ടയം(721),ഭൂമി പതിവ് പട്ടയം(144), മിച്ചഭൂമി പട്ടയം(69), ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം(5102), വനാവകാശ രേഖ (183) എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.

കൂടുതല്‍ പട്ടയങ്ങള്‍ പട്ടാമ്പി താലൂക്കില്‍  424 പട്ടയങ്ങള്‍.

ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് പട്ടാമ്പി താലൂക്കിലാണ്. പട്ടാമ്പി താലൂക്കിലെ 424 കുടുംബങ്ങള്‍ക്കാണ്  ജില്ലാതല പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുന്നത്. പട്ടാമ്പി താലൂക്കില്‍ 33 ഭൂമിപതിവ് പട്ടയങ്ങളും 357 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 34 മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 424 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി.ചിറ്റൂര്‍ താലൂക്കില്‍ 56 ഭൂമിപതിവ് പട്ടയങ്ങളും, 150 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും നാലു മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 210 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ആലത്തൂര്‍ താലൂക്കില്‍ 76 നാല് സെന്റ്/ ലക്ഷം വീട് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നു. 55 ഭൂമിപതിവ് പട്ടയങ്ങളും 13 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 7 കെ.എസ്. ടി പട്ടയങ്ങളും ഉള്‍പ്പെടെ 75 പട്ടയങ്ങളാണ് മണ്ണാര്‍ക്കാട് താലൂക്കില്‍ വിതരണം ചെയ്യുന്നത്. ഒറ്റപ്പാലം താലൂക്കില്‍ 104 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും ഒരു ഭൂമിപതിവ് പട്ടയവും 30 മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 135 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അട്ടപ്പാടി താലൂക്കില്‍ 21 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 183 വനാവകാശ രേഖയും ഉള്‍പ്പെടെ 204 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും.

എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ.ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, എന്‍.ഷംസുദ്ദീന്‍, കെ .പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി. സുമോദ്, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം.കെ. മണികണ്ഠന്‍, ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.എന്‍ സുരേഷ് ബാബു, ടി.സിദ്ധാര്‍ത്ഥന്‍, എ.തങ്കപ്പന്‍, കെ.എം ഹരിദാസ്, കളത്തില്‍ അബ്ദുള്ള, അഡ്വ. കെ.കുശലകുമാര്‍, ജോബി ജോണ്‍, എ. രാമസ്വാമി , കെ.ആര്‍. ഗോപിനാഥ്, കെ.എം ഉണ്ണികൃഷ്ണന്‍, ശിവപ്രകാശ്, വി.ഡി. ജോസഫ്, എ ഭാസ്‌കരന്‍,മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുക്കും .

ജനപ്രതിനിധികളുടെ യോഗം 9 ന്

ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സംയുക്ത പദ്ധതികള്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായി മെയ് 9 ന് രാവിലെ 11 ന് ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ പഞ്ചായത്തില്‍ ചേരും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 
സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് റീസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ടി. ശശിയെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അവധി അപേക്ഷയും അറിയിപ്പ് നല്‍കാതെ അനധികൃതമായി ജോലിക്ക് എത്താതതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.

 
വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മെയ് ഒമ്പത്,10,16,17,23,24,30,31  തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക, ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0491 2556087

ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ  ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് എന്നി പദ്ധതിക്ക് കീഴില്‍ വരുന്ന രോഗികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ ഗവ.ആശുപത്രി, ഗവ. സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ഗവ. അംഗീകൃത ലാബ്,  സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.  2000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ മെയ് 17 ന് രാവിലെ 11 നകം നല്‍കണമെന്ന് ഒറ്റപ്പാലം താലൂക്ക്  ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :0466 2344053

വകുപ്പ് തല പരീക്ഷ 9 ന്

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് മൂന്നിന് നടത്താന്‍ നിശ്ചയിച്ച അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പേപ്പര്‍ -2 വകുപ്പ് തല പരീക്ഷ(008043- കെ.എസ്.ആര്‍) മെയ് ഒമ്പതിന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുമായി എത്തണമെന്ന് പി. എസ്. സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0491 2505398

സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, എ.ഡി.ജി.പിമനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ ആദ്യ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത് പാലക്കാട്  ജി.ടി.എച്ച്.എസ്് (21502) യൂണിറ്റിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ
വി. പ്രണവ് ദേവ്, എ.അര്‍ഷീദ് , കെ.എസ് അനസ് ,സി. ലക്ഷ്മി സുദര്‍ശന്‍,  എന്നിവരും കൈറ്റ് മാസ്റ്റര്‍ എം.മനോജ് കുമാര്‍,ജി.ഷീബ കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അജിതാ വിശ്വനാഥ്, മാസ്‌ററര്‍ ട്രെയിനര്‍മാരായ ആര്‍.പ്രസാദ്, വൈ. സിന്ധു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.യു സുഹൈല്‍,എന്നിവരാണ്.
ജില്ലയിലെ കൈറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 133 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം അമ്മമാര്‍ക്കാണ് പരിശീലനം നല്‍കാന്‍് ഉദ്ദേശിക്കുന്നത്. മെയ് ഏഴ് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും കൈറ്റ് മാസ്റ്റര്‍,മിസ്ട്രസ്മാരും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന്് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

 
error: Content is protected !!