Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍
പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ലോകത്തൊട്ടാകെ വിലക്കയറ്റ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കണമെന്ന്  ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ പദ്ധതികള്‍  പരമാവധി പ്രയോജനപ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ ഇതിന് മുന്‍കൈ എടുക്കണം. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നം പബ്ലിക് മാര്‍ക്കറ്റ് പരിസരത്ത് ടേക്ക് എ ബ്രേക്ക് മാതൃകയിലുള്ള തണ്ണീര്‍പ്പന്തല്‍ വഴിയോര  വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മട്ടുപ്പാവ് കൃഷി ഉള്‍പ്പെടെ ഉള്ള രീതികള്‍ പഞ്ചായത്ത് പരിധിയില്‍ വ്യാപിപ്പിക്കണം. ജൈവകൃഷിക്ക് മുന്‍ഗണന നല്‍കി കര്‍ഷകര്‍, കുടുംബശ്രീ സംഘങ്ങള്‍ എന്നിവര്‍ക്ക്   മികച്ച വിപണികള്‍ ലഭ്യമാക്കാന്‍ സാധിക്കണം. ജില്ലാ പഞ്ചായത്ത് വഴി ഇതിനായുള്ള എല്ലാ സഹായവും നല്‍കും. മന്ത്രി പറഞ്ഞു. ഉമ്മന്നൂരില്‍ ജിംനേഷ്യം ഉള്‍പ്പെടെയുള്ള കളിസ്ഥലം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും മന്ത്രി അറിയിച്ചു.
സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേക ശുചിമുറികള്‍, കഫെറ്റീരിയ എന്നിവ ഉള്‍പ്പെടുന്നതാണ് തണ്ണീര്‍ പന്തല്‍. ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് ഭവന നിര്‍മ്മാണ ബോര്‍ഡ് ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തന ചുമതല കുടുംബശ്രീ ഏറ്റെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം കെ.  ഡാനിയല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍, അംഗം ജയശ്രീ വാസുദേവന്‍ പിള്ള, ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍, വൈസ് പ്രസിഡണ്ട് പി. വി. അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി ഉമ്മന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റേറ്റ് ജി.എസ്.ടി ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക്
ഉദ്ഘാടനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും

മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ച കൊട്ടാരക്കരയിലെ സ്റ്റേറ്റ് ജി. എസ്. ടി ഓഫീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം മെയ് 10 രാവിലെ 11.30ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍  ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഷാജു അധ്യക്ഷനാവും.
സംസ്ഥാന  ജി. എസ്. ടി. കൊല്ലം ജോയിന്റ് കമ്മീഷണര്‍ സജി എ. മിറാന്‍ഡ, സ്റ്റേറ്റ് ടാക്‌സ് കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, മുന്‍ നിയമസഭാംഗം അഡ്വ പി.ഐഷാ പോറ്റി,  കൊട്ടാരക്കര നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, ജി.എസ്. ടി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മാരായ എസ്. എബ്രഹാം റെന്‍, എ. സറഫ്  തുടങ്ങിയവര്‍ പങ്കെടുക്കും.

അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക്  ജില്ലയില്‍ തുടക്കമായി.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി  നിര്‍വഹിച്ചതിനെ തുടര്‍ന്ന്  കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. സുദേവന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടി വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ആരംഭിച്ചു.  ജില്ലയില്‍ കേരള ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 167 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ  വിദഗ്ധരായ അദ്ധ്യാപകരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ഈ വര്‍ഷം 26000 അമ്മമാര്‍ക്ക് പരിശീലനം നല്‍കാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്. മെയ് 20 വരെയുള്ള പരിശീലനപരിപാടിയില്‍ 30 പേര്‍ വീതമുള്ള ബാച്ചുകള്‍ പങ്കെടുക്കും. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ – 0474 2743066, ഇ മെയില്‍ :  [email protected][email protected]

                                                                                                                                                                                                                                                                              
നഗരത്തെ ലഹരിമുക്തമാക്കും; താലൂക്ക് വികസന സമിതി
നഗരത്തിലെ സ്‌കൂള്‍, കോളേജ്, അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം എന്നിവ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്പന തടയാന്‍ പരിശോധന നടത്തുമെന്ന് കൊല്ലം താലൂക്ക് വികസന സമിതി യോഗം. വിവിധ  വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന ശക്തമാക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദ്ദേശം നല്‍കി.
റേഷന്‍ കടകളില്‍ നിന്നും മാവേലി സ്റ്റോറുകളില്‍ നിന്നും അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുടെ അനധികൃതമായ കടത്ത്, കട്ടക്കായല്‍, വട്ട കായല്‍, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലെ കയ്യേറ്റം, ആശ്രാമം മൈതാനത്തെ അനധികൃത പാര്‍ക്കിങ്, മത്സ്യത്തിലും ബേക്കറി വസ്തുക്കളിലും വിഷവും മായവും ചേര്‍ക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളുടെ സംരക്ഷണം, സാമ്പ്രാണിക്കൊടിയുടെ അടിസ്ഥാന വികസനം, കല്ലുപാലത്തിന്റെ അപ്രോച് റോഡ് ടെന്‍ഡര്‍ വേഗത്തിലാക്കല്‍, ജില്ലാ ആശുപത്രിയില്‍ കോവിഡിനായി ഏറ്റെടുത്ത പേ വാര്‍ഡുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കല്‍, നിര്‍ത്തലാക്കിയ ഗ്രാമീണ ബസ് സര്‍വീസ് പുന:രാരംഭിക്കല്‍ എന്നീ വിഷയങ്ങളില്‍ പരിഹാരം കാണാനും യോഗത്തില്‍  തീരുമാനമായി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ അദ്ധ്യക്ഷനായി. തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ് ,വികസന സമിതി അംഗങ്ങളായ കെ.രാജു, ഈച്ചംവീട്ടില്‍ നിയാസ്, ഡി.ഗീതാകൃഷ്ണന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ചന്ദ്രബാബു, സിറാജുദീന്‍, അബ്ദുല്‍ റഹ്മാന്‍ ഇഖ്ബാല്‍, എന്‍.എസ്.വിജയന്‍, രാധാകൃഷ്ണന്‍ കിളികൊല്ലൂര്‍ ശിവപ്രസാദ്, സോമന്‍, ആര്‍. ദേവദാസ്, വിവിധ വകുപ്പ് തല  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാസവാടകയ്ക്ക് നല്‍കുന്നതിന്  മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെള്ളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ ഓഫീസില്‍ നിന്നും അനുവദിക്കും. വൈദ്യുതചാര്‍ജും വെള്ളക്കരവും അടയ്ക്കുന്നതും പത്രങ്ങളും ഉപകരണങ്ങളും കാന്റീന്‍ നടത്താനാവശ്യമായ ലൈസന്‍സ് എന്നിവ ലഭ്യമാക്കുന്നതും ക്വട്ടേഷന്‍ കിട്ടുന്ന വ്യക്തിയുടെ ഉത്തരവാദിത്വത്തില്‍പെടും. ഒരു വര്‍ഷത്തേക്ക് അടയ്ക്കാവുന്ന പാട്ടതുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ വെള്ളകടലാസിലുള്ള ക്വട്ടേഷനുകള്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, കൊല്ലം എന്ന വിലാസത്തില്‍ 250 രൂപയുടെ ഡിഡി സഹിതം മെയ് 11, പകല്‍ 2 മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2796290.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 12ന്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മെയ് 12ന് രാവിലെ 11 മണി മുതല്‍ 12 വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ. സയീദ് ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ,് കൊല്ലം  മേല്‍വിലാസത്തിലോ [email protected]  ഇമെയില്‍ വിലാസത്തിലോ നല്‍കാം. ഫോണ്‍  9995491934

പുനരധിവാസ പരിശീലന പരിപാടി രജിസ്‌ട്രേഷന്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുനരധിവാസ പരിശീലനത്തിനായി വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിധവകള്‍ക്കും മെയ് 31 വരെ അപേക്ഷയും കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ഓഫീസില്‍ ലഭ്യമാക്കി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2792987

മുട്ട കോഴികള്‍ വില്‍പ്പനയ്ക്ക്
തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉല്പാദിപ്പിച്ച് 46 – 60 ദിവസം വരെ പ്രായമായ പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയ അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴികള്‍ മെയ് 10ന് രാവിലെ 9 മണിക്ക്  റോഡുവിള മൃഗാശുപത്രിയില്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9645511949

 (

ലേലം 16ന്
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള മത്സരാധിഷ്ഠിത ലേലം മെയ് 16ന് രാവിലെ 11:30ന് സാമൂഹ്യ ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0474 2467167, 8921667102

error: Content is protected !!