Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ / അറിയിപ്പുകള്‍

ഇന്ത്യന്‍ ഗ്രാമോത്സവ്  (മെയ് 14)
സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
കേരളം ഉള്‍പ്പെടെ  ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കലാകാര•ാര്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവ്  (മെയ് 14) വെളിയം ഗ്രാമപഞ്ചായത്ത് പത്മാവതി ഗാര്‍ഡനില്‍ അരങ്ങേറും. വൈകിട്ട് അഞ്ച് മണിക്ക്  നടക്കുന്ന സാംസ്‌കാരിക സമ്മേളനം  ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍   ഉദ്ഘാടനം  ചെയ്യും.
വെളിയം  ഗ്രാമപഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഭാരത് ഭവന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി . ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, വെളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി,  വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. ബി. പ്രകാശ് , കെ. സോമശേഖന്‍, ജാന്‍സി സിജു, തുടങ്ങിയവര്‍ പങ്കെടുക്കും.

കുടുംബശ്രീ കലാജാഥ ജില്ലയില്‍ പര്യടനം നടത്തും
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന നാടകവും,നൃത്ത ശില്‍പവും ഉള്‍പ്പെടുന്ന കുടുംബശ്രീ കലാ ജാഥ മെയ് 16 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. കുടുംബശ്രീയുടെ  12 രംഗശ്രീ കലാകാരികള്‍ നാല് ദിവസം നീളുന്ന കലാജാഥയ്ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ 20 കേന്ദ്രങ്ങളിലൂടെ  കടന്നു പോകുന്ന ജാഥ മെയ് 19 ന് സമാപിക്കും.
മെയ് 16ന് കൊല്ലം ടൗണ്‍, മയ്യനാട്, പരവൂര്‍ മുന്‍സിപ്പാലിറ്റി, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലും  17ന്  പൂയപ്പള്ളി, ഇടമുളയ്ക്കല്‍, ചടയമംഗലം, കടയ്ക്കല്‍, അഞ്ചല്‍, 18ന് പുനലൂര്‍, പത്തനാപുരം, വിളക്കുടി,കൊട്ടാരക്കര, മൈലം പ്രദേശങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കും.  അവസാന ദിവസമായ മെയ് 19ന്  പടിഞ്ഞാറേകല്ലട, തൊടിയൂര്‍, കരുനാഗപ്പള്ളി, പനയം, കൊല്ലം ടൗണ്‍  എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു പര്യടനം  പൂര്‍ത്തിയാക്കും.
നൃത്തശില്പത്തിന്റെ  രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്  കരിവെള്ളൂര്‍ മുരളിയാണ്. നാടകം ‘കേരള വര്‍ത്തമാനം’ രചിച്ചത് കരിവെള്ളൂര്‍ മുരളിയും  സംവിധാനം നിര്‍വഹിച്ചത്   റഫീഖ് മംഗലശ്ശേരിയുമാണ്.

കരുനാഗപ്പള്ളിയുടെ കല്പം വെളിച്ചെണ്ണ
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  കരുനാഗപ്പള്ളി പുതിയകാവിലുള്ള സംസ്ഥാന നാളികേര നഴ്സറിയില്‍ ഉല്‍പാദിപ്പിക്കുന്ന ‘കല്‍പ്പം ബ്രാന്‍ഡ് ‘ ശുദ്ധമായ നാടന്‍ വെളിച്ചെണ്ണയുടെ പര്യായമാവുകയാണ്. പ്രാദേശിക നാളികേര കര്‍ഷകരില്‍ നിന്നു നേരിട്ട് തേങ്ങ സംഭരിച്ചാണ് വെളിച്ചെണ്ണയുടെ ഉത്പാദനം. അധികമായി ആവശ്യമുള്ള തേങ്ങ പുറത്തു നിന്ന് സംഭരിക്കും. ലിറ്ററിന് 180 രൂപ നിരക്കില്‍
വിപണിയില്‍ വെളിച്ചെണ്ണ എത്തും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രദേശത്തെ നാളികേര കര്‍ഷകരുടെയും നാളികേര നഴ്സറിയിലെ തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടു കൂടിയാണ് ഇത്തരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. പൊതുവിപണിയില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ശുദ്ധമായ വെളിച്ചെണ്ണ അടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയല്‍ പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പുതിയകാവ് നാളികേര നഴ്സറിയില്‍ സ്ഥാപിച്ചിരുന്ന കൊപ്ര ഡ്രയര്‍ യൂണിറ്റും മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റും പ്രവര്‍ത്തനക്ഷമാക്കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും വിപണന കേന്ദ്രങ്ങളിലൂടെയാകും കല്‍പ്പം വെളിച്ചെണ്ണ വിപണിയില്‍ എത്തുക.

പത്തനാപുരത്ത് ദി സിറ്റിസണ്‍ ക്യാമ്പയിന് തുടക്കമായി
കൊല്ലത്തെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായ ദി സിറ്റിസണ്‍ ക്യാമ്പയിന് വിളംബര ഘോഷയാത്രയോടെ പത്തനാപുരത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഭരണഘടനയുടെ ആമുഖം വായിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ പത്തനാപുരം ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ സമാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നസീമ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.ബി അന്‍സാര്‍, സുനറ്റ്, ബല്‍ക്കീസ് ബീഗം, കില റിസോഴ്‌സ് പേഴ്‌സണ്‍ ബിജു, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.എസ് -എ.ഡി.എസുമാര്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് പദ്ധതി: ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കണം
പി.എം.എ.വൈ  (നഗരം) – ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 ജൂണ്‍ 30 ന് മുന്‍പ് അംഗീകാരം ലഭിച്ച മുഴുവന്‍ ഭവനങ്ങളുടെയും നിര്‍മ്മാണം ഈ വര്‍ഷം  ജൂണ്‍ 30 ന് മുന്‍പും 2021 ജൂണ്‍ 30 ന് ശേഷം അംഗീകാരം ലഭിച്ച ഭവനങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം  ഓഗസ്റ്റ് 15ന് മുന്‍പും  ആരംഭിക്കണം.
കേന്ദ്ര- ഭവന -നഗരകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം  നിര്‍മ്മാണം ആരംഭിക്കാത്ത ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ഒന്നുമുതല്‍ ആറുവരെയുള്ള ഡി.പി ആറുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ 2022 ജൂണ്‍ 30 ന് മുമ്പും ഏഴ്, എട്ട് ഡിപി ആറുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ 2022 ഓഗസ്റ്റ് 15ന് മുന്‍പും കെട്ടിട നിര്‍മ്മാണ അനുമതി നേടി നഗരസഭയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് കോര്‍പ്പറേഷന്‍  സെക്രട്ടറി അറിയിച്ചു.

ഭരണഘടന സാക്ഷരത ക്യാമ്പയിന്‍ ഉദ്ഘാടനം ഇന്ന്
ഭരണഘടന സാക്ഷരത ക്യാമ്പയിന്‍ പടിഞ്ഞാറെകല്ലട പഞ്ചായത്ത് ഉദ്ഘാടനം ഇന്ന് (മെയ് 13) പടിഞ്ഞാറെ കല്ലട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ നിര്‍വഹിക്കും. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം.വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കെ.ഗോപന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍.എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് എല്‍.സുധ എന്നിവര്‍ പങ്കെടുക്കും.

ഹരിത ടൂറിസത്തിന് മണ്‍ട്രോതുരുത്ത് ഒരുങ്ങുന്നു
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണ്‍ട്രോതുരുത്ത് പഞ്ചായത്ത്, വിനോദ സഞ്ചാര വികസനത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നു. യാത്രാ ബോട്ടുകള്‍ക്കുള്ള ടെര്‍മിനലുകള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍,  മാലിന്യസംസ്‌കരണം ലക്ഷ്യം വെച്ചുള്ള ‘ഗ്രീന്‍ മണ്‍ട്രോ’ എന്നിവയാണ് പ്രധാനപദ്ധതികള്‍. സഞ്ചാരികള്‍ക്ക്  കൂടുതല്‍  സൗകര്യങ്ങള്‍ ഒരുക്കുക, തദ്ദേശ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പഞ്ചായത്തിന് വരുമാനം വര്‍ദ്ധിപ്പിക്കുക  തുടങ്ങിയവയാണ് ലക്ഷ്യം.
കണ്ണയ്ങ്കാട്ട്, എസ് വളവ് എന്നിവിടങ്ങളിലാണ് ടെര്‍മിനല്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ യാത്രബോട്ടുകള്‍ക്ക് ഇവിടെ എത്താന്‍ കഴിയും. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍  ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഹരിത കര്‍മ്മസേന, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍  എന്നിവ സംയുക്തമായാണ് ‘ഗ്രീന്‍ മണ്‍ട്രോ’ നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളും പദ്ധതിയുടെ ഭാഗമാവും.  പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പറഞ്ഞു.

മൂന്നാര്‍ ഉല്ലാസയാത്ര: ബുക്കിങ് തുടങ്ങി
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ മെയ് 26 നുള്ള വാഗമണ്‍ വഴി മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആരംഭിച്ചു.
കൊല്ലം ഡിപ്പോയില്‍ നിന്നും 26 ന് രാവിലെ 5.10 നു ആരംഭിക്കുന്ന യാത്ര കൊട്ടാരക്കര,അടൂര്‍, പത്തനംതിട്ട, റാന്നി,മുണ്ടക്കയം ഏലപ്പാറ വഴി വാഗമണ്‍ എത്തുന്നു.വാഗമണില്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ,് വെള്ളതൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും. അടുത്ത ദിവസം മേയ് 27 നു രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിംഗ് പോയ്ന്റ്‌സ്, ഫ്‌ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം 6 മണിക്ക് മൂന്നാറില്‍ എത്തി രാത്രി ഏഴ് മണിക്ക് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 28 പുലര്‍ച്ചെ രണ്ട് മണിക്ക് കൊല്ലം എത്തിച്ചേരുന്നു. ബുക്കിംഗ് തുക 1150 രൂപ. (മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍ ബസില്‍ സൗകര്യവും) (ഭക്ഷണവും,സന്ദര്‍ശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ.) ബുക്കിംഗിന് 8921950903, 9496675635

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
2000  ജനുവരി ഒന്ന് മുതല്‍ 2022 ജനുവരി 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത  ഉദ്യോഗാര്‍ത്ഥികള്‍ക്ക്   സീനിയോറിറ്റി നിലനിര്‍ത്തി  മെയ് 31 വരെ രജിസ്‌ട്രേഷന്‍  പുതുക്കാം.
ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത സമയപരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അപേക്ഷിക്കാം.
കൂടാതെ രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജില്‍ നല്‍കിയിട്ടുള്ള ‘സ്‌പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം.

അപേക്ഷ ക്ഷണിച്ചു
പാരിപ്പള്ളി  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു .  അവസാന തീയതി മെയ് 25 . വിശദവിവരങ്ങള്‍ www.gmckollam.edu.in കോളേജ് വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0474 2572574

അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  ‘സാമൂഹ്യവികസനം പോളിടെക്‌നിക്കിലൂടെ’ സ്‌കീം നടപ്പിലാക്കുന്നതിന് വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു .
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം (സോഷ്യല്‍ വര്‍ക്ക്/ ഗ്രാമവികസനം/ അഗ്രികള്‍ച്ചര്‍/ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍/ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ സയന്‍സ് ശാഖയില്‍ അഥവാ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദവും,കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്/ ഗ്രാമവികസനം സംബന്ധിച്ച ജോലിയില്‍ രണ്ടു വര്‍ഷത്തെ പരിചയവും ആണ് യോഗ്യത.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദമോ, ഏതെങ്കിലും വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദവും/ വ്യവസായം/ ഗ്രാമവികസനം/ സാമൂഹ്യവികസനം ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ രണ്ടാംക്ലാസ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകളാണുള്ളത്.
നിയമനം താല്‍ക്കാലികവും 179 ദിവസത്തേക്കുമായിരിക്കും. അപേക്ഷകള്‍ മെയ് 17 മുതല്‍ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും.  അവസാന തീയതി മെയ് 27 വൈകുന്നേരം മൂന്ന് വരെ. അഭിമുഖം മെയ് 30 ന് പത്ത് മണിക്ക്. ഫോണ്‍ 9447975846.

നഴ്സുമാര്‍ക്ക് ആദരവുമായി കെ.എം.എം.എല്‍
അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി നഴ്സുമാര്‍ക്ക് ആദരം നല്‍കി ചവറ കെ.എം.എം.എല്‍. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും കമ്പനിയിലെ ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സെന്ററിലേയും നഴ്സുമാരെയാണ് കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ജെ.ചന്ദ്രബോസ് ഉപഹാരം നല്‍കി ആദരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കെ.എം.എം.എല്ലില്‍ ഒരുക്കിയ കൊവിഡ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത് ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ.്
കെ.എം.എം.എല്‍ ടെക്നിക്കല്‍ യൂണിറ്റ് ഹെഡ് പി.കെ മണിക്കുട്ടന്‍, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബിപിന്‍, സിവില്‍ സര്‍ജന്‍ ഡോ. ജയകുമാര്‍, അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോ. ഫെയിസല്‍, ഡോ. അഭിലാഷ്, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഷിനി ജയന്‍, നഴ്സിംഗ് ഓഫീസര്‍മാരായ ലിജി ബീഗം, രാഖി, കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ.എം. സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!