ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍
ജലജന്യ-പകര്‍ച്ച രോഗങ്ങള്‍ക്കെതിരെ സുശക്ത മുന്‍കരുതല്‍ – ജില്ലാ കലക്ടര്‍
ട്രോളിംഗ് നിരോധനവും മഴക്കാലവും മുന്‍നിറുത്തി ജില്ലയില്‍ വിവിധ രോഗങ്ങളുടെ വ്യാപനത്തിനെതിരെ സുശക്ത നടപടികളിലൂടെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പകര്‍ച്ചരോഗ വ്യാപനനിലയും മുന്‍കരുതലുകളും വിലയിരുത്തി തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കി.
ട്രോളിംഗ് നിരോധന വേളയില്‍ ജലജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. നിര്‍ദ്ദേശിക്കുന്ന നടപടികള്‍ ജൂണ്‍ 15നകം പൂര്‍ത്തീകരിക്കണം. ബോട്ടുകളിലും, ബോട്ട്‌ജെട്ടിയിലും ബോട്ടുകള്‍ക്ക് ചുറ്റുമുള്ള ടയറുകളിലും, യാര്‍ഡുകളിലും വെള്ളം കെട്ടിനിറുത്തരുത്. ഡെങ്കിപനി പ്രതിരോധത്തിന് ഇതു പ്രധാനമാണ്. ടയറുകളില്‍ വെള്ളം കെട്ടാതിരിക്കാന്‍ ചുറ്റും ദ്വാരങ്ങള്‍ ഇടണം. ബോട്ടിനള്ളിലും ടാങ്കുകളിലും വെള്ളം തങ്ങുന്നതിന് ഇടയാക്കരുത്. നിരന്തര ശുചീകരണം അനിവാര്യം.
ഡെങ്കി പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മെയ് 20 മുതല്‍ 31 വരെ ശുചീകരണ ക്യാമ്പയിന്‍ നടക്കും. മെയ് 24ന് പൊതുസ്ഥല ശുചീകരണം, 26ന് സ്ഥാപനശുചീകരണം, 28ന് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മസേനക്കും പ്രത്യേക പരിശീലന പരിപാടിയാണ് നടത്തുക. എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍.
ജില്ലയില്‍ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 80 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ (ബ്രാക്കറ്റില്‍ വാര്‍ഡ് നം.)
താമരക്കുളം, ഉളിയക്കോവില്‍, തങ്കശ്ശേരി, തിരുമുല്ലവാരം, കടപ്പാക്കട, ഉദയ മാര്‍ത്താണ്ഡം പി. എച്ച്. സി പ്രദേശം, തേവലക്കരയിലെ (4, 10), കുലശേഖരപുരം (17), ചവറ (5,10,13), ഇളമ്പള്ളൂര്‍ (8), ഇട്ടിവ (3), തൃക്കരുവ (10),കെ. എസ്. പുരം (12,22), ആര്യങ്കാവ് (5,9), പാലത്തറ (32), അഞ്ചല്‍ (5,6,18), കുരീപ്പുഴ, കച്ചേരി, ചീവോട്, കമുകുംചേരി, കടശ്ശേരി, ചെക്കം.
നാല് എലിപ്പനി മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി നിവാരണത്തിന്റെ ഭാഗമായി മെയ് 23ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഡോക്സി വാഗണ്‍’ ക്യാമ്പയിന്‍ ആരംഭിക്കും. വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവര്‍ത്തന സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മരുന്നുവിതരണവും ബോധവല്‍ക്കരണ പരിപാടികളുമുണ്ടാകും എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, ഹാര്‍ബര്‍ എന്‍ജിനീയര്‍ സുനില്‍ സാമുവല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോസ് കെ. ജോര്‍ജ്, ശക്തികുളങ്ങര മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫീസിന് 90 ശതമാനം ഇളവ്
67000 രൂപയുടെ കോഴ്‌സ് 6700 രൂപയ്ക്ക് പഠിക്കാന്‍ അവസരം
സ്്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 90 ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതിയുമായി ചവറ ഐ.ഐ.ഐ.സി. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഹൗസ് കീപ്പിംഗ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എട്ടാം ക്ലാസ് മാത്രമാണ് യോഗ്യത വേണ്ടത്. 67000 രൂപ ഈടാക്കുന്ന കോഴ്‌സ് 6700 രൂപയ്ക്ക് പഠിക്കാനുള്ള അവസരമാണിത്. താമസസൗകര്യം വേണ്ടാത്തവര്‍ക്ക് 6040 രൂപ നല്‍കിയാല്‍ മതിയാകും.
കുടുംബവാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍, കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായവര്‍ (രേഖകള്‍ ഉണ്ടായിരിക്കണം), ഒരു രക്ഷിതാവ് മാത്രമുള്ളവര്‍, ദിവ്യാംഗരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. രജിസ്‌ട്രേഷന് – 8078980000. വെബ്‌സൈറ്റ് – [email protected]
ഇ.പി.എഫ്.ഒ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി
നടപടിക്രമം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പി.എഫ്. അംഗത്വം/ആനുകൂല്യം നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നേരിട്ട് തൊഴിലുടമകള്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണിത്. വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിന് https://unifiedportal-emp.epfindia.gov.in/epfo/ഇ.പി.എഫ്.ഒ യില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലുടമകള്‍, സര്‍ക്കാര്‍ സംഘടനകള്‍, സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയ്ക്ക് സംവിധാനം പ്രയോജനപ്പെടുത്താം. കരാറുകാര്‍ മുഖേന ഏതു ജോലിക്കും ജീവനക്കാരെ നിയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാമെന്ന് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ കെ. ജി. വിനോദ് അറിയിച്ചു.
അഭിമുഖം മെയ് 31ന്
കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് മേയ് 31ന് അഭിമുഖം. യോഗ്യത: എം. ബി. എ/ബി. ബി. എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് കോഴ്സിനൊപ്പം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും (ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പന്ത്രണ്ടാം ക്ലാസിലോ ഡിപ്ലോമ തലത്തിലും അതിനു മുകളിലും പഠിച്ചിരിക്കണം). ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: [email protected]
വോക്ക്-ഇന്‍-ഇന്റര്‍വ്യു
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും നിലവിലുള്ളതും വരുന്ന രണ്ടു വര്‍ഷത്തേക്ക് ഒഴിവ് വരുന്നതുമായ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വോക്ക്-ഇന്‍-ഇന്റര്‍വ്യു മെയ് 25 ന് രാവിലെ 10.30 ന് തേവള്ളിയിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ബി.എച്ച്.എം. എസ് പാസായിട്ടുള്ള ട്രാവന്‍കൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2797220. ഇ-മെയില്‍ : [email protected]
റീ-ടെണ്ടര്‍
വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിലുള്ള അസ്സിസ്സി വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഒരു വര്‍ഷത്തേക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. മെയ് 30ന് വൈകിട്ട് മൂന്ന് മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2992809, ഇ-മെയില്‍: [email protected] വിലാസം : ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം.
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളില്‍ നിന്നും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്കാണ്. താമസം, ഭക്ഷണം ,യൂണിഫോം, ട്യൂഷന്‍ എന്നിവ സൗജന്യം. ലൈബ്രറി സൗകര്യം, യാത്രാബത്ത, പ്രതിമാസ പോക്കറ്റ് മണി എന്നിവയും ലഭിക്കും. അപേക്ഷയും അനുബന്ധരേഖകളും വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8547630027, 9947053517.