Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 വനിത കമ്മീഷൻ അദാലത്ത്
55 പരാതികൾ പരിഗണിച്ചു
 
ഏഴു പരാതികൾ തീർപ്പാക്കി.
 കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ 55 പരാതികൾ പരിഗണിച്ചു. ഏഴു പരാതികൾ തീർപ്പാക്കി.വയോധികയായ അമ്മയെ സ്വന്തം അമ്മയെ വീട്ടിൽനിന്ന് മക്കൾ ഇറക്കിവിട്ട കേസ് സ്വത്ത് സംബന്ധമായ കേസുകൾ,സ്ത്രീധന പീഡന കേസ് , ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ , ഗാർഹിക പീഡന കേസുകൾ എന്നിവയാണ് കമ്മീഷന് മുമ്പാകെ എത്തിയത്.
പോലീസിനെതിരെ വ്യാജ പരാതികൾ കമ്മീഷന് മുമ്പിൽ എത്തുന്നുണ്ടെന്നും കമ്മീഷനെ ഉപയോഗിച്ച് പോലീസിനെതിരെ വ്യാജ ആരോപണങ്ങൾ നൽകുന്ന പ്രവണത ശരിയല്ലെന്നും കമ്മീഷൻ പറഞ്ഞു.
പരിഗണിച്ച കേസുകളിൽ ഒരു പരാതി വനിതാ സെല്ലിനും, രണ്ടു പരാതികൾ പോലീസ് റിപ്പോർട്ടിനും, ഒരു പരാതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കൈമാറി.ബാക്കി പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ.ഷിജി ശിവജി,ഇ എം രാധ, അഡ്വക്കേറ്റ്മാരായ എ.അഞ്ജന, സി. രമിക, കൗൺസിലർമാരായ ഡിംപിൾ, സ്റ്റെഫി എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് ആശ്വാസമായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി സെന്റര്‍

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  ആധുനിക സൗകര്യങ്ങളോടെ ആദ്യ ഫിസിയോ തെറാപ്പി സെന്റര്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ഫിസിയോ തെറാപ്പിക്ക് സൗകര്യങ്ങള്‍  പരിമിതമായ അട്ടപ്പാടി മേഖലയില്‍ രണ്ട് മാസം മുന്‍പാണ് എന്‍.എച്ച്.എം.ന്റെ പാലിയേറ്റീവിന് കീഴില്‍ വയോജന സംരക്ഷണം മുന്‍ നിര്‍ത്തി ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിക്കുന്നത്. എന്‍.എച്ച്. എം ന്റെ 2.50 ലക്ഷം രൂപയും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ചെലവഴിച്ചാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിച്ചത്.

സെന്ററില്‍ നിലവില്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റാണുള്ളത്. വ്യാഴം , വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ ഫിസിയോ തെറാപ്പി ഒ.പി. പ്രവര്‍ത്തിക്കും. മറ്റുള്ള ദിവസങ്ങളില്‍ പാലിയേറ്റവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികളുടെ വീടുകളില്‍ നേരിട്ട് എത്തി ഫിസിയോ തെറാപ്പി ചെയ്യുകയാണ്. ബി.പി.എല്‍, എസ്.സി, എസ്.ടി. വിഭാഗകാര്‍ക്ക്  സൗജന്യ സേവനമാണ് ലഭ്യമാക്കുന്നത്.

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വയോജന സൗഹൃദമായി നിര്‍മിച്ച സെന്റര്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രയോജനപെടുത്തുന്നുണ്ട്. ഒ.പിയില്‍ ഒരു ദിവസം 20 ഓളം രോഗികളും  പാലിയേറ്റീവിന് കീഴിലായി 55 രോഗികളും ഫിസിയോ തെറാപ്പി സേവനം പ്രയോജനപെടുത്തുന്നുണ്ട്. രോഗികള്‍ വര്‍ധിക്കുന്നതനുസരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസമായി ഒ.പി. പ്രവര്‍ത്തിക്കാന്‍  ആലോചിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പശു വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  0491-2815454, 9188522713 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്  അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്  കൊണ്ടുവരണം.

 
വയനോത്സവം നടത്തി

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗവ. മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച യു. പി തല വയനോത്സവം, തമിഴ് വയനോത്സവം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വി. രാമന്‍കുട്ടി, കെ. മനോഹരന്‍, എം. കൃഷ്ണദാസ്, വി. പി നിഷ, ടി. ആര്‍ സുനന്ദ, സി. ബി രഘുനാഥ്, കെ. ഹരിദാസന്‍, കെ. കെ മണികണ്ഠന്‍, പി. ഒ കേശവന്‍ എന്നിവര്‍ വയനോത്സവത്തിന് നേതൃത്വം നല്‍കി. സമാപന പരിപാടി ജില്ലാ സെക്രട്ടറി പി. എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ. രാമചന്ദ്രന്‍, വി.രവീന്ദ്രന്‍, പി. ടി കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.

 
 സ്റ്റുഡന്‍സ് കൗണ്‍സിലര്‍ നിയമനം

അട്ടപ്പാടി ഐ.റ്റി.ഡി.പി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് സ്റ്റുഡന്‍സ് കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം. യോഗ്യത എം. എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ ( സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി . കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് എത്തിക്കണം. 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന . താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം,
സര്‍ട്ടിഫിക്കറ്റിന്റെ അസലും, തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂണ്‍ രണ്ടിന് രാവിലെ 10 ന് അട്ടപ്പാടി അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി. പി ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 04924 254382

 
പിന്നാക്ക സമുദായ ക്ഷേമ സമിതി ജൂണ്‍ 10ന് യോഗം ചേരും.

സംസ്ഥാന നിയമസഭാ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ 10ന് രാവിലെ 10.30ന്കലക്ട്രേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ യോഗം ചേരും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഷൊര്‍ണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ: പോളിടെക്നിക് കോളജില്‍ ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10 ന് ഉച്ചയ്ക്ക് രണ്ട് വരെ   ക്വട്ടേഷനുകള്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ www.iptgptc.ac.in ല്‍ ലഭ്യമാണ്.ഫോണ്‍ :0466 2220450

ബി.പി.സി.പി.എന്‍ പരിശീലനം 28ന്

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബി.പി.സി.പി.എന്‍. പരിശീലനം, മെയ് 28 ന് രാവിലെ 10ന് പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കും. ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി. നേഴ്സിംഗ്, കേരള നേഴ്സിംഗ് രജിസ്‌ട്രേഷനാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുമായി സഹിതം നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 9446333992, 9846249704

അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം
കണ്ണാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ച്  മാറ്റണമെന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു. കാലവർഷക്കെടുതിയിൽ മരം മുറിഞ്ഞ് വീണ് അപകടങ്ങൾ ഉണ്ടായാൽ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കണ്ണാടി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു
error: Content is protected !!