Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പ് / തൊഴില്‍ സാധ്യത

 

 
ജില്ലാ പഞ്ചായത്ത് സ്പെഷ്യല്‍ ക്യാംപെയ്ന്‍

സ്വയംതൊഴില്‍ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യത ഉറപ്പാക്കി ജില്ലാ പഞ്ചായത്ത്

സ്വയംതൊഴില്‍ പരിശീലന പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് നിരവധി പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി വരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു തോറ്റു പോകുന്നവരെ താത്പര്യമുള്ള മേഖലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായകരമായ പദ്ധതികളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയവര്‍ക്ക് അതിന് അനുസൃതമായ തൊഴില്‍ നേടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറിലേറെ സ്ത്രീകള്‍ ഫാഷന്‍ ഡിസൈനിങ്ങ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം ശില്പി പാര്‍പ്പിട യൂണിറ്റില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. പട്ടികജാതി വനിതകള്‍ക്ക് ടൈലറിങ്ങിനും ഫാഷന്‍ ഡിസൈനിങ്ങിനുമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരികയാണ്. ചുരുങ്ങിയത് 50 സ്ത്രീകള്‍ക്കെങ്കിലും ഇതിന്റെ ഭാഗമാകാനും തൊഴില്‍ നേടാനും കഴിയും.

 
കണ്ണാടി ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് ഇനി ഇ- ഓട്ടോറിക്ഷ

കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ഇനി എളുപ്പത്തിലും വേഗത്തിലും മാലിന്യം ശേഖരിക്കാം. ഇതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ കൈമാറി. ശുചിത്വമിഷന്‍, ഗ്രാമപഞ്ചായത്ത് സി.എഫ്.സി ഫണ്ടുകളില്‍ നിന്നായി 4.02 ലക്ഷം ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ഗ്രാമപഞ്ചായത്തിന് കീഴില്‍ വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് 30 അംഗ ഹരിതകര്‍മ്മ സേനയാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ്മ കൂട്ടായ്മ ചെയ്ത് വരുന്നത്. നിലവില്‍ ഒരു പ്രധാന എം.സി.എഫും 15 മിനി എം.സി.എഫുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 2019 മുതല്‍ ഒരു തുമ്പൂര്‍മുഴി മാതൃകയും പ്രവര്‍ത്തിച്ച് വരുന്നു. പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അറിയിച്ചാല്‍ അവര്‍ക്ക് പാരിതോഷികവും നിക്ഷേപിച്ചവര്‍ക്ക് പിഴയും ഇടാക്കുന്നത് ഉള്‍പ്പടെ പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിന് വേണ്ട നടപടികളും പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്.

നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് സേന വീടുകളിലെത്തി ശേഖരിക്കുന്നത്. 2023 ഓടെ മാലിന്യ സംസ്‌കരണത്തിന് കഞ്ചിക്കോട് പുതിയ സംരംഭം വരുന്നതോടെ എല്ലാവിധ മാലിന്യങ്ങളും ദിവസവും ശേഖരിക്കാന്‍ കഴിയുമെന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ അതിര്‍ത്തി പങ്കിടുന്ന പിരായിരി, അകത്തേത്തറ, മലമ്പുഴ, മരുതറോഡ് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളോടൊപ്പം കണ്ണാടി ഗ്രാമപഞ്ചായത്തും കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്.

ഹരിതകര്‍മസേനക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വാഹനം കൈമാറി. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത, വൈസ് പ്രസിഡന്റ് ഉദയ സുകുമാരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഉദയകുമാര്‍, ലത, കലാവതി, സെക്രട്ടറി കിഷോര്‍, വി.ഇ.ഒ രജിത, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 
ജില്ലാ വികസന സമിതിയോഗം 

ജില്ലാ വികസന സമിതി യോഗം  (മെയ് 28 ന് ) രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം സബ്‌സിഡിയോടെ വായ്പ

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2022 -23 സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമായി  ആചരിക്കുന്നതിന്റെ ഭാഗമായി
‘ ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം ‘ പദ്ധതിയിലേക്ക് വ്യവസായ സംരംഭകര്‍ക്ക് അപേക്ഷിക്കാം.കേന്ദ്രാവിഷ്‌കൃത പദ്ധതി മുഖേന ഒരു ലക്ഷം മുതല്‍  25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി. എം. ഇ. ജി. പി ) പദ്ധതി പ്രകാരം ബാങ്കില്‍ നിന്നും  സംരംഭകന്‍ വായ്പയെടുക്കുമ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ  സബ്‌സിഡി നല്‍കുന്നു.സംസ്ഥാന പദ്ധതി വിഹിതത്തിലൂടെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ എന്റെ ഗ്രാമം ‘(എസ്. ഇ. ജി.പി )പദ്ധതിക്ക്  ബാങ്ക് മുഖേന  50000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ജനറല്‍ വിഭാഗത്തിന് 25 ശതമാനവും, വനിതകള്‍, പിന്നാക്ക വിഭാഗക്കാര്‍ക്ക് 30 ശതമാനവും, പ്രവാസികള്‍, എസ്.സി, എസ്. ടി വിഭാഗക്കാര്‍ക്ക് 40 ശതമാനവും  സബ്‌സിഡി നല്‍കും. 60 വയസ്സ് വരെയുള്ളവര്‍ക്കും വ്യവസായ സംരംഭം ആരംഭിക്കാം. പി.എം. ഇ. ജി.പി വായ്പാ പദ്ധതിക്ക്  ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. എന്റെ ഗ്രാമം അപേക്ഷ പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0491 2534392

സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു

സ്‌കൂള്‍ തുറക്കലിനോടനുബന്ധിച്ച്  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ  വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് മെയ് 31വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് വില്‍പ്പന. ഖാദി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ന്റ് കോംപ്ലക്‌സ്, കോങ്ങാട് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്‍പന ശാലകളിലും ഖാദി കോട്ടന്‍, സില്‍ക്ക്, മനില, ഷര്‍ട്ടിംങ്  തുണിത്തരങ്ങളും തേന്‍ മറ്റു ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി  ദിനത്തില്‍ ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി  ജില്ലയില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘നവകേരളം പച്ചത്തുരുത്തുകള്‍ ‘ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജലം, മണ്ണ്, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി  പരിപാലിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ പ്രതിരോധിക്കേണ്ടത്  വരും തലമുറയ്ക്കായുള്ള കരുതലാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറു മാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള  ‘ നവകേരളം പച്ചത്തുരുത്ത് ‘ ക്യാമ്പയിന്‍ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. വൃക്ഷത്തൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറുവനം സൃഷ്ടിച്ച് പരിപാലിക്കുന്ന പദ്ധതിയാണ് നവകേരളം പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തുകളുടെ വിസ്തൃതി 5 സെന്റ്  മുതല്‍ എത്രവരെയുമാകാം. പാലക്കാട് ജില്ലയില്‍ ഹരിത കേരളം മിഷന്റെയും തൊഴിലുറപ്പിന്റെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപങ്കാളിത്തത്തോടെ പ്രാവര്‍ത്തികമാക്കിയിട്ടുള്ള 103 പച്ചത്തുരുത്തുകള്‍ നിലവിലുണ്ട്. ഭാഗികമായി നശിച്ചുപോയ 19 പച്ചത്തുരുത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.  ജൂണ്‍ അഞ്ചിന് ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. ഇതില്‍ 30 എണ്ണം ജില്ലാ പഞ്ചായത്തും 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും 13 ബ്ലോക്കുകളിലുമായി 106 എണ്ണവും ചേര്‍ന്ന് ആകെ 136 നവകേരളം പച്ചത്തുരുത്തുകളാണ് ജില്ലയില്‍ സ്ഥാപിക്കുന്നത്.  പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജോയിന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം. ജി. എന്‍. ആര്‍.ഇ. ജി.എസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നവകേരളം കര്‍മ്മ പദ്ധതി -2 ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി രൂപീകരിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ലോക പുകയില രഹിത ദിനാചരണം : റീല്‍സ് തയ്യാറാക്കല്‍ മത്സരം

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീല്‍സ് തയ്യാറാക്കാന്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തില്‍ പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ ലഭിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായ പരിധിയില്ല. മത്സരാര്‍ത്ഥികളുടെ പേര്, വയസ്സ്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ റീലിനൊപ്പം ലഭ്യമാക്കണം. വിജയികള്‍ക്ക് യഥാക്രമം 15000, 10000, 7500 രൂപയും രണ്ട് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനായിരിക്കും. ഫോണ്‍ – 9447472562, 9447031057

ലോക പുകയില രഹിത ദിനാചരണം :  ഉപന്യാസ മത്സരം

ലോക പുകയില രഹിത ദിനാചരണത്തിന് ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം  സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കുകളില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കാം. ഉപന്യാസത്തിന് സ്‌കാന്‍ ചെയ്ത് പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം  [email protected]   ല്‍ നല്‍കണം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സ്‌കൂളിന്റെ പേര് പഠിക്കുന്ന ക്ലാസ് സ്‌കൂള്‍ വിലാസം സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിനെ സാക്ഷ്യപത്രം എന്നിവ ഉപന്യാസത്തോടൊപ്പം നല്‍കണം. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ലഭിക്കും. രണ്ട് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447472562, 9447031057

 
 
ലോകപുകയിലരഹിത ദിനാചരണം

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ പോസ്റ്ററുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ നല്‍കണം. ജെ.പി. ഇ.ജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എം.ബി യിലായിരിക്കണം പോസ്റ്റര്‍ അയക്കേണ്ടത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. മത്സരാര്‍ത്ഥികളുടെ പേര്, വയസ്സ്,മേല്‍വിലാസം എന്നിവ പോസ്റ്റിനൊപ്പം നല്‍കണം. ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10000,7500,5000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടുപേര്‍ക്ക് 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍ : 9447472562, 9447031057

 
പരിശീലനം സംഘടിപ്പിക്കുന്നു

പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പഴം, പച്ചക്കറിയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ മെയ് 31 ന് പരിശീലനം സംഘടിപ്പിക്കുന്നു.  താത്പര്യമുള്ളവര്‍ 6282937809, 0466 2912008 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം  കോര്‍ഡിനേറ്റര്‍ അറിയിച്ചു.

അധ്യാപക നിയമനം

പത്തിരിപ്പാല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍  രജിസ്റ്റര്‍  ചെയ്തവര്‍, യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.യു.ജി.സി നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ടിന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുമായി കോളേജില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0491 2873999

ഗസ്റ്റ് ലക്ചറര്‍ നിയമനം

ഗവ.വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം . യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള  ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ മൂന്നിന് രാവിലെ പത്തിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഡി.ഡി ഓഫീസില്‍  രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -0491 2576773

 
ദര്‍ഘാസ്

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ മൂന്നിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.അന്നേദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും.
ഫോണ്‍ -0491 2528471

ലേലം

പാലക്കാട് പൊതുമരാമത്ത്  വകുപ്പ് റോഡ് സെക്ഷന്‍ പരിധിയിലെ പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ എന്‍. ജി. ഒ ക്വാട്ടേഴ്സിന് സമീപത്തെ വേപ്പ് മരം,   പുത്തൂര്‍ കൊട്ടേക്കാട്  റോഡില്‍ എന്‍. ജി. ഒ ക്വാട്ടേഴ്സിന് സമീപം മുറിച്ചിട്ട വേപ്പ് മരം, പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ വലത് ഭാഗത്തുള്ള കല്ല്, മണ്ണ് എന്നിവ ജൂണ്‍ നാലിന് രാവിലെ 11 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ അറിയിച്ചു.

വാഹന ലേലം

ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ജില്ലാ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാന്‍ഡന്റ് ഓഫീസില്‍ സൂക്ഷിച്ച നാല് വകുപ്പ് വാഹനങ്ങള്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.ഫോണ്‍-0491 2536700

ലേലം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ.പോളിടെക്നിക് കോളേജിലെ കെട്ടിട നിര്‍മ്മാണ സ്ഥലത്തുള്ള മരങ്ങള്‍ ജൂണ്‍ പത്തിന് രാവിലെ 11ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂണ്‍ 9 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് നാല് വരെ നല്‍കാം. 1500 രൂപയാണ് നിരതദ്രവ്യം.ഫോണ്‍: 0466- 2220450

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

പറളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത്  പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമകള്‍ മുറിച്ച് മാറ്റണമെന്ന് സെക്രട്ടറി  അറിയിച്ചു. അല്ലാത്ത പക്ഷമുണ്ടാകുന്നല്ലാ  നഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(20)(v) പ്രകാരം ഉടമസ്ഥര്‍ മാത്രമായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഫോണ്‍-0491 2856231

താത്കാലിക നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചിണ്ട ക്കിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളിലേക്ക് ഹെഡ്മിസ്ട്രസ് (ഒന്ന് ),എച്ച്. എസ്.ടി മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബയോളജി, ഹിന്ദി (ഏഴ് ), യു. പി.എസ്. ടി ( മൂന്ന് ), ഐ.ടി ഇന്‍സ്ട്രക്ടര്‍ ( ഒന്ന്), ഫിസിക്കല്‍ എജ്യുക്കേഷന്‍ (ഒന്ന് ) തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ മൂന്നിന് രാവിലെ പത്തിന് അഗളി സംഘം ഹെഡ് ഓഫീസില്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ -04924 254227

error: Content is protected !!