സംരംഭകത്വ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഇനങ്ങളിലൂടെ വരുമാന സാധ്യതയും കൂടുതല്‍ ലാഭവും നേടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ കൂടുതലായി കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ നിരവധി സംരംഭക സാധ്യതകള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ദ്ധിത നിര്‍മ്മാണത്തിന് പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ഇലക്ട്രിസിറ്റിയില്‍ ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.
‘എന്റെ സംരംഭം നാടിന്റെ അഭിമാനം ‘പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങളിലൂടെ നാല് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ 12,724 സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നിലവില്‍ 612 സംരംഭങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതിന് 103 ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ ആദ്യഘട്ട പൊതു ബോധവത്ക്കരണ പരിശീലനത്തില്‍ ആറായിരത്തോളം പേര്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭം തുടങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്കായി ബോധവത്ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്തു.സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ലൈസന്‍സ് / ലോണ്‍ / സബ്സിഡി മേളകള്‍ നടത്തി സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള ലൈസന്‍സ് , ലോണ്‍, സബ്സിഡി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക്കയാണ് ക്യാമ്പയിനുകളിലൂടെ ലക്ഷ്യമിടുന്നത്.
പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായ പരിപാടിയില്‍ എ. ഡി. എം കെ.മണികണ്ഠന്‍,ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജും ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി ജില്ലാതല മോണിറ്ററിങ് സമിതി കണ്‍വീനറുമായ കെ. പ്രശാന്ത് ,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എ.എം.സുമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഗോപിനാഥന്‍, ലീഡ് ബാങ്ക് മാനേജര്‍ പി. ആര്‍ ശ്രീനാഥ്, കെ.എസ്.എസ്.ഐ.എ സെക്രട്ടറി സുനില്‍ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടകരപ്പതി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളച്ചിയമ്മന്‍ കുളത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പ്രദേശത്തെ അതിരൂക്ഷമായ ഭൂഗര്‍ഭ ജലശോഷണം പരിഹരിക്കാന്‍ ജല സംഭരണ സംരക്ഷണ പദ്ധതികളിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആര്‍.ബി.സി കനാലിന്റെ രണ്ടാം ഘട്ടത്തില്‍ 14 കുളങ്ങള്‍ നിര്‍മിക്കുമെന്നും ഇതില്‍ നിന്ന് മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2021 മാര്‍ച്ചില്‍ ജില്ലയിലെ വരള്‍ച്ചാ നിവാരണ കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് വെള്ളച്ചിയമ്മന്‍ കുളത്തിന്റെ നവീകരണം ആരംഭിച്ചത്. കുളത്തില്‍ അടിഞ്ഞ ചെളി നീക്കം ചെയ്യുക, കുളത്തിന്റെ ആഴം കൂട്ടുക, സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുക, ആവശ്യമുള്ള ഭാഗങ്ങളില്‍ കരിങ്കല്‍/കോണ്‍ക്രീറ്റ് ഉപയോഗിച്ച് പാര്‍ശ്വഭിത്തി, കയര്‍ ഭൂവസ്ത്രം, ചെക്ക് ഡാം, ജലത്തിന്റെ ആഗമന ബഹിര്‍ഗമന സംവിധാനങ്ങള്‍, ജനങ്ങള്‍ക്ക് കുളിക്കുന്നതിനായി രണ്ട് മീറ്റര്‍ വീതിയുള്ള പടവുകള്‍ എന്നിവയാണ് നവീകരണത്തില്‍ പൂര്‍ത്തീകരിച്ചത്. കുളം നവീകരണത്തിലൂടെ 125 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാനായി. സംഭരിച്ച ജലം കൃഷിക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം. സമീപ പ്രദേശത്തെ 150 ഓളം കിണറുകളിലെ ജലവിതാനം വര്‍ദ്ധിപ്പാനും ഇതുവഴി സാധിക്കും.
വടകരപ്പതി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷനായി. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വിജയന്‍, ബേബി, കുഴന്തെ രാജന്‍, ചിന്ന സ്വാമി, ഐശ്വര്യ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ എ വിശ്വനാഥന്‍, ഫാദര്‍ ആല്‍ബട്ട് ആനന്ദ രാജ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ഇന്ന് (ജൂണ്‍ 14) രാവിലെ 9 .30 ന് ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മലമ്പുഴ ആശ്രമം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491-2815894
അട്ടപ്പാടിയില്‍ ആരംഭിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സി.ബി.എസ്.സി) സ്‌കൂളിലേക്ക് ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, ആയ , ഇലക്ട്രീഷന്‍ കം പ്ലംബര്‍ , സെക്യൂരിറ്റി തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ഇന്ന് (ജൂണ്‍ 14) രാവിലെ 10 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ നടക്കും. അഭിമുഖത്തിന് അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂണ്‍ 16 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം നല്‍ക്കുക. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 049128 15454 , 91885 22713 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍. സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സ് കാലാവധി. കോഴ്സിന് ഭാഗികമായി ഇന്റണ്‍ഷിപ്പ്, പ്രൊജക്റ്റ് വര്‍ക്ക് ഉണ്ടായിരിക്കും. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 നകം ലഭിക്കണം. ഫോണ്‍ -9946740888
എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സംഗ്രാന്റ്, പ്രൈമറി,സെക്കന്‍ഡറി എജുക്കേഷന്‍ എയിഡ് വിതരണം ചെയ്യുന്നതിന് ജില്ലയിലെ എല്‍.പി, യു.പി ഹൈസ്‌കൂള്‍ പ്രധാന അധ്യാപകര്‍ ഇ ഗ്രാന്‍ന്റ്സ് 3.0 വെബ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ ഫോര്‍വേര്‍ഡ് ചെയ്യണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 30 നകം ലംപ്സംഗ്രാന്റ് വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.ഫോണ്‍ -0491 2505005
വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകള്‍ തിരയുന്നവര്‍ക്കും മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്ന്(ജൂണ്‍ 14) രാവിലെ പത്തിന് നടക്കും. ക്ലാസ് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, കാസര്‍ഗോഡ് ജില്ലാ ജയില്‍ സൂപ്രണ്ട് മന്‍സൂറലി കാപ്പുങ്ങല്‍ എന്നിവര്‍ നയിക്കും. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ക്ലാസ്സില്‍ പങ്കെടുക്കാം. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് പി.പി.സുമോദ് എം.എല്‍.എ നേതൃത്വം നല്‍കും.
ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 17,18 തീയതികളില്‍ തൃശ്ശൂര്‍,പാലക്കാട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി ‘ശുദ്ധമായ പാലുല്പാദനം’ വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. 20 രൂപയാണ് പ്രവേശന ഫീസ്.ആധാര്‍ കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.താത്പര്യമുള്ളവര്‍ ജൂണ്‍ 16 ന് വൈകിട്ട് അഞ്ചിനകം [email protected] , [email protected] ലോ 04922 226040, 9446972314 ലോ രജിസ്റ്റര്‍ ചെയ്യണം.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഓംബുഡ്സ് പേഴ്സണ്‍ ജൂണ്‍ 20ന് രാവിലെ 11ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, പൊതുജനങ്ങള്‍,ജനപ്രതിനിധികള്‍ക്
ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഊര്‍ജ്ജതന്ത്രം വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു.എം.എസ്.സി ഫിസിക്ക്സ്, നെറ്റ്, പി.എച്ച്.ഡിയാണ് യോഗ്യത.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷ / കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.