പത്തനംതിട്ട : സംരക്ഷിത വനത്തോട് ചേർന്ന ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം അടിയന്തിരമായി നിയമനിർമാണം നടത്തി ജനങ്ങളെ സംരക്ഷിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോടതി വിധി മലയോര മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ,വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ,തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളും, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും ഉത്തരവ് പ്രകാരം ബഫർ സോൺ മേഖലയാകും.
സുപ്രീം കോടതി ഉത്തരവ് തിരുത്തിക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്തുന്നതിന് പകരം യുഡിഎഫും, കോൺഗ്രസും സംസ്ഥാന സർക്കാരിനെതിരെ പ്രചരണം നടത്തുന്നത് ജനങ്ങളെ വഞ്ചിക്കാനാണ്. യുഡിഎഫിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും.
പരിസ്ഥിതിസംരക്ഷണത്തിന്റെ മറവിൽ കർഷകജനതയെ കുടിയേറ്റമണ്ണിൽ നിന്നും അന്യവൽക്കരിക്കാൻ ഗാഡ്ഗിൽ കസ്തൂരി രംഗൻ കമീഷനുകളെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ സര്‍ക്കാരാണ്. 2011ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ജയറാം രമേശ് വനം, പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ആദ്യ ഉത്തരവ് . ഇത് നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവായത്.
സംരക്ഷിത വനപ്രദേശത്തിന് ചുറ്റും 10 കിലോമീറ്റർ പരിസ്ഥിതി സംരക്ഷണമേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായിരുന്നു 2011ല്‍ കോൺഗ്രസ് സർക്കാരിന്റെ ഉത്തരവ്. 10 കിലോമീറ്റർ ചുറ്റളവിൽ തീവ്ര ജനവാസകേന്ദ്രത്തിൽ 26 ഇന നിയന്ത്രണങ്ങൾ നടപ്പാക്കാൻ പദ്ധതി തയ്യാറാക്കണമെന്നും ഉത്തരവിലുണ്ട്. പരിസ്ഥിതി കോട്ടകെട്ടി വളരെ ചെറിയ ഭൂപ്രദേശമായ കേരളത്തിന്റെ വികസനത്തെ വരിഞ്ഞുമുറുക്കുന്ന ഉത്തരവുകളാണ് രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നത്.
എന്നാല്‍ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ബഫർസോൺ നിർണയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് 2021ൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്
സംസ്ഥാന സർക്കാര്‍ റിപ്പോർട്ട് നൽകിയത്. വനവും ജനവാസ മേഖലയും കൃത്യമായി വേർതിരിച്ചാണ് സർക്കാർ റിപ്പോർട്ട് കൈമാറിയത്. ഇതനുസരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനത്തിന് പരിഗണിക്കുന്നതിനിടയിലാണ്, സുപ്രീംകോടതി വിധി.
ഒരുവർഷം മുമ്പേ കേരളം ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കി സമഗ്ര റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളം പുതിയതായി ഒന്നും നൽകേണ്ട. സമഗ്ര റിപ്പോർട്ട് നൽകിയതിനാൽ പ്രത്യേക പരിഗണനയും നിയമപരിരക്ഷയും സംസ്ഥാനത്തിന് ലഭിക്കും.
യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചാരണം
2019ൽ ബഫർസോൺ ഒരു കിലോമീറ്ററാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന് ചില മാധ്യമങ്ങളും യുഡിഎഫും കളളപ്രചാരണം നടത്തുകയാണ്. 2018ലെ പ്രളയത്തെ തുടർന്ന് മൂന്നു മുതൽ അഞ്ചു കിലോമീറ്റർ വരെ ബഫർസോൺ വേണമെന്ന് കേന്ദ്രം നിലപാടെടുത്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരേക്കർ ബഫർസോൺ എന്ന നിലയിൽ വനംവകുപ്പ് തയ്യാറാക്കി നൽകിയ ക്യാബിനറ്റ് നോട്ട് കരട് വിജ്ഞാപനത്തില്‍ ശുപാർശയായി അംഗീകരിച്ച് താഴെതലത്തില്‍ ചർച്ചചെയ്ത് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ മിനിട്സിന്റെ പകർപ്പെടുത്താണ് ഒരുകിലോമീറ്റാക്കി 2019ൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന് വ്യാജപ്രചാരണം നടത്തുന്നത്.
കേന്ദ്രം അടിയന്തിരമായി നിയമനിർമാണം നടത്തി മലയോരമേഖലയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ക്യാപ്റ്റനായ പ്രക്ഷോഭ ജാഥ ജൂൺ 22ന് പമ്പാവാലിയിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും.23 ന് സീതത്തോട്, പെരുനാട് 24 ന് തണ്ണിത്തോട്,ചിറ്റാർ 25ന് അരുവാപ്പുലം പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തും.എസ്.ഹരിദാസ്, ശ്യാംലാൽ തുടങ്ങിയവർ ജാഥാ മാനേജർമാരായിരിക്കും. സമാപന സമ്മേളനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാനം ചെയ്യും.