പത്തനംതിട്ട : കുറിയന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന്, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ
പ്രതികളെയും കോയിപ്രം പോലീസ് പിടികൂടി.
അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി അയിരൂർ തടിയൂർ കാണതാട്ടത്ത് വീട്ടിൽ പ്രസാദിന്റെ മകൻ അഖിൽ പ്രസാദ് 28, നാലാം പ്രതി അയിരൂർ വെള്ളിയറ പ്ലാച്ചേരി വീട്ടിൽ ചന്ദ്രന്റെ മകൻ രാം കുമാർ പി ചന്ദ്രൻ (29), അഞ്ചാം പ്രതി തടിയൂർ ഇടത്രാമൺ കിഴക്കേപള്ളിയിൽ വീട്ടിൽ
സുനിലിന്റെ മകൻ സുനീഷ് പി സുനിൽ (31) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
ഞായർ രാത്രി മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോയ കോയിപ്രം പുല്ലാട് കൊണ്ടൂർ
വീട്ടിൽ നൈജിൽ കെ ജോണിനെതിരെയാണ് വധശ്രമം ഉണ്ടായത്. വഴിയരികിൽ ബൈക്ക് നിർത്തി കാത്തുനിന്ന പ്രതികൾ, മാരാമൺ ശില്പ ഫർണിച്ചർ കടയുടെ മുൻവശം റോഡിൽ വച്ച്
കൈകാണിച്ച് നിർത്തിച്ചശേഷം, ആക്രമിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് മരിച്ചുവെന്ന് കരുതി, ഓടയിൽ തള്ളിയശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ
മധുകർ മഹാജൻ IPS ന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയതിനെതുടർന്ന് ഒന്നാം പ്രതി അരുൺ ശശി, മൂന്നാം പ്രതി അമൃതാനന്ദ് എന്നിവരെ പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു ഒന്നാം പ്രതി അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പൂവത്തൂരിൽ നിന്നും
കണ്ടെടുക്കുകയുമുണ്ടായി. പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ അനൂപ്, എ എസ് ഐ വിനോദ് കുമാർ, ഷിറാസ്, സി പി ഓമാരായ ബിലു, ശ്രീജിത്ത്, സാജൻ എന്നിവരടങ്ങിയ
അന്വേഷണസംഘം . ബാക്കി പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് ബാക്കി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നാലാം പ്രതിയേയും അഞ്ചാം പ്രതിയെയും ഇന്നലെ രാത്രിയും, രണ്ടാം പ്രതിയെ ഇന്ന് രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി അടിക്കാൻ ഉപയോഗിച്ച സ്ക്വയർ പൈപ്പ്, ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടന്ന സ്ഥലത്തെ റോഡിന്റെ ഓടയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച രണ്ട് മോട്ടോർ സൈക്കിളുകളും സ്കൂട്ടറും ബന്തവസ്സിലെടുക്കുകയും ചെയ്തു.